തിരുവനന്തപുരം: കേരളസർക്കാർ വാഹനസൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മറുനാടൻ മലയാളികൾ. ബസ് സർവീസോ പ്രത്യേക തീവണ്ടികളോ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.എന്നാൽ, ഇക്കാര്യത്തിൽ കേരളം ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷവും രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു മടങ്ങിവരാനായി രജിസ്റ്റർചെയ്ത ഒന്നരലക്ഷം പേരിൽ ഒരുലക്ഷത്തോളം പേർ സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തിയാലേ നാട്ടിലെത്താനാവൂ എന്ന അവസ്ഥയിലാണ്. കേരളത്തിന്റെ അതിർത്തിയിലെത്താൻ ഇപ്പോൾ താമസിക്കുന്ന സ്ഥലങ്ങളിൽ പണം കൊടുത്താലും അവർക്ക് വാഹനങ്ങൾ കിട്ടില്ല. രജിസ്റ്റർചെയ്തവരിൽ ഏതാണ്ട് അരലക്ഷം പേർ സ്വന്തമായി വാഹനസൗകര്യം ഏർപ്പാടാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.സ്വന്തമായി വാഹനസൗകര്യം ഏർപ്പാടാക്കാനാവുന്നവർ ആദ്യം വരട്ടെയെന്നാണ് സർക്കാർ നിലപാട്. മറ്റുള്ളവർക്കായി എന്തുചെയ്യാനാവുമെന്ന് സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് തീരുമാനിക്കും. പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്ന് ബസ് അയക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, ആയിരക്കണക്കിനു പേരാണ് അവിടങ്ങളിൽനിന്നു മടങ്ങാനുള്ളത്. അതിനാൽ ബസ് സർവീസ് എത്രമാത്രം പ്രായോഗികമാകുമെന്നു സംശയമുണ്ട്. പ്രത്യേക തീവണ്ടി സർവീസിനായിരിക്കും സർക്കാർ മുൻഗണന നൽകുക.
from mathrubhumi.latestnews.rssfeed https://ift.tt/2KX9IkQ
via
IFTTT
No comments:
Post a Comment