കൊച്ചി: കുട്ടികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കല്‍ വെല്ലുവിളിയാകുമെന്ന് ഉറപ്പായതോടെ അധ്യയനം നഷ്ടമാകാതെ വീടിനടുത്തുള്ള സ്‌കൂളില്‍ തുടര്‍പഠനം പരിഗണനയില്‍. കോവിഡ് ആശങ്ക അകലുന്ന ഘട്ടമെത്തുമ്പോള്‍ അവര്‍ക്കു മാതൃവിദ്യാലയത്തിലേക്കു മടങ്ങാം. ടി.സി. ആവശ്യമില്ല. വീടിന് ഏറ്റവുമടുത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ സ്‌കൂളിലാകും അവസരം.
ഇതിനോടു അധ്യാപക സംഘടനകള്‍ക്കും എതിര്‍പ്പില്ല. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍നിന്ന് അകലെയുള്ള വിദ്യാലയത്തിലേക്കു കുട്ടികളെ അയയ്ക്കുന്നത് ഒട്ടും സുരക്ഷിതമാവില്ലെന്നാണ് വിലയിരുത്തല്‍. സ്‌കൂള്‍ വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ എണ്ണത്തിലും സുരക്ഷാ ക്രമീകരണത്തിലും കടുത്ത നിയന്ത്രണം ആവശ്യമാണ്. ഈ സാഹചര്യത്തിലാണു പഠനം വീടിനു തൊട്ടടുത്തുള്ള വിദ്യാലയത്തിലേക്കു മാറ്റുന്നതു പരിഗണിക്കുന്നത്. ഇതുവഴി സ്‌കൂളിലേക്കുള്ള വാഹനയാത്ര പരമാവധി ഒഴിവാക്കാം. രക്ഷിതാവിന്റെ തീരുമാനം എന്തായാലും കുട്ടികളുടെ ആരോഗ്യസുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുക്കുമെന്നാണു സൂചന. ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള വിദ്യാഭ്യാസരീതി മാത്രമേ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂവെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അയല്‍പക്ക വിദ്യാലയങ്ങളെ ആശ്രയിക്കുന്നതാണ് ഒരു പരിഹാരം. ക്ലാസില്‍ രണ്ടു വിദ്യാര്‍ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇതു പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഒന്നിച്ച് ഒരു ക്ലാസിലിരുത്താനാകില്ല. ഓരോ ക്ലാസും 15 മുതല്‍ 20 വിദ്യാര്‍ഥികള്‍ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടി വരുമെന്നുമാണു എന്‍.സി.ഇ.ആര്‍.ടി. ശിപാര്‍ശ. എന്നാല്‍, ബാച്ച് ഒഴിവാക്കി ശനിയുള്‍പ്പെടെ ഒന്നിടവിട്ട ദിവസം ഒറ്റ-ഇരട്ട രീതിയില്‍ ക്ലാസ് നടത്തുന്നതാണു ആലോചിക്കുന്നത്.
സ്‌കൂള്‍ കെട്ടിടം, ശുചിമുറി, വിശ്രമസൗകര്യം, വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര, ഭക്ഷണ വിതരണത്തിനും കഴിക്കാനും െകെ കഴുകാനുമുള്ള സൗകര്യം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കണം. വിദ്യാലയ പ്രവേശനത്തിനുമുമ്പു മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നു വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഉറപ്പാക്കും. ഈ വര്‍ഷം ഏതു സമയത്തു സ്‌കൂള്‍ തുറന്നാലും കോവിഡ് ആശങ്ക ഒഴിയില്ലെന്നാണു വിലയിരുത്തല്‍.
കോവിഡാനന്തരം സുരക്ഷിത വിദ്യാലയം തേടുന്ന രക്ഷിതാക്കളുടെ ആദ്യപരിഗണന പൊതുവിദ്യാലയങ്ങള്‍ക്കു ലഭിക്കുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ പഠനം ആരംഭിക്കാന്‍ വ്യക്തമായ രൂപരേഖ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നു.
from mangalam.com https://ift.tt/2AnJm9s
via IFTTT
No comments:
Post a Comment