ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് ഏവരെയും ഞെട്ടിച്ചു. പിതാവിന്റെ കയ്യില്‍ പണം ഇല്ലാതിരുന്നതിനാല്‍ കേടായ ടിവി നന്നാക്കാനായില്ല മാത്രമല്ല സ്മാര്‍ട്ട് ഫോണും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ക്ലാസില്‍ പങ്കെടുക്കാനാവാത്തതിനെ തുടര്‍ന്ന് കുട്ടി ജീവനൊടുക്കുകയായിരുന്നു. ഇൗ സാഹചര്യത്തില്‍ ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
കുഞ്ഞായിരിക്കുമ്പൊ അങ്ങനാണ്. എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തപ്പെടുന്നതെന്നും എന്ത് തെറ്റിന്റെ പേരിലാണ് മറ്റുള്ളോര്‍ക്ക് കിട്ടുന്ന പലതും തനിക്ക് കിട്ടാതെപോവുന്നതെന്നും മനസിലാവാത്ത പ്രായമാണ്. അങ്ങനെ അകറ്റി നിര്‍ത്തപ്പെടുന്നതിന്റെ വിഷമം ഒരുപക്ഷേ പറഞ്ഞ് മനസിലാക്കിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്നും ഓണ്‍ലൈനില്‍ പഠനം തുടങ്ങുന്നുവെന്നുമൊക്കെ കേള്‍ക്കുമ്പൊ ആ പതിനഞ്ച് വയസ് കാലത്താണ് ഇതൊക്കെ സംഭവിച്ചിരുന്നതെങ്കില്‍ എന്ന് അറിയാതെ ഓര്‍മിച്ചുപോവും. ഒരു കാലത്ത് ഈ ഓണ്‍ലൈനില്‍ നിന്ന് ഫസ്റ്റ് ബോളില്‍ ഔട്ടായിപ്പോവുമായിരുന്നവരുടെ കൂട്ടത്തിലാവുമെന്ന് ഓര്‍ക്കുമ്പൊ അവരുടെ കൂടെ നില്‍ക്കാനേ പറ്റൂ.- നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നെല്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പത്താം ക്ലാസ് വരെ വീട്ടില്‍ കറന്റുണ്ടായിരുന്നില്ല.
ആകെ ഉണ്ടായിരുന്ന ആര്‍ഭാടം ബാറ്ററി ഇട്ട് പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ ആണ്. കറന്റില്ലാത്തതുകൊണ്ട് ടി.വിയുടെ കാര്യം പറയേണ്ടല്ലോ. ഇനി ടി.വി ഉണ്ടായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വയ്ക്കാന്‍ സ്ഥലമില്ല.
പത്താം ക്ലാസിലാണ് ആദ്യമായി വീട്ടില്‍ കറന്റ് വന്നത്. വന്നതല്ല, കൊണ്ടുവന്ന് തന്നതാണ്.
അന്നത്തെ പത്താം ക്ലാസിലെ ഓണപ്പരീക്ഷയ്ക്ക് ഇംഗ്ലീഷിനു മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം അന്വേഷിച്ചു വന്ന അന്നത്തെ ഹെഡ്മിസ്ട്രസിന്റെ നല്ല മനസ്.
ഇലക്ട്രിസിറ്റി വീട്ടിലെത്താന്‍ വേണ്ട രണ്ട് പോസ്റ്റ്, അതിന്റെ ലൈന്‍, ബള്‍ബ്, പിന്നെ ഒറ്റ മുറിയില്‍ നാല് പേര്‍ കിടക്കുന്നിടത്ത് അന്നത്തെ പത്താം ക്ലാസുകാരന് മാത്രം വെളിച്ചം കാണാന്‍ ഒരു ടേബിള്‍ ലാമ്പ്..ഇത്രയുമായിരുന്നു.
ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഒരു പഴയ നോക്കിയ 1100 ആയിരുന്നു. എം.ബി.ബി.എസ് ആദ്യ വര്‍ഷത്തിന്റെ അവസാനമോ മറ്റോ. അത് വരെ കൂട്ടുകാരുടെ ഫോണ്‍ ഉപയോഗിച്ചു...ഗെയിം കളിക്കാനും ഫോണ്‍ വിളിക്കാനുമൊക്കെ.
ലാപ് ടോപ്പും കമ്പ്യൂട്ടറും അതുപോലൊക്കെത്തന്നെ. അങ്ങനെ മറ്റുള്ളോരുടെ ലാപ് ടോപ് ഉപയോഗിച്ച് ഉണ്ടായ അമളികള്‍ വരുത്തിവച്ച നാണക്കേട് കാരണം ഒരു വാശിക്കാണ് മണിക്കൂറിന് 20 രൂപ വച്ച് കൊടുത്ത് ഇന്റര്‍നെറ്റ് കഫേയില്‍ പോയി ഇന്റര്‍നെറ്റിന്റെ ബാലപാഠം പഠിച്ചത്.
ആദ്യത്തെ ലാപ് ടോപ് വാങ്ങുന്നത് ഫൈനല്‍ ഇയര്‍ എം.ബി.ബി.എസ് പഠിച്ചുകൊണ്ടിരുന്ന സമയത്താണ്. രണ്ട് വര്‍ഷത്തെ കെ.പി.സി.ആര്‍ സ്‌കോളര്‍ഷിപ്പും നാല് വര്‍ഷം വീട്ടില്‍ നിന്ന് ഫുഡ് ന് തന്നുകൊണ്ടിരുന്ന പൈസയും പിന്നെ മൂന്ന് പേര്‍ സഹായിച്ചതും അടക്കമായിരുന്നു മൂലധനം.
സ്വന്തമായി കാശിട്ട് ലാപ് ടോപ് വാങ്ങാന്‍ പിന്നെയും എടുത്തു രണ്ട് രണ്ടരക്കൊല്ലം.
ഇതിന്റെ ഇടയില്‍, ഇത് ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പൊത്തന്നെ ഓര്‍മ വന്ന സംഭവങ്ങള്‍ ഒരുപാടുണ്ട്.
കുഞ്ഞായിരിക്കുമ്പൊ അങ്ങനാണ്. എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തപ്പെടുന്നതെന്നും എന്ത് തെറ്റിന്റെ പേരിലാണ് മറ്റുള്ളോര്‍ക്ക് കിട്ടുന്ന പലതും തനിക്ക് കിട്ടാതെപോവുന്നതെന്നും മനസിലാവാത്ത പ്രായമാണ്.
അങ്ങനെ അകറ്റി നിര്‍ത്തപ്പെടുന്നതിന്റെ വിഷമം ഒരുപക്ഷേ പറഞ്ഞ് മനസിലാക്കിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്നും ഓണ്‍ലൈനില്‍ പഠനം തുടങ്ങുന്നുവെന്നുമൊക്കെ കേള്‍ക്കുമ്പൊ ആ പതിനഞ്ച് വയസ് കാലത്താണ് ഇതൊക്കെ സംഭവിച്ചിരുന്നതെങ്കില്‍ എന്ന് അറിയാതെ ഓര്‍മിച്ചുപോവും.
ഒരു കാലത്ത് ഈ ഓണ്‍ലൈനില്‍ നിന്ന് ഫസ്റ്റ് ബോളില്‍ ഔട്ടായിപ്പോവുമായിരുന്നവരുടെ കൂട്ടത്തിലാവുമെന്ന് ഓര്‍ക്കുമ്പൊ അവരുടെ കൂടെ നില്‍ക്കാനേ പറ്റൂ.
ഞാനൊക്കെ അന്ന് പോലും താരതമ്യേന ഭേദപ്പെട്ട സ്ഥിതിയിലുള്ള കുടുംബത്തിലായിരുന്നെന്നൂടി ഓര്‍ക്കണം. അതിലും ബുദ്ധിമുട്ടുന്ന എത്രയോ പേര്‍ അന്നും ഇന്നും ഉണ്ടായിരുന്നു !!
അവരെ മാറ്റിനിര്‍ത്തിയുള്ള ഒരു പുരോഗതിയും പുരോഗതിയാണെന്ന് തോന്നുന്നില്ല. അവരെക്കൂടി കൈപിടിക്കാതെ ഒന്നും പൂര്‍ണമാവില്ല..
അത് പറയുന്നതില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ചാല്‍ ശരിയാണ്. തല്‍ക്കാലം ആ വശത്ത് നില്‍ക്കുന്നതാണ് എന്റെ രാഷ്ട്രീയം.
from mangalam.com https://ift.tt/3duRVOf
via IFTTT
No comments:
Post a Comment