കൊച്ചി/തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം മന്ത്രിപുത്രനും കോടികള്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം സംസ്ഥാന സര്‍ക്കാരിനു തലവേദനയാകുന്നു. ലൈഫ് മിഷന്‍ പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനു കരാര്‍ കിട്ടാന്‍ യൂണിടെക്ക് നല്‍കിയ നാലു കോടിയിലൊരു പങ്ക് മന്ത്രി പുത്രനും ലഭിച്ചെന്ന വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
അതിനിടെ കമ്മീഷന്‍ തട്ടിയത് മന്ത്രി ഇ.പി ജയരാജന്റെ മകനാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ സ്വപ്‌നയ്‌ക്കൊപ്പം മന്ത്രിപുത്രന്‍ നില്‍ക്കുന്നതിന്റെ 24 ചിത്രങ്ങള്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന. മന്ത്രിപുത്രനെ എന്‍.ഐ.എ. ചോദ്യം ചെയ്യും. ദുബായ് യാത്രകളും പരിശോധിക്കും. കമ്മീഷന്‍ സംബന്ധിച്ച് കെട്ടിട നിര്‍മാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മന്ത്രി പുത്രന് എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മന്ത്രി ഇ.പി. ജയരാജന്റെ മകനും സ്വപ്‌ന സുരേഷുമായുള്ള ബന്ധമെന്താണെന്ന് സി.പി.എം. വെളിപ്പെടുത്തണമെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി കൈരളി ചാനല്‍ സി.ഇ.ഒ: ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷന്‍ ലഭിച്ചെന്നാണ്.
ഒരു കോടി സ്വപ്നയ്ക്കു ലഭിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ബാക്കി പണം ആര്‍ക്കൊക്കെ എവിടെവച്ച് നല്‍കിയെന്ന് കൈരളി ചാനല്‍ വെളിപ്പെടുത്തണം. മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത് അന്വേഷണം ശരിയായ വഴിയിലാണെന്നാണ്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നേതൃത്വവും ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ രംഗത്തു വന്നിരിക്കുന്നു.- സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്ന സുരേഷ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഒരു നഴ്‌സിന്റെ ഫോണില്‍നിന്ന് ചിലരെ ബന്ധപ്പെട്ടതായി അറിയുന്നു.
ഇവര്‍ ആരെ വിളിച്ചു, എന്തിന് വിളിച്ചു എന്ന് കണ്ടെത്തണം. സ്വപ്നയെ ചോദ്യം ചെയ്യാന്‍ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെ മന്ത്രിസഭയില്‍നിന്ന് മാറ്റാന്‍ പിണറായി വിജയന് ഭയമാണെന്നും മന്ത്രി ജലീലിനെ മാറ്റിയാല്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ കൂടി മാറ്റേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
from mangalam.com https://ift.tt/2ZzJJYq
via IFTTT
No comments:
Post a Comment