തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നിൽ ഉന്നതതല ബന്ധമെന്ന് സംശയം. കസ്റ്റംസ് സ്വർണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് വിവരം ചോർത്തിയതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും. ഞായറാഴ്ചയാണ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വർണം കണ്ടെത്തുന്നത്. എന്നാൽ ശനിയാഴ്ച തന്നെ കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്. സ്വർണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതർ ബാഗേജ് പരിശോധിക്കാൻ യുഎഇ കോൺസുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാൽ ഇതിനിടെ തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു. കസ്റ്റംസ് നൽകിയ വിവരങ്ങൾ കോൺസുലേറ്റിൽ നിന്ന് ചോർന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് സംശയം. കോൺസുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. കേസിൽ പ്രതിയായ സരിത് കുറ്റം സമ്മതിച്ചതായും കോൺസുലേറ്റിന്റെ ചുമതലയുള്ള അറ്റാഷയുടെ പേരിലാണ് 30 കിലോ സ്വർണമെത്തിയതെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡിപ്ലോമാറ്റിക് ബാഗിലെത്തിയ ഭക്ഷണ പദാർഥങ്ങൾ ഒഴികെയുള്ളവ തന്റെ അറിവോടെയല്ല എത്തിയതെന്ന് അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം കിട്ടിയാലുടൻ കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കസ്റ്റംസ് കമ്മീഷ്ണർ ഇന്ന് മാധ്യമങ്ങളെ കാണും. content highlights:swapna suresh, thiruvananthapuram gold smuggling case, sarith
from mathrubhumi.latestnews.rssfeed https://ift.tt/2ZGylsY
via
IFTTT
No comments:
Post a Comment