ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലും വെള്ളിയാഴ്ച നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിന് (എൻ.ഡി.എ.) വിജയപ്രതീക്ഷയുണ്ട്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കും. 'കുതിരക്കച്ചവടം' ഭയന്ന് എം.എൽ.എ.മാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് വെള്ളിയാഴ്ചത്തെ രാഷ്ട്രീയസംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്ന രാജസ്ഥാനിൽ കക്ഷിനില അനുസരിച്ച് മൂന്നിൽ രണ്ട് സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി.ജെ.പി. ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് എം.എൽ.എ.മാരെ ജയ്പുരിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കയാണ്. ബി.ജെ.പി.യും ഇവിടെ എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാലുസീറ്റിൽ മൂന്നെണ്ണം നേടാൻ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസിന്റെ എട്ട് എം.എൽ.എ.മാർ ബി.ജെ.പി. സ്വാധീനത്താൽ പലതവണയായി രാജിവെച്ചിരുന്നു. ജാർഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി.ജെ.പി.യും കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയും ഓരോ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. മധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബി.ജെ.പി.യും കോൺഗ്രസും രണ്ടുസ്ഥാനാർഥികളെ വീതം നിർത്തി. മുൻ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദൾ-എസ്) കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുമടക്കം നാലുപേർ കർണാടകത്തിൽനിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ രണ്ടുപേർ ബി.ജെ.പി.യിൽനിന്നാണ്. ഒരാൾ കോൺഗ്രസിൽ നിന്നും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ എൻ.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സുഹൃദ്പാർട്ടിയായ എ.ഐ.എ.ഡി.എം.കെ. ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ടാകും. 245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല. എസ്.പി.(8), ബി.എസ്.പി.(4) പാർട്ടികൾ കോൺഗ്രസുമായി അടുത്ത കാലത്തുണ്ടായ അകൽച്ചയും ബി.ജെ.പി. സർക്കാരിന് അനുകൂലമാവും. Content Highlights:Rajya sabha election Parliament
from mathrubhumi.latestnews.rssfeed https://ift.tt/3ddI7Yd
via
IFTTT
No comments:
Post a Comment