ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ്- ഇ.ഐ.എ.-2000) കരട് വിജ്ഞാപനത്തെക്കുറിച്ചുള്ള പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഖനനം ഉള്‍പ്പെടെ 40 മേഖലകളിലെ പദ്ധതികള്‍ക്ക് അനുമതി നല്‍കും മുമ്പ് പാരിസ്ഥിതികാഘാത പഠനം വേണ്ടെന്ന വ്യവസ്ഥ ഏറെ ആശങ്ക സൃഷ്ടിക്കുമ്പോഴാണിത്. ബില്ല് പരിസ്ഥിതി സംരക്ഷണത്തിനു തന്നെ വിഘാതമെന്ന് പരിസ്ഥിതി സ്‌നേഹികള്‍.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 2006 ലെ വിജ്ഞാപനത്തിനു പകരമുള്ളതാണ് പുതിയ വിജ്ഞാപനം. പദ്ധതികള്‍ക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കുകയാണു വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്നു കേന്ദ്രസര്‍ക്കാര്‍ വാദിക്കുമ്പോള്‍, പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന വിജ്ഞാപനം വ്യവസായ മേഖലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമണെന്നാണ് മറുവാദം. പരിസ്ഥിതിയെയും ജനതാല്‍പ്പര്യത്തെയും വിജ്ഞാപനം പൂര്‍ണമായി അവഗണിക്കുന്നെന്നും വിമര്‍ശനമുണ്ട്.
ബി 2 വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ നടപ്പാക്കുംമുമ്പ് പൊതുജനാഭിപ്രായം തേടണമെന്ന വ്യവസ്ഥയടക്കം കരടില്‍ ഒഴിവാക്കി. ധാതുമണല്‍ ഖനനം, കല്‍ക്കരി ഖനനം, പാറ ഖനനം, ആണവനിലയങ്ങള്‍, താപനിലയങ്ങള്‍, ജലെവെദ്യുത പദ്ധതികള്‍, സിമന്റ് ഉത്പാദന യൂണിറ്റുകള്‍, മലനിരകളിലടക്കം ദേശീയ, സംസ്ഥാന പാതകളുടെ നിര്‍മാണവും വിപുലീകരണവും, വിവിധ കെട്ടിട നിര്‍മാണ പദ്ധതികള്‍ തുടങ്ങി നിരവധി മേഖലകളെയാണു പരിസ്ഥിതി അനുമതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
മാര്‍ച്ച് 23 നാണു കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുജനാഭിപ്രായം തേടിയത്. ഇതു പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കാത്തതും വിമര്‍ശനത്തിനിടയാക്കി. ഇംഗ്‌ളീീഷിലും ഹിന്ദിയിലും മാത്രമാണുള്ളത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ മെയിലില്‍ ഇന്നു കൂടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
പാരിസ്ഥിതികാഘാത പഠന കരട് വിജ്ഞാപനത്തിനെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന് ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം പരിഗണിച്ചശേഷമേ അന്തിമരൂപം നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തില്‍ ഇരുന്നപ്പോള്‍ യാതൊരു കൂടിയാലോചനയുമില്ലാതെ വലിയ തീരുമാനങ്ങള്‍ എടുത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ളത് അന്തിമ വിജ്ഞാപനമല്ല. കോവിഡ് വ്യാപനം മൂലം പൊതുജനാഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ 150 ദിവസമാണു നല്‍കിയത്. നിയമപ്രകാരം 60 ദിവസം മതി. ജാവദേക്കര്‍ പറഞ്ഞു.
വിജ്ഞാപനം അപകടകരം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പാരിസ്ഥിതികാഘാത പഠന കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ അപകടകരമാണെന്നും നടപ്പാക്കിയാല്‍ ഫലം വിനാശകരമായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കരട് വിജ്ഞപാനം രാജ്യത്തെ കൊള്ളയടിക്കുന്നതാണ്. പാവപ്പെട്ടവരെ തഴഞ്ഞു വന്‍കിട വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്കായി ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന്റെ ഉദാഹരണമാണിത്. വിജ്ഞാപനം പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/3kwGnOz
via IFTTT
No comments:
Post a Comment