കൊച്ചി: അഭിമന്യുവിന്റെ കൊലപാതകം നടന്ന് രണ്ടു വര്‍ഷം തികയാനിരിക്കെ കീഴടങ്ങിയ പ്രതി സഹല്‍ ഒളിവില്‍ കഴിഞ്ഞത് സംഘടനയുടെയും പ്രവര്‍ത്തകരുടെയും സഹായത്താലെന്ന് പോലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകനായ സഹല്‍ സംഘടനയുടെ സഹായത്തോടെ കര്‍ണാടകയിലും മറ്റുമായി കഴിയുകയായിരുന്നെന്നാണു പോലീസ് പറയുന്നത്. കേസ് വിചാരണഘട്ടത്തിലെത്തിയപ്പോഴാണ് മുഖ്യ പ്രതിയായ സഹലിന്റെ കീഴടങ്ങല്‍. അറസ്റ്റിലായ മറ്റു പ്രതികളുടെ കുറ്റസമ്മത മൊഴികളും സാക്ഷിമൊഴികളും സഹലിനെതിരാണ്.
2018 ജൂെലെ രണ്ടിനു രാത്രി 12.45-നാണ് കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരടങ്ങിയ സംഘം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് ഇയാള്‍ കോളജ് പരിസരത്തുണ്ടായിരുന്നെന്നു മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും വ്യക്തമായി. ചിത്രം ഉപയോഗിച്ച് വിചാരണക്കോടതി നടത്തിയ തിരിച്ചറിയല്‍ പരേഡും കൊലപാതകത്തില്‍ സഹലിനു പങ്കുണ്ടെന്ന കണ്ടെത്തലിനു പിന്‍ബലമായി. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്ത ഇയാളെ എ.സി.പി: കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ. വിജയ്ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവ ജനറലാശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കി. തുടര്‍ന്ന്, കുറ്റവാളികള്‍ക്കായി കൊരട്ടിയില്‍ സജ്ജമാക്കിയ ഡിറ്റെന്‍ഷന്‍ കേന്ദ്രത്തിലേക്കു മാറ്റി.
ഫലം നെഗറ്റീവാണെങ്കില്‍ ജയിലിലേക്കു മാറ്റും തുടര്‍ന്ന്, കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുമെന്നു പോലീസ് പറഞ്ഞു. ഫലം പോസിറ്റീവായാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കും. അഭിമന്യുവിനെ കുത്താനുപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെടുക്കാനുണ്ടെന്ന് അനേ്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തണം. 16 പ്രതികളുള്ള കേസില്‍ 1,500 പേജുള്ള കുറ്റപത്രമാണു പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അര്‍ജുന്‍ കൃഷ്ണയെ കുത്തിയ 12-ാം പ്രതി മുഹമ്മദ് ഷഹിം കഴിഞ്ഞ വര്‍ഷം നവംബറില്‍ കീഴടങ്ങിയിരുന്നു. നാഗ്പുരില്‍ ഒളിവില്‍ കഴിയുന്നതിനിടെ മാതളനാരങ്ങ വില്‍പ്പനയായിരുന്നു ഇയാളുടെ തൊഴില്‍. സഹലിനെ മാത്രമാണു പിടികൂടാനുണ്ടായിരുന്നത്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ ഒരിക്കല്‍ പറഞ്ഞത് അന്വേഷണ സംഘത്തിനു വെല്ലുവിളിയായിരുന്നു.
എസ്.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലയാളികള്‍ക്കു പിന്നിലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ഒതുക്കാന്‍ സി.പി.എമ്മിനു കഴിയുന്നില്ലെന്ന ആരോപണവുമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അഭിമന്യു സംഭവം സി.പി.എം. അഭിമാനപ്രശ്‌നമായി ഏറ്റെടുത്തു. ജന്മനാടായ വട്ടവടയില്‍ കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് െലെബ്രറി അഭിമന്യുവിന്റെ പേരില്‍ സ്ഥാപിച്ചു. സി.പി.എം. നാലുകോടിയോളം രൂപ അഭിമന്യു ഫണ്ടിലേക്കു പിരിച്ചെങ്കിലും മുഴുവന്‍ തുകയും കുടുംബത്തിനു െകെമാറിയില്ലെന്ന കെ.പി.സി.സിയുടെ ആരോപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ പേരില്‍ സ്തൂപം സ്ഥാപിച്ചതിനെതിരേ കെ.എസ്.യു. രംഗത്തുവന്നു. അതിനിടെ, അഭിമന്യുവിന്റെ കഥ പറയുന്ന ''നാന്‍ പെറ്റ മകന്‍'' എന്ന ചലച്ചിത്രം തിയറ്ററുകളിലെത്തി. ''മഹാരാജാസ് അഭിമന്യു - ജീവിതക്കുറിപ്പ് ''എന്ന പേരില്‍ െസെമണ്‍ ബ്രിട്ടോ പുസ്തകമെഴുതി. കഴിഞ്ഞ നവംബറിലാണ് ഈ കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഹാഷിം കീഴടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകരാണ് അറസ്റ്റിലായ മുഴുവന്‍ പ്രവര്‍ത്തകരും. തെളിവെടുപ്പും മറ്റ് അനേ്വഷണങ്ങളും പൂര്‍ത്തിയായശേഷം വിചാരണ തുടങ്ങുമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് പറഞ്ഞു.
from mangalam.com https://ift.tt/2Nd0LF8
via IFTTT
No comments:
Post a Comment