ബെംഗളൂരു: പാസുകൾ അനുവദിച്ചുതുടങ്ങിയ രണ്ടാംദിവസവും ഒട്ടേറെപ്പേർ കർണാടകത്തിൽനിന്ന് നാട്ടിലേക്കു തിരിച്ചു. കർണാടകത്തിന്റെ പാസ് ലഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും കേരളം അനുവദിക്കുന്ന പാസ് സ്വീകാര്യമാണെന്ന് കർണാടക ഡി.ജി.പി. ചൊവ്വാഴ്ച അറിയിച്ചു. കേരളം അനുവദിച്ച പാസുള്ളവരെ, മറ്റൊരിടത്തും നിർത്തരുതെന്ന നിബന്ധനയിലാണ് പോകാൻ അനുവദിക്കുന്നത്. അതേസമയം, റെഡ്സോൺ ജില്ലകളിൽനിന്ന് നാട്ടിലേക്കു പോകുന്നവർ രോഗലക്ഷണങ്ങളില്ലെങ്കിലും നിർബന്ധമായും ഏഴുദിവസം സർക്കാർ ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ കഴിയണം. വാഹനമില്ലാത്തത് ആശങ്ക പാസ് ലഭിച്ചിട്ടും നാട്ടിലേക്കുപോകാൻ വാഹനം ലഭിക്കാത്തവർ ആശങ്കയിൽത്തന്നെയാണ്. ഒട്ടേറെപ്പേരാണ് നാട്ടിലേക്കുപോകാൻ വാഹനം കാത്തുനിൽക്കുന്നത്. മലയാളിസംഘടനകളും നോർക്ക, മലയാളം മിഷൻ ഹെൽപ്പ്ഡെസ്കുകളും ചേർന്ന് വാഹനസൗകര്യമൊരുക്കുന്നുണ്ടെങ്കിലും മുഴുവൻ ആളുകളെയും എത്തിക്കാൻ കഴിയുന്നില്ല. കർണാടക അതിർത്തിവരെ ബസ് സൗകര്യം ഒരുക്കാനാണ് മലയാളിസംഘടനകൾ ഇപ്പോൾ ആലോചിക്കുന്നത്. പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്തവർക്കും മലയാളി സംഘടനകൾ ഇടപെട്ട് സൗകര്യമൊരുക്കുന്നുണ്ട്. അതത് പ്രദേശത്തെ സംഘടനകളുമായിച്ചേർന്നാണ് ഈ സൗകര്യമൊരുക്കുന്നത്. തമിഴ്നാടിന്റെ പാസും വേണം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് വാളയാർ ചെക്ക്പോസ്റ്റിലേക്കു പോകുന്നവരിൽനിന്ന് തമിഴ്നാട് പോലീസ് പാസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, തമിഴ്നാടിന്റെ പാസുള്ളവർ അത്യപൂർവമാണ്. കേരളത്തിന്റെ പാസ് ലഭിക്കുമ്പോൾതന്നെ തമിഴ്നാടിന്റെ പാസിന് വെബ്സൈറ്റ് വഴി അപേക്ഷിക്കുകയാണ് ഏറ്റവും മികച്ച മാർഗമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസങ്ങളിൽ അപേക്ഷിച്ച സ്ലിപ്പ് കാണിച്ചവരെ തമിഴ്നാട് പോലീസ് തടസ്സങ്ങളില്ലാതെ കടത്തിവിട്ടിരുന്നു. നാട്ടിൽനിന്ന് വാഹനമെത്തിക്കാം കർണാടകത്തിൽ കുടുങ്ങിയ ബന്ധുക്കളെ കൊണ്ടുപോകാൻ നാട്ടിൽനിന്നുള്ള വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. ഇതിന് വാഹനത്തിന്റെ ഡ്രൈവർ കോവിഡ് ജാഗ്രതാ ആപ്പിൽ രജിസ്റ്റർചെയ്ത് പാസ് നേടണം. രോഗമില്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കർണാടകത്തിന്റെ പാസും ആവശ്യമാണ്. ബന്ധുവിനെയുംകൂട്ടി നാട്ടിൽ തിരിച്ചെത്തിയാൽ നിർബന്ധമായും യാത്രക്കാർക്കൊപ്പം ഡ്രൈവറും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ദിവസങ്ങൾ സമ്പർക്കവിലക്കിൽ കഴിയണം. Content Highlight: TN relaxes exit norms to stranded Keralites returnees travel
from mathrubhumi.latestnews.rssfeed https://ift.tt/3dkeRPP
via
IFTTT
No comments:
Post a Comment