തോപ്പുംപടി: ‘‘അവർക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാൻ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചോറിനൊപ്പം െവച്ചു’’ -ദുരിതം പേമാരിയായി പെയ്യുന്ന കാലത്ത്, നന്മയുടെ വെളിച്ചമായിമാറിയ ആ പൊതിച്ചോറിനെക്കുറിച്ചാണ് കുമ്പളങ്ങിക്കാരി മേരി പറയുന്നത്. ചെല്ലാനത്തേക്ക് തയ്യാറാക്കിക്കൊടുത്ത പൊതിച്ചോറിനൊപ്പം നൂറിന്റെ ഒരു നോട്ടുകൂടി പൊതിഞ്ഞുവെച്ചത് മേരിയാണ്. കൈയിൽ പണമുണ്ടായിട്ടല്ല മേരി അതു ചെയ്തത്.കുമ്പളങ്ങിയിൽ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു മേരിക്ക് ജോലി. ഭർത്താവ് സെബാസ്റ്റ്യന് വഞ്ചിനിർമാണം. ലോക്ഡൗൺ തുടങ്ങിയശേഷം രണ്ടുപേർക്കും പണിയില്ല. കഴിഞ്ഞയാഴ്ച തൊഴിലുറപ്പിൽ മേരിക്ക് ഏതാനും ദിവസം മാത്രം പണികിട്ടി. അതിൽനിന്നു കിട്ടിയ പണത്തിൽ 200 രൂപ അവർ മാറ്റിവെച്ചു. ചെല്ലാനത്ത് വെള്ളം കയറിയപ്പോൾ നാട്ടുകാർ ദുരിതത്തിലാണെന്നറിഞ്ഞു. അവർക്ക് ചോറുപൊതി കൊടുക്കണമെന്ന് വാർഡ് മെമ്പർ രത്തനാണ് പറഞ്ഞത്. ‘‘പിന്നെയൊന്നും നോക്കീല്ല, ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവർക്കാണ് ചോറുകൊടുക്കേണ്ടത്. അവർക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ് കറിയോടൊപ്പം െവച്ചു. അപ്പോൾ ഒരു സമാധാനം’’ - നിഷ്‌കളങ്കമായി മേരി ചിരിച്ചു. ഭർത്താവ് സെബാസ്റ്റ്യന് ഇപ്പോഴും പണിയില്ല. മേരിക്കും ജോലിയില്ല. നാളെ എന്തെന്ന് ഒരു നിശ്ചയവുമില്ല. പൊതിച്ചോറുകൾ കണ്ണമാലി പോലീസിനാണു കൈമാറിയത്. അവരാണ് അത് നാട്ടുകാർക്കു വിതരണം ചെയ്തത്. ബാക്കിവന്ന ഒരു ചോറുപൊതി പോലീസുകാരൻ തുറന്നുനോക്കിയപ്പോഴാണ് നോട്ട് കണ്ടത്. സംഭവം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തു. ആരാണ് പൊതിച്ചോറിൽ നോട്ടുവെച്ചതെന്ന് ആർക്കുമറിയില്ലായിരുന്നു. പത്രത്തിൽ വാർത്തവന്നതോടെ, മേരിയുടെ മകൻ സെബിൻ അമ്മയുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ പോസ്റ്റുചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ചെല്ലുമ്പോൾ, ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു മേരി. ചെല്ലാനത്തുകാരുടെ ദുരിതത്തെക്കുറിച്ചാണ് അപ്പോഴും അവർ പറഞ്ഞത്. കണ്ണമാലിയിൽനിന്ന് പോലീസുകാരെത്തി മേരിക്ക് ചെറിയ ഉപഹാരം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/30IGwXa
via
IFTTT
No comments:
Post a Comment