തിരുവനന്തപുരം: ട്രഷറി തട്ടിപ്പിൽ പുറത്തുവരുന്നത് ഗുരുതര വീഴ്ചകൾ. സാങ്കേതികപ്പിഴവുകൾ യഥാസമയം കണ്ടെത്തി പരിഹരിക്കാത്തതും ഉദ്യോഗസ്ഥ അനാസ്ഥയുമാണ് വഞ്ചിയൂർ സബ്ട്രഷറിയിൽനിന്ന് രണ്ടുകോടിരൂപ തന്റെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്താൻ ബിജുലാൽ എന്ന ഉദ്യോഗസ്ഥനു തുണയായത്. ഈ തട്ടിപ്പ് പുറത്തുവന്നതോടെ സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ധനവകുപ്പ്. പ്രശ്നം ഗുരുതരമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതുകൊണ്ടാണ് ധനവകുപ്പ് മേധാവിയെത്തന്നെ അന്വേഷണത്തിനു നിയോഗിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രഷറിയിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ തീരുമാനിക്കും. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ നപടിയെടുക്കും. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കില്ല -മന്ത്രി പറഞ്ഞു. അന്വേഷിക്കുന്ന വീഴ്ചകൾ എന്തുകൊണ്ട് പാസ്വേഡ് റദ്ദാക്കിയില്ല?: ട്രഷറിയിൽനിന്ന് ഓൺലൈനായി പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ടന്റുമാത്രം കണ്ടാൽ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മേയ് 31-നു വിരമിച്ച ട്രഷറി ഓഫീസറുടെ പാസ്വേഡ് ഉപയോഗപ്പെടുത്തിയാണ് ബിജുലാൽ അനധികൃത ഇടപാടിന് അംഗീകാരം നൽകിയത്. ട്രഷറിജീവനക്കാർ വിരമിക്കുമ്പോൾ അവരുടെ യൂസർ ഐ.ഡി.യും പാസ്വേഡും ഒഴിവാക്കണമെന്നാണു ചട്ടം. വിരമിച്ചവരുടെ യൂസർ നെയിമും പാസ്വേഡും യഥാസമയം റദ്ദാക്കാത്തതിന് ഉത്തരവാദികളാര്? സമാന സംഭവങ്ങൾ വേറെയുണ്ടോ? കണക്ക് പൊരുത്തപ്പെടാതെ ട്രഷറി അടച്ചതെങ്ങനെ? തട്ടിപ്പ് നടന്നത് 27-നാണ്. ഇതോടെ, കണക്ക് പൊരുത്തപ്പെടാതെ വന്നു. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാൽ, ജില്ലാ ട്രഷറി ഓഫീസർ റിപ്പോർട്ട് നൽകിയത് 30-നാണ്. എന്തുകൊണ്ട് പണം പോയെന്നു കണ്ടെത്താൻ രണ്ടുദിവസം വേണ്ടിവന്നു? 27-ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്? അതോ അറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതോ? ആരാണ് ഇതിനുത്തരവാദി? പഴുതുണ്ടോ, സമഗ്ര പരിശോധന ട്രഷറി സോഫ്റ്റ്വേറിൽ മറ്റെന്തെങ്കിലും പഴുതുകളുണ്ടോ? കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനമായ സ്റ്റാൻഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി എന്ന സ്ഥാപനമാണ് ട്രഷറി സോഫ്റ്റ്വേറിന്റെ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത്. എൻ.ഐ.സി.യും ട്രഷറി ഐ.ടി. വിഭാഗവുമാണ് ഇതിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. ഇരുവരോടും ഒരുവട്ടംകൂടി സമഗ്രമായ പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മുമ്പിരുന്ന ട്രഷറികളിലും പരിശോധന തട്ടിപ്പുകേസ് പ്രതി എം.ആർ. ബിജുലാൽ മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാനത്ത് കാൻസൽചെയ്ത ട്രഷറി ചെക്കുകളുടെ എല്ലാ കേസുകളും പരിശോധിക്കും. ശമ്പളം, പെൻഷൻ ഒഴികെയുള്ള ബില്ലുകൾ മാറുംമുമ്പ് ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 'ബഗ്' കണ്ടെത്തിയില്ല, വെട്ടിപ്പ് സുഗമമായി തട്ടിപ്പ് കണ്ടെത്തിയതോടെ ട്രഷറിയിലെ സോഫ്റ്റ്വേറിൽ ഗുരുതര പിഴവ് (ബഗ്) ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപാടിന്റെ വിവരങ്ങൾ സോഫ്റ്റ്വേറിൽ നീക്കംചെയ്യാം. തെറ്റിപ്പോയ ഇടപാടുകൾ റദ്ദാക്കാനാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ആ പണം മറ്റ് അക്കൗണ്ടിലേക്കു മാറ്റുന്നത് ഇതോടൊപ്പം സ്വയം റദ്ദാവില്ല. Content Highlights: Sub treasury employee suspended after financial fraud of two crores
from mathrubhumi.latestnews.rssfeed https://ift.tt/39P2eMd
via
IFTTT
No comments:
Post a Comment