തീവണ്ടിയുടെ ആവി എൻജിന്റെ ഹോണടി ശബ്ദമാണ് കൂ കൂ വിളി. ഇന്ന് ആവി എൻജിൻ അഥവാ കൽക്കരി എൻജിൻ കേരളത്തിൽ ഓടുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തീവണ്ടികൾ പഴയതുപോലെ കൂവിവിളിക്കുന്നുമില്ല. ഇപ്പോഴുള്ള ഡീസൽ എൻജിനുകൾക്കും ഇലക്ട്രിക് എൻജിനുകൾക്കും ബസിന്റേതിനു സമാനമായ വലിയ ശബ്ദത്തിലുള്ള ഹോണുകളാണ് ഉള്ളത്. തീവണ്ടി എൻജിനുകൾക്ക് ലോക്കോ എന്നും പറയും. ഇന്ത്യയിൽ ആദ്യമായി യാത്രാതീവണ്ടി ഓടിയത് 1853-ൽ. മൂന്ന് ആവി എൻജിനുകൾ ഘടിപ്പിച്ച തീവണ്ടി മുംബൈയ്ക്കടുത്ത ബോറി ബന്ദറിൽനിന്ന് 34 കിലോമീറ്റർ അകലെയുള്ള താെനയിലേക്ക് ഓടി. 1925-ൽ ഇലക്ട്രിക് എൻജിനും 1957-ൽ ഡീസൽ എൻജിനും ഇന്ത്യയിൽ ഓടാൻതുടങ്ങി. ആവി എൻജിൻ കൽക്കരി കത്തിച്ച് വെള്ളം തിളപ്പിച്ച് നീരാവി ഉണ്ടാക്കി, ആവിയന്ത്രം ഉപയോഗിച്ചാണ് കരിവണ്ടി ഓടുന്നത്. പുകമലിനീകരണം, വേഗക്കുറവ് എന്നിവയാണ് ആവി എൻജിന്റെ പ്രധാന ന്യൂനതകൾ. ഡീസൽ, ഇലക്ട്രിക് എന്നീ വേഗംകൂടിയ എൻജിനുകളുടെ വരവോടെ ഇന്ത്യൻ റെയിൽവേയിൽനിന്ന് ആവി എൻജിനുകൾ പുറത്തായി. തൊണ്ണൂറുകളുടെ തുടക്കത്തിൽ പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ ആവി എൻജിനും വിടവാങ്ങിയതോടെ കേരളത്തിൽനിന്ന് ആവി എൻജിൻ പൂർണമായും അപ്രത്യക്ഷമായി. ദക്ഷിണ റെയിൽവേയിലെ സേലം ഡിവിഷനിലെ നീലഗിരി മലയോര തീവണ്ടിപ്പാതയിലെ മേട്ടുപ്പാളയം കൂനൂർ ഭാഗത്ത് ഇപ്പോഴും ആവി എൻജിൻ ഉപയോഗിക്കുന്നുണ്ട്. അവിടെ കരി കത്തിച്ചോ ഫർണസ് ഓയിൽ കത്തിച്ചോ ആണ് ആവി എൻജിൻ ഓടിക്കുന്നത്. വിനോദയാത്രക്കാർക്കായി റെയിൽവേ ഓടിക്കുന്ന അപൂർവം ചില ആഡംബര തീവണ്ടികൾക്ക് ഇപ്പോഴും പഴയ ആവി എൻജിൻ ഉപയോഗിക്കുന്നുണ്ട്. ഡീസൽ എൻജിൻ വേഗവും ഉപയോഗിക്കാനുള്ള സൗകര്യവുംകൊണ്ട് ഡീസൽ എൻജിൻ പെട്ടെന്നുതന്നെ ആവി എൻജിനെ പുറന്തള്ളി. ഏതു പ്രദേശത്തും ഏതു കാലാവസ്ഥയിലും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഡീസൽ എൻജിന് കഴിയും. ഡീസൽ എൻജിൻ രണ്ടുതരത്തിലുണ്ട്. ഡീസൽ ഹൈഡ്രോളിക് എൻജിനും ഡീസൽ ഇലക്ട്രിക് എൻജിനും. ഇപ്പോൾ കേരളത്തിലൂടെ ഓടുന്ന എല്ലാ ഡീസൽ എൻജിനുകളും ഡീസൽ ഇലക്ട്രിക് എൻജിനുകളാണ്. ഇലക്ട്രിക് എൻജിൻ ഡീസൽ എൻജിനുകൾക്കു മുമ്പേതന്നെ ഇന്ത്യയിൽ ഇലക്ട്രിക് എൻജിനുകൾ ഓടാൻ തുടങ്ങിയെങ്കിലും അത് മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ ഒതുങ്ങി. ഇലക്ട്രിക് എൻജിനുകൾ ഓടാൻ ചെലവുകൂടിയ വൈദ്യുതശൃംഖല (electrified overhead equipment) ആവശ്യമായതിനാലായിരുന്നു അത്. 25,000 വോൾട്ട് എ.സി. വൈദ്യുതിയിൽ ആണ് ഇലക്ട്രിക് എൻജിനുകൾ പ്രവർത്തിക്കുന്നത്. വൈദ്യുതീകരണത്തിനുള്ള പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും കുറഞ്ഞ പരിപാലനച്ചെലവും ഉയർന്ന വേഗവും പരിസ്ഥിതിസൗഹൃദ പ്രകടനവുംമൂലം ഇലക്ട്രിക് എൻജിനുകൾ ഇന്ത്യയിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഷൊർണൂർ-നിലമ്പൂർ, കൊല്ലം-ചെങ്കോട്ട, പാലക്കാട്-പൊള്ളാച്ചി എന്നീ അപ്രധാന പാതകൾ ഒഴികെയുള്ള കേരളത്തിലെ എല്ലാ തീവണ്ടിപ്പാതകളും ഇപ്പോൾ വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ട്. നിർമാണശാലകൾ ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ട എൻജിനുകളിൽ ചില മോഡലുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പിന്നീടുള്ള പതിപ്പുകൾ ഉൾപ്പെടെ ബാക്കി എല്ലാ എൻജിൻ നിർമാണവും ഇവിടെത്തന്നെയാണ്. ഡീസൽ എൻജിനുകൾ ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിലും ഇലക്ട്രിക് എൻജിനുകൾ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിലുമാണ് നിർമിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് തീവണ്ടി എൻജിനുകൾ ഉണ്ടാക്കുന്നത് ചിത്തരഞ്ജൻ ഫാക്ടറിയിൽനിന്നാണ്. ഇപ്പോൾ ഒരുവർഷം നാന്നൂറിലധികം എൻജിനുകൾ അവിടെ നിർമിക്കുന്നുണ്ട്. എൻജിന്റെ വില തദ്ദേശീയമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു WAP7 ഇലക്ട്രിക് എൻജിന് ഏകദേശം പതിമ്മൂന്ന് കോടി രൂപ വിലവരും. എൻജിനുകളുടെ തരം അനുസരിച്ച് വിലയിൽ മാറ്റം ഉണ്ടാകും. ലോക്കോ നമ്പർ തീവണ്ടി എൻജിന്റെ മുകളിൽ ഒരു അഞ്ചക്കസംഖ്യ വലുതായി എഴുതിവെച്ചത് കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടോ? അത് തീവണ്ടിയുടെ നമ്പർ ആയി ചിലർ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, അത് എൻജിന്റെ നമ്പർ അഥവാ ലോക്കോ നമ്പർ മാത്രമാണ്. ഇതുകൂടാതെ, എൻജിന്റെ താഴെ മൂന്നക്ക ഇംഗ്ലീഷ് വലിയ അക്ഷരവും പിന്നീട് ഒരു സംഖ്യയും കാണാം. ഇത് എൻജിൻ ടൈപ്പ് ആണ്. ഉദാഹരണത്തിന് ചുവന്ന നിറത്തിലുള്ള ഇലക്ട്രിക് എൻജിനിൽ WAP4 എന്ന് എഴുതിയിട്ടുണ്ടാകും. ഇതിൽ ആദ്യ അക്ഷരമായ W റെയിൽപ്പാളത്തിന്റെ ഗേജിനെ (രണ്ട് റെയിലുകൾ തമ്മിലുള്ള അകലം) സൂചിപ്പിക്കുന്നു. W എന്നാൽ ബ്രോഡ് ഗേജ് (1.67 മീറ്റർ) ആണ്. Y ആണെങ്കിൽ മീറ്റർ ഗേജ് (ഒരുമീറ്റർ). കേരളത്തിൽ ഇപ്പോൾ ബ്രോഡ് ഗേജ് റെയിൽപ്പാത മാത്രമേയുള്ളൂ. രണ്ടാമത്തെ അക്ഷരം A ആണെങ്കിൽ ഇലക്ട്രിക് എൻജിനും (alternative current), D ആണെങ്കിൽ ഡീസൽ എൻജിനും (diesal) ആണ്. മൂന്നാമത്തെ അക്ഷരം അത് യാത്രാ എൻജിനോ ചരക്ക് എൻജിനോ എന്ന് കാണിക്കുന്നു. P ആണെങ്കിൽ യാത്രാ എൻജിൻ (passenger), G ആണെങ്കിൽ ചരക്ക് എൻജിൻ (goods). M ആണെങ്കിൽ അത് രണ്ടിനും ഉപയോഗിക്കും (mixed). ഷണ്ടിങ്ങിന് മാത്രം ഉപയോഗിക്കുന്ന എൻജിനുകളിൽ ഇത് S എന്നായിരിക്കും. പിന്നീട് കാണുന്ന സംഖ്യ എൻജിൻ മോഡലിന്റെ പതിപ്പ് (version) ആണ്. അപ്പോൾ WDP4 എൻജിൻ, ബ്രോഡ് ഗേജ് ഡീസൽ യാത്രാ എൻജിന്റെ നാലാം പതിപ്പ് ആണ്. അതുപോലെ, WDM3 എന്നാൽ യാത്രാ ആവശ്യത്തിനും ചരക്ക് ആവശ്യത്തിനും ഉപയോഗിക്കുന്ന ഡീസൽ ബ്രോഡ് ഗേജ് എൻജിന്റെ മൂന്നാംപതിപ്പ് ആണ്. അവസാന ബോഗിയാണെന്ന് കാണിക്കുന്നതിനായി യാത്രാത്തീവണ്ടികളുടെ പിറകിൽ X ചിഹ്നം ഇടാറുണ്ട്. LV എന്നത് ലാസ്റ്റ് വെഹിക്കിൾ എന്നതിന്റെ ചുരുക്കരൂപമാണ് • # തയ്യാറാക്കിയത്: പി.പി. ജനാർദനൻ THE STORY OF IDOMS EASY ENGLISH ആംഗലേയഭാഷ മനോഹരമായ നിരവധി ശൈലികളാൽ സമ്പുഷ്ടമാണ്. ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ചില ശൈലികൾ നിങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞു. അത്തരം ശൈലികൾക്കുപിന്നിൽ രസകരമായ കഥകളുണ്ട്. അവയെക്കുറിച്ചാണ് ഈ കുറിപ്പ്. (മുൻലക്കത്തിന്റെ തുടർച്ച) Raining cats and dogs: Raining incessantly E.g.: There is no way to play cricket now as it is raining cats and dogs. ദുർമന്ത്രവാദിനികൾ ഒരിക്കൽ പൂച്ചകളായി രൂപാന്തരം പ്രാപിച്ച് ആകാശത്ത് അലറിവിളിച്ച് നടന്നു. സ്കാന്റിനേവിയൻ പുരാണത്തിലെ വായുദേവനായ ഒഡീനിന്റെ നായ്ക്കളുടെ കാതുകളിൽ ഈ ബഹളമെത്തി. കലികയറിയ നായ്ക്കൾ ബഹളംവെച്ച ആ പൂച്ചകളെ തുരത്തി. ഭയന്നുപോയ പൂച്ചകൾ തങ്ങൾ ദുർമന്ത്രവാദിനികൾ ആണെന്നകാര്യം ഒരുവേള മറന്നുപോവുകയും ഭൂമിയിലേക്ക് കടന്നുകളയാൻ തീരുമാനിക്കുകയും ചെയ്തു. ഭൂമിയിലേക്ക് എത്തിയ പൂച്ചകളുടെ പിന്നാലെ നായ്ക്കളും എത്തി. ഭൂമിയിൽ അത്യപൂർവമായ ഈ കാഴ്ച കണ്ടുനിന്നവർ 'പൂച്ചകളും നായ്ക്കളും പെയ്തു' എന്ന് പറഞ്ഞു. കനത്ത മഴയെ സൂചിപ്പിക്കുന്നതാണ് ഈ ശൈലി. Straight from the horses mouth: information which is reliable since it comes directly from the original source E.g.: It is hard to believe that she did it. I am planning to go and ask her so that I can hear it straight from the horses mouth. നൂറ്റാണ്ടുകൾക്കുമുമ്പ് ആളുകൾക്ക് കുതിരകളെ വാങ്ങുമ്പോൾ അതിന്റെ ഗുണം നിശ്ചയിക്കേണ്ടത് എങ്ങനെയെന്നതിനെ സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല. വയസ്സ് മാത്രം അടിസ്ഥാനമാക്കി ഒരു കുതിര ആരോഗ്യവാനാണോ എന്ന് നിർണയിക്കാൻ സാധിക്കുമായിരുന്നില്ല. അതിന്റെ തൊലി, പേശികൾ, നടപ്പുരീതി എന്നിവയെല്ലാം ആരോഗ്യത്തെ സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. യാദൃച്ഛികമായി ഒരു കുതിരവ്യാപാരി കുതിരയുടെ പല്ലും ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒരു അപാകവും ഇല്ലാത്ത പല്ലുകൾ പൂർണ ആരോഗ്യവാനായ കുതിരയുടെ ലക്ഷണമാണെന്നായിരുന്നു അയാളുടെ നിഗമനം. 'കുതിരയുടെ ആരോഗ്യത്തെ സംബന്ധിച്ച് അറിയണമെങ്കിൽ നേരിട്ട് അതിന്റെ വായിൽ നിന്നും മനസ്സിലാക്കൂ' എന്ന ശൈലി നിലവിൽവന്നു. To be a cats paw: Become a person who does the ditry work for another E.g.: Poor people easily become a cats paw in the hands of certain cunning politicians. ബുദ്ധിമാനായ ഒരു കുരങ്ങൻ ഒരിക്കൽ കുറെ ചെസ്നട്ട് (ഒരു തരം കായ) ചുട്ടുതിന്നാൻ തീരുമാനിച്ചു. അന്തരീക്ഷമാകെ ചെസ്നട്ട് ചുടുന്നതിന്റെ ഭ്രമിപ്പിക്കുന്ന ഗന്ധം പരന്നു. തിന്നാൻ പാകമായപ്പോൾ തീയിൽനിന്നും അതെടുക്കേണ്ടത് എങ്ങനെയെന്ന് അവനറിയില്ലായിരുന്നു. അതുവഴിവന്ന ഒരു പൂച്ച ചെസ്നട്ടിൽ കണ്ണുനട്ട് അവിടെ ഇരിപ്പുറപ്പിച്ചു. ''ചെസ്നട്ട് വേണമെങ്കിൽ തീയിൽനിന്നും എടുത്തുകൊള്ളുക'' -കുരങ്ങൻ പറഞ്ഞു. കൗശലക്കാരനായ കുരങ്ങൻ സൂത്രത്തിൽ ചെറിയ ബലപ്രയോഗത്തിലൂടെ പൂച്ചയെക്കൊണ്ട് തീയിൽനിന്നും ചെസ്നട്ട് എടുപ്പിച്ചു. ആഹ്ലാദത്തോടെ കുരങ്ങൻ ചുട്ട ചെസ്നട്ട് ആസ്വദിച്ചു തിന്നുകൊണ്ടിരുന്നപ്പോൾ പാവം പൂച്ച തന്റെ പൊള്ളലേറ്റ കൈ പരിചരിച്ച് അവിടെ ഇരുന്നു. മലയാളത്തിൽ സമാനമായ ഒരു ശൈലിയാണ് 'മറ്റൊരാളുടെ ചട്ടുകമാവുക' എന്നത്. ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ മറ്റൊരു ശൈലികൂടിയുണ്ട്. Never roast your chestnuts for someone else • # തയ്യാറാക്കിയത്: ലിബൻ കെ. കുര്യൻ
from mathrubhumi.latestnews.rssfeed https://ift.tt/3hUbkKL
via
IFTTT
No comments:
Post a Comment