അന്ന് സുന്ദരഗ്രാമം, ഇന്ന് പ്രേതഭൂമി; കണ്ണീർമഴയിലും ചോരയിലും കുതിരുന്ന ഓഗസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 7, 2020

അന്ന് സുന്ദരഗ്രാമം, ഇന്ന് പ്രേതഭൂമി; കണ്ണീർമഴയിലും ചോരയിലും കുതിരുന്ന ഓഗസ്റ്റ്

രാജമല (മൂന്നാർ): മൂന്നുവർഷമായി ഓഗസ്റ്റിന് ചോരയുടെ മണമാണ്. 2018-ൽ ഇടുക്കി അടിമാലിയിലെ പാലവളവിലായിരുന്നു ആദ്യത്തെ ദുരന്തം; കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലും നിലന്പൂരിലെ കവളപ്പാറയിലും. ഈ ദുരന്തങ്ങളുടെ ഓർമയ്ക്ക് ഒന്നും രണ്ടും വയസ്സാകാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, ഇപ്പോൾ പെട്ടിമുടിയും. അവരും ഒരേ പുതപ്പിൽ 2018 ഓഗസ്റ്റ് ഒൻപതിന് പുലർച്ചെയാണ് അടിമാലി പാലവളവിൽ ഉരുൾപൊട്ടിയത്. രണ്ട് പെൺകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് പൊലിഞ്ഞത്. കുത്തിയൊലിച്ചെത്തിയ മലവെള്ളവും മണ്ണും ഇവരുടെ വീടിനെ അപ്പാടെ ഒഴുക്കിക്കൊണ്ടുപോയി. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ അച്ഛനുമമ്മയും രണ്ട് കുഞ്ഞുമക്കളും ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ചുകിടക്കുകയായിരുന്നു. കേരളത്തെ മുക്കിയ പ്രളയത്തിന്റെ തുടക്കവും അന്നുതന്നെയായിരുന്നു. അന്നേദിവസം 22 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത്. ഇടുക്കി അണക്കെട്ട് 26 വർഷത്തിനുശേഷം തുറന്നതും അന്നുതന്നെയാണ്. മൺമറഞ്ഞ നാടുകൾ 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട് പുത്തുമലയിലും നിലമ്പൂർ കവളപ്പാറയിലും ഉരുൾപൊട്ടിയത്. രണ്ട് നാടും പൂർണമായും മണ്ണിനടിയിലായി. പുത്തുമലയിൽ വൈകീട്ടാണ് ഉരുൾപൊട്ടിയത്. കൂറ്റൻ ഉരുൾ പ്രദേശത്തെ മുഴുവൻ തുടച്ചെടുത്തു. 17 പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. കവളപ്പാറയിൽ രാത്രിയിലാണ് ദുരന്തമുണ്ടായത്. അതിഭീകരമായിരുന്നു നാശനഷ്ടം. 59 പേർ മരിച്ചു. ഇതിൽ 11 പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്. അന്ന് സുന്ദരഗ്രാമം ഇന്ന് േപ്രതഭൂമി പെട്ടിമുടി: തേയിലച്ചെടികൾക്കുതാഴെ വനഭംഗി കുടചൂടുന്ന സുന്ദരമായ ലയങ്ങൾ പെട്ടിമുടിയുടെ വ്യത്യസ്തകാഴ്ചയായിരുന്നു. മുഖാമുഖം നോക്കിയായിരുന്നു ആ പത്തുമുറി ലയങ്ങളുടെ കിടപ്പ്. ടാർ ഷീറ്റിട്ട ഒറ്റമുറിവീട്ടിൽ ഏഴുമുതൽ പത്തുവരെ ആളുകൾ ഞെരുങ്ങി താമസിച്ചിരുന്നെങ്കിലും തൊഴിലെടുത്ത് അന്നന്നത്തെ അന്നം കണ്ടെത്തി കഴിഞ്ഞിരുന്നവർ ഇടമലക്കുടിയിലേക്കുള്ള യാത്രികരുടെ ഇടത്താവളവുമൊരുക്കിയിരുന്നു. കുന്ന് കേറിയെത്തുന്നവർ ഇവിടുത്തെ കാന്റീനും ലേബർ ക്ളബ്ബുമൊന്നും മറക്കില്ല. തമിഴ് വംശജരാണ് ഇവിടെ താമസിച്ചിരുന്നവരെല്ലാം. പക്ഷേ അപ്രതീക്ഷിതമായ ദുരന്തം പെട്ടിമുടിയെ കണ്ണീർപുഴയാക്കി. ലയങ്ങൾ എവിടെയെന്നുപോലും തിരിച്ചറിയാനാകുന്നില്ല. മനുഷ്യരുടെ ശബ്ദകോലാഹലം നിറഞ്ഞുനിന്ന ഭൂമിക്കുമേൽ കനത്ത നിശബ്ദത. കാണാതായവരുടെ ബന്ധുക്കളുടെ ദൈന്യതനിറഞ്ഞ മുഖങ്ങൾ. ആഭൂമിയെ സ്നേഹിച്ച് സന്തോഷം കണ്ടെത്തിയവരിൽ പലരും ആ മണ്ണിൽതന്നെ മറഞ്ഞു. മണ്ണിൽ പുതഞ്ഞ ആരെയെങ്കിലും ജീവനോടെ കണ്ടെത്താമെന്ന് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ സായാഹ്നത്തിലേക്ക് അടുക്കുംതോറും അതും കുറഞ്ഞു പതുക്കെ ഇല്ലാതായി. ഉരുൾപൊട്ടൽ പുത്തുമല ദുരന്തവാർഷികത്തിനുമുമ്പ് രാജമല (മൂന്നാർ): വയനാട് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയിരിക്കുന്നത്. ഈ യാദൃശ്ചികതയ്ക്കപ്പുറം വേറേയും സമാനതകൾ ഇരുസംഭവങ്ങൾക്കുമുണ്ട്. രണ്ടും എസ്റ്റേറ്റ് മേഖലയാണ്. പുത്തുമലയിൽ എച്ച്.എം.എല്ലിന്റെ എസ്റ്റേറ്റാണുള്ളത്. മരിച്ചവരിൽ തോട്ടം തൊഴിലാളികളും പുത്തുമലയിലേയും പച്ചക്കാട്ടിലേയും നാട്ടുകാരുമുണ്ട്. തൊഴിലാളികളുടെ പാഡി ഉൾപ്പെടെ മണ്ണിനടിയിലായി. പെട്ടിമുടിയിൽ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്. നാല് ലയങ്ങളിലെ 30 വീടുകൾ തകർന്നു. കാന്റീനും ലേബർ ക്ലബ്ബും മണ്ണിനടിയിലായി. പെട്ടിമുടിയിലെ മരണസംഖ്യ പുത്തുമലയേക്കാൾ വളരെ കൂടുതലാകാനാണ് സാധ്യത. പുത്തുമലയിൽ 17 പേരാണ് മരിച്ചത്. പെട്ടിമുടിയിൽ 15 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2DEMjnH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages