ന്യൂഡൽഹി: പ്രത്യേകപദവി നീക്കിയിട്ട് ബുധനാഴ്ച ഒരുവർഷം തികയുമ്പോഴും ജമ്മുകശ്മീരിൽ കർശനസുരക്ഷയ്ക്കും നിയന്ത്രണങ്ങൾക്കും അയവില്ല. വാർഷികത്തിന് രണ്ടുദിവസം ബാക്കിനിൽക്കേ തിങ്കളാഴ്ചമുതൽ അടച്ചിടൽ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതർ പറയുന്നത്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ ‘ദേഷ്യവും നിരാശയും’ പുറത്തുവരാതിരിക്കാനാണ് സുരക്ഷ വർധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ആരോപിച്ചു.കശ്മീരിൽ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, അധികമായി വിന്യസിച്ച 20,000-ത്തോളം സേനാംഗങ്ങൾ ഇവിടെനിന്ന് പിന്മാറിയിട്ടില്ല. ഇന്റർനെറ്റ് ബന്ധം പൂർണമായി പുനഃസ്ഥാപിച്ചിട്ടുമില്ല. 2019 ഓഗസ്റ്റ് അഞ്ചിനുമുമ്പ് സി.ആർ.പി.എഫിന്റെ നൂറുവീതം സൈനികരടങ്ങുന്ന 300 കമ്പനികളാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രത്യേകപദവി നീക്കിയതോടെ 200 കമ്പനികൾ അധികമായി വിന്യസിച്ചു. ബന്ദും കല്ലേറും കുറഞ്ഞുശ്രീനഗർ: ജമ്മുകശ്മീരിൽ വിഘടനവാദികൾ നടത്തുന്ന കല്ലേറും ബന്ദും ഗണ്യമായി കുറഞ്ഞെന്ന് ഔദ്യോഗികവൃത്തങ്ങൾ. 2018-ൽ 532-ഉം 2019-ൽ 389-ഉം കല്ലേറുകളുണ്ടായെങ്കിൽ 2020-ൽ അത് 102 മാത്രമാണ്. സ്വത്തു കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, അറസ്റ്റ് തുടങ്ങിയവയിലൂടെ വിഘടനവാദികളെ നിയന്ത്രിക്കാനായി. 70,44,073 രൂപയുടെ 82 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ജെ.കെ.എൽ.എഫിന്റെ യാസീൻ മാലിക്, ജെ.കെ.ഡി.എഫ്.പി.യുടെ ഷഹ്ബിർ ഷാ എന്നിവരടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. 2019-ൽ 849 ഭീകരർ അറസ്റ്റിലായി. 2020-ൽ അത് 444 പേരും. യു.എ.പി.എ. നിയമപ്രകാരം 2019-ൽ 173-ഉം 2020-ൽ 33-ഉം കേസുകളിൽ കുറ്റപത്രം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/3k4qcId
via
IFTTT
No comments:
Post a Comment