തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ പി.എസ്.സി. വഴിയുള്ള നിയമനങ്ങൾക്കുമാത്രമേ കുറവുണ്ടായിട്ടുള്ളൂ. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനോ പിൻവാതിലിലൂടെ സ്ഥിരനിയമനം സംഘടിപ്പിക്കുന്നതിനോ ഒരു തടസ്സവുമുണ്ടാകുന്നില്ല. സംസ്ഥാന ലൈബ്രറി കൗൺസിലിൽ 47 താത്കാലികക്കാരെ സ്ഥിരപ്പെടുത്തി കോവിഡ് കാലത്താണ് ഉത്തരവിറക്കിയത്. സംസ്ഥാന ഓപ്പൺ സ്‌കൂളായ സ്‌കോൾ കേരളയിൽ തസ്തിക സൃഷ്ടിച്ച് 80 പേർക്ക് നിയമനം തരപ്പെടുത്താൻ നീക്കം തുടങ്ങിക്കഴിഞ്ഞു. യുവജനക്ഷേമ ബോർഡിൽ 36 പേരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതി അനുമതി നൽകിയത്.ലൈബ്രറി കൗൺസിലിൽ 41 എൽ.ഡി.ക്ലാർക്കുമാരെയും ആറ്് ഓഫീസ് അറ്റൻഡന്റുമാരെയുമാണ് സംസ്ഥാന ലൈബ്രറി കൗൺസിലിൽ സ്ഥിരപ്പെടുത്തിയത്. സംസ്ഥാന-ജില്ലാ-താലൂക്ക് ലൈബ്രറി കൗൺസിലുകളിൽ 10 വർഷത്തിലേറെയായി താത്കാലികക്കാരായി ജോലി ചെയ്തവരാണിവർ. പ്രത്യേകപരിഗണന നൽകിയാണ് സ്ഥിരപ്പെടുത്തലെന്നും ഇതൊരു കീഴ്‌വഴക്കമായി കണക്കാക്കരുതെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺസിലിലെ നിയമനങ്ങൾ 2015-ൽ സർക്കാർ പി.എസ്.സി.ക്കു വിട്ടിരുന്നു. വിശേഷാൽചട്ടം തയ്യാറാക്കുന്നത് അനിശ്ചിതമായി നീളുന്നതിനിടയിലാണ് സ്ഥിരപ്പെടുത്തലുണ്ടായത്. 2011 ജൂണിൽ താത്കാലികക്കാരെ നിയമിച്ചത് ക്രമവിരുദ്ധമെന്നുകണ്ട് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ റദ്ദാക്കിയിരുന്നു. അതിനെതിരേ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയുണ്ടായി. അതിനെ എതിർത്ത് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു.കേസ് തുടരുന്നതിനിടെ അപ്പീൽ പിൻവലിച്ചാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. 26 പേരെ മുൻകാലപ്രാബല്യത്തോടെയും ബാക്കി 21 പേരെ ഈ മാസം മുതലും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗവും അനുവാദം നൽകി.നിയമനരീതി പറയാതെ സ്‌കോൾ കേരളയ്ക്ക് തസ്തികകൾഹയർ സെക്കൻഡറിക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ നൽകുന്ന സ്‌കോൾ കേരളയിൽ 80 തസ്തികകൾ സൃഷ്ടിക്കുന്ന ഉത്തരവാണിറക്കിയത്. നിയമനരീതി പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. തസ്തിക സൃഷ്ടിച്ചശേഷം താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നിയമവിരുദ്ധ നീക്കമാണിതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയായാണ് സ്‌കോൾ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ നിയമനം പി.എസ്.സി. വഴി നടത്തണമെന്ന് നിർബന്ധമില്ല. കരാറുകാർക്ക് തീറെഴുതി യുവജനക്ഷേമ ബോർഡ്യുവജനക്ഷേമ ബോർഡിൽ അംഗീകൃത തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 16 പേരെയും മറ്റു തസ്തികകളിൽ 10 വർഷം പൂർത്തിയാക്കിയ 20 പേരെയും സ്ഥിരപ്പെടുത്താൻ ഭരണസമിതിയോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇതിനെതിരേ ബോർഡിലെ ചില ജീവനക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. തസ്തികമാറ്റത്തിന് ഇവരുടെ അപേക്ഷകൾ നിരസിച്ചാണ് കരാറുകാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. നിലവിൽ 28 തസ്തികകൾക്കാണ് സർക്കാരിന്റെ അനുമതിയുള്ളത്. ഇവയിൽ കരാറുകാരായി ജോലിചെയ്യുന്ന 16 പേരെയാണ് സ്ഥിരപ്പെടുത്തുന്നത്. ക്ലാർക്ക്-ഏഴ്, ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ -ഏഴ്, പ്യൂൺ -ആറ്് എന്നിങ്ങനെ പുതുതായി സൃഷ്ടിക്കുന്ന മറ്റ് 20 തസ്തികകളിലും കരാറുകാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. ക്ലാർക്ക്, പ്യൂൺ (ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ്) തസ്തികകൾക്ക് പി.എസ്.സി. റാങ്ക്പട്ടികകളുള്ളപ്പോഴാണ് സ്ഥിരപ്പെടുത്തൽ നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3a3GJYj
via
IFTTT
No comments:
Post a Comment