തൃശ്ശൂർ: നെടുപുഴ കസ്തൂർബാ വൃദ്ധമന്ദിരത്തിൽ മാസങ്ങൾക്കുമുമ്പ് ഒരുദിവസം. പത്രത്തിൽ രാഹുൽ ഗാന്ധിയുടെ ഫോട്ടോയിൽ തലോടി 75 വയസ്സുള്ള രതി കവീന അനിയത്തി ധൻ കവീനയോടു പറഞ്ഞു -ധൻ, ഇവൻ നമ്മുടെകൂടി രക്തമാണ്. ഇത് കേൾക്കാനിടയായ മറ്റൊരു അന്തേവാസിയായ രാധാമണി ചോദിച്ചു: എന്തേ ഇങ്ങനെ പറയാൻ. മറുപടി രണ്ടുപേരും ഒന്നിച്ചാണ് പറഞ്ഞത് -രാഹുലിന്റെ മുത്തച്ഛൻ ഫിറോസ് ഗാന്ധി ഞങ്ങളുടെ അമ്മാവന്റെ സ്ഥാനത്തുവരും. കൃത്യമായി പറഞ്ഞാൽ ഈ സ്ത്രീകളുടെ അമ്മൂമ്മയുടെ സഹോദരന്റെ മകനാണ് ഫിറോസ്. പൂങ്കുന്നത്തെ സീതാറാം മിൽ തുടങ്ങിയപ്പോൾ 1944-ൽ അഹമ്മദാബാദിൽനിന്ന് പ്രത്യേകം വരുത്തിയ സ്പിന്നിങ് മാസ്റ്ററായ പദംഷാ കവീനയുടെയും ഗൂലിന്റെയും മക്കളാണിവർ. ഗൂലിന്റെ അമ്മ ഹീരാഭായിയുടെ സഹോദരൻ ജഹാംഗീർ ഫെർദോന്റെ മകനാണ് ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി. ഗുജറാത്തിലെ വേരുകളെക്കുറിച്ച് അമ്മയിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. കുട്ടികളായിരുന്നപ്പോൾ അഹമ്മദാബാദിൽ പോയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്ത് നെഹ്രു വന്നപ്പോൾ സഹോദരനൊപ്പം കാണാൻപോയിരുന്നു. പദംഷായും ഗൂലും പൂങ്കുന്നത്തെത്തുമ്പോൾ ഒരു വയസ്സുള്ള മകൻ സൊറാബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് രതിയും ധൻനും പിറക്കുന്നത്. കെ. കരുണാകരൻ ഇവരുടെ കുടുംബസുഹൃത്തായിരുന്നു. സൊറാബിനും രതിക്കും ധൻനും കരുണാകരൻ അങ്കിൾ ആയിരുന്നു. സൊറാബ് കേരളവർമ കോളേജിൽനിന്ന് ബി.കോമും രതി സെയ്ന്റ് മേരീസ് കോളേജിൽനിന്ന് ബി.എസ്സി.യും ധൻ വിമല കോളേജിൽനിന്ന് ബി.എ.യും ജയിച്ചു. അക്കാലത്ത് തൃശ്ശൂരിലെ ഏക പാഴ്സികുടുംബമായിരുന്നു ഇവരുടേത്. ചേട്ടന് പാഴ്സി വധുവിനെയും ഞങ്ങൾക്ക് പാഴ്സി വരന്മാരെയും കിട്ടാത്തതിനാൽ മൂവരും അവിവാഹിതരാണെന്ന് ഇവർ പറയുന്നു. സൊറാബിന് തുണിവ്യവസായത്തിലെ ഉപകരണങ്ങളുടെ ബിസിനസായിരുന്നു. 1990-ൽ അമ്മയും 93-ൽ അച്ഛനും മരിച്ചു. സൊറാബ് പൂങ്കുന്നത്ത് അഞ്ച് സെന്റ് വാങ്ങി വീടുവെച്ചു. 2009-ൽ സൊറാബ് മരിച്ചശേഷവും സഹോദരിമാർ ഇവിടെ തുടർന്നു. കൂട്ടിന് രണ്ട് നായകളും 24 പൂച്ചകളും. 2019 മേയിലാണ് കസ്തൂർബാ കേന്ദ്രത്തിലെത്തിയത്. രണ്ടുപേരും സ്ഥാപനത്തിന് ഒരാവേശമാണെന്ന് കസ്തൂർബാ കേന്ദ്രം കേരള പ്രതിനിധി കെ. ശാരദ, ഉപപ്രതിനിധി എം. പദ്മിനി എന്നിവർ പറഞ്ഞു. Content Highlights:Rathi Kaveena says about her relation with Priyanka Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2Z8Bhz6
via
IFTTT
No comments:
Post a Comment