കൊച്ചി: ലോകത്തെ ആദ്യ സ്വയം നിയന്ത്രിത (ഓട്ടോണമസ്) ഇലക്‌ട്രിക് കപ്പലുകൾ നിർമിക്കുക കേരളം ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ ശാലയായ കൊച്ചിൻ ഷിപ്‌യാർഡ്. നോർവീജിയൻ കമ്പനിയായ അസ്‌കോ മാരിടൈം എ.എസിനു വേണ്ടി രണ്ട് ഓട്ടോണമസ് ഇലക്‌ട്രിക് ഫെറികളാണ് കൊച്ചി കപ്പൽശാല നിർമിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ്‌യാർഡും നോർവെയിലെ റീട്ടെയിൽ ഭീമനായ നോർജെസ് ഗ്രൂപ്പൻ എ.എസ്.എ.യുടെ ഉപ കമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു. രണ്ടു സമാന ഫെറികൾ കൂടി നിർമിക്കാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവെ പദ്ധതിയാണ് ഈ ‘കപ്പിത്താനില്ലാ കപ്പലി’ന്റെ നിർമാണത്തിന് വഴിെവച്ചത്. ഈ പദ്ധതിക്ക് നോർവെ സർക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്.1,846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും കപ്പൽ പ്രവർത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേർലി എ.എസ്. ആയിരിക്കും ഈ ഫെറി കൈകാര്യം ചെയ്യുക. കൊച്ചിയിൽ നിർമാണം പൂർത്തിയാക്കി നോർവെയിലെത്തിച്ച ശേഷമായിരിക്കും കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മിഷനിങ്ങും. ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമൻ ട്രെയ്‌ലറുകൾ വഹിക്കാനുള്ള ശേഷി ഈ ഫെറികൾക്കുണ്ടാകും. കൊച്ചിൻ ഷിപ്‌യാർഡ് പൂർണമായും എൻജിനീയറിങ് നിർവഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്പന നേവൽ ഡൈനമിക്സ് നോർവെ ആണ് നിർവഹിച്ചിരിക്കുന്നത്.ആഗോളതലത്തിൽ മുൻനിര കപ്പൽ നിർമാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്‌ട്രിക് ഫെറി നിർമാണ കരാർ കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എൻഡ് കപ്പലുകൾ നിർമിച്ച് നേരത്തെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത റെക്കോഡാണ് കൊച്ചി കപ്പൽശാലയ്ക്ക് തുണയായത്.
from mathrubhumi.latestnews.rssfeed https://ift.tt/2OqvO0E
via
IFTTT
No comments:
Post a Comment