ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു സജീവമായ മുഴുവന്‍ സമയനേതൃത്വം വേണമെന്നാവശ്യപ്പെട്ട നേതാക്കള്‍ക്ക് ഇടം നല്‍കാതെ പാര്‍ലമെന്റിലെ പാര്‍ട്ടി സമിതികളില്‍ പുനഃസംഘടന. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരുടെയും രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരുടെയും നിരയിലുള്ളവര്‍ക്കു സ്ഥാനക്കയറ്റം. ലോക്‌സഭയില്‍ ശശി തരൂരിനെയും മനീഷ് തിവാരിയെയും തഴഞ്ഞു. രാജ്യസഭയില്‍ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് തങ്ങളുടെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് ഇവരുടെ പ്രാധാന്യത്തിന്റെ ചിറകരിഞ്ഞു.
എ.ഐ.സി.സിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇവരടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്കു നല്‍കിയ കത്ത് നെഹ്‌റു കുടുംബത്തിന് എതിരെന്ന മട്ടിലാണു വ്യാഖ്യാനിക്കപ്പെട്ടത്. വേദനിച്ചെങ്കിലും മറക്കുകയാണെന്നു പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പറഞ്ഞതിനു പിന്നാലെയാണ് ലോക്‌സഭയിലും രാജ്യസഭയിലും തന്ത്രങ്ങളൊരുക്കാനുള്ള പാര്‍ട്ടി സമിതികള്‍ പുനഃസംഘടിപ്പിച്ചത്. ഇതോടെ പരിഷ്‌കരണവാദികളും െഹെക്കമാന്‍ഡിന്റെ വിശ്വസ്തരും തമ്മിലുള്ള പോര് തണുക്കില്ലെന്നുറപ്പായി.
രാജ്യസഭാ സമിതിയില്‍ പ്രതിപക്ഷ നേതാവായ ആസാദിനും പാര്‍ട്ടി ഉപനേതാവായ ആനന്ദ് ശര്‍മയ്ക്കുമൊപ്പം അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവരെ അംഗങ്ങളാക്കി. ജയറാം രമേശിനു വിപ്പ് സ്ഥാനവും നല്‍കി. കപില്‍ സിബല്‍ പൂര്‍ണമായും തഴയപ്പെട്ടു. ലോക്‌സഭയില്‍ അസമില്‍നിന്നുള്ള ഗൗരവ് ഗൊഗോയിയെ ഉപനേതാവാക്കി. ലുധിയാന എം.പി. രവ്‌നീത് സിങ് ബിട്ടുവിന് വിപ്പ് സ്ഥാനം.
സഭാസമിതിയില്‍ ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, വിപ്പ് മാണിക്കം ടാഗോര്‍ എന്നിവരുമുണ്ട്. ബിട്ടുവിന് വിപ്പ് പദവിയും നല്‍കിയപ്പോള്‍, മുന്‍ രാഹുല്‍ ബ്രിഗേഡ് അംഗവും പരിചയസമ്പന്നനുമായ മനീഷ് തിവാരി അവഗണിക്കപ്പെട്ടു. ശശി തരൂരിനെയും പരിഗണിച്ചില്ല. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെയാണു സമിതികള്‍ പുനഃസംഘടിപ്പിച്ചത്.
ബ്ലോക്കുകള്‍ മുതല്‍ എ.ഐ.സി.സിയില്‍ വരെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹി നിര്‍ണയത്തിനു തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ഇനിയും 50 വര്‍ഷം പ്രതിപക്ഷത്തിരിക്കുമെന്നു ഗുലാം നബി ആസാദ്.സ്വന്തം സ്ഥാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയമുള്ളവരാണു സംഘടനാ തെരഞ്ഞെടുപ്പിനെ ഭയക്കുന്നതെന്നും പാര്‍ട്ടിയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ടതോടെ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരുടെ നിരയില്‍നിന്നു പുറത്തായ ആസാദ് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹിയാകുന്നവര്‍ക്കു പാര്‍ട്ടിയില്‍ പകുതിപ്പേരുടെയെങ്കിലും പിന്തുണയുണ്ടാകും. അതു ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രയോജനപ്പെടും. കോണ്‍ഗ്രസിനെ സജീവവും ശക്തവുമാക്കുക എന്നതിനപ്പുറം വ്യക്തിപരമായ മോഹങ്ങളില്ല.
കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കു പതിച്ചിരിക്കുകയാണെന്നും 2014-ലെയും 2019-ലെയും തെരഞ്ഞെടുപ്പു തോല്‍വി അതാണു സൂചിപ്പിക്കുന്നതെന്നും മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോള്‍ പ്രധാനം. ഗാന്ധി കുടുംബത്തെ കുറച്ചുകാണുകയായിരുന്നില്ല തങ്ങളുടെ കത്തിന്റെ ലക്ഷ്യം. എന്നാല്‍, പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരാള്‍ തങ്ങളെ ചതിയന്മാരെന്നു വിളിച്ചു. തടയാന്‍ ആരുമുണ്ടായില്ല. ഇതു ഖേദകരമാണ്.
from mangalam.com https://ift.tt/2QAvE8c
via IFTTT
No comments:
Post a Comment