തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ നിർബന്ധമായും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നില്ലെന്നും 14 ദിവസത്തെ വീട്ടിലെ ക്വാറന്റൈൻ കർശനമായി നടപ്പാക്കിയാൽ മതിയെന്നും സർക്കാർ ഉത്തരവിറക്കി. എന്നാൽ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തവർക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവിൽ ഹോട്ടലുകളിലോ കഴിയാം. പരിമിതമായ സൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങൾ രോഗവ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനാൽ ആദ്യ രണ്ടുഘട്ടങ്ങളിൽ നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനം നടപ്പാക്കുന്നതാണ് ഉചിതമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധകമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് മാർഗനിർദേശങ്ങൾ പുതുക്കി ഉത്തരവിറക്കിയത്. മറ്റു സംസ്ഥാനത്തുനിന്നു മടങ്ങിവരുന്ന എല്ലാവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവരെയും പരിശോധനാ സമയത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ അയക്കും. ഇവർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടർനടപടി സ്വീകരിക്കും. ഹോം ക്വാറന്റൈനിൽ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ * വീടുകളിൽ പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശൗചാലയവും ഉള്ളവരെമാത്രമേ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കൂ. ഈ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഉറപ്പുവരുത്തും. * നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലെ മുതിർന്നവർ, മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല. * ഹോം ക്വാറന്റൈൻ ചട്ടങ്ങൾ അനുസരിക്കാമെന്ന വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇവരെ നിരീക്ഷണത്തിൽ വെക്കേണ്ടതാണ്. * മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റും. നിലവിലെ പരിശോധനാ നടപടി തുടരേണ്ടതിങ്ങനെ * യാത്രാചരിത്രമുള്ളവരിൽ കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധന നടത്തണം. നിരീക്ഷണത്തിന്റെ ഏഴാംദിവസം പി.സി.ആർ. പരിശോധന നടത്തണമെന്നില്ല. * പി.സി.ആർ. പരിശോധനവഴി രോഗം സ്ഥിരീകരിക്കുന്നർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തുന്നതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാംദിവസം മുതലാണ് തുടർപരിശോധന നടത്തുക. * നിലവിൽ രോഗം ബാധിക്കാൻ സാധ്യതയുള്ളവരിൽ റാൻഡം സാംപ്ളിങ് മുഖേന പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ള യാത്രാചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളിൽനിന്നും റാൻഡം സാംപ്ളിങ് മുഖേന പരിശോധന നടത്തും. ഐ.സി.എം.ആറിൽനിന്ന് ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇതുതുടരും. Content Highlights: Government quarantine is not mandatory for those arriving from another state
from mathrubhumi.latestnews.rssfeed https://ift.tt/3fChRcj
via
IFTTT
No comments:
Post a Comment