ന്യൂഡൽഹി : തിങ്കളാഴ്ച നാലാംഘട്ടത്തിലേക്ക് കടന്ന രാജ്യവ്യാപക അടച്ചിടലിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചുവടെ * വിമാന സർവീസുകൾക്കുള്ള നിരോധനം തുടരും. എന്നാൽ, എയർ ആംബുലൻസ്, സുരക്ഷ ആവശ്യങ്ങൾക്കുള്ള വിമാന സർവീസുകൾ എന്നിവയ്ക്ക് വിലക്കില്ല. * സ്കൂൾ, കോളേജുകൾ, പരിശീലനസ്ഥാപനങ്ങൾ എന്നിവ തുറക്കരുത്. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം തുടരാം * ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ, സമ്പർക്കവിലക്ക് സൗകര്യം ഏർപ്പെടുത്തിയതും ആരോഗ്യപ്രവർത്തകർക്കായി നീക്കിവെച്ചതുമായ ഹോട്ടലുകൾക്കു തുറക്കാം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകൾ തുടരും. ഭക്ഷണം പാഴ്സൽ കൊടുക്കുന്നതിനായി റെസ്റ്റോറന്റുകളിൽ അടുക്കള പ്രവർത്തിപ്പിക്കാം. * സിനിമാ തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ, സമാനമായ സ്ഥലങ്ങൾ എന്നിവയ്ക്ക് നിരോധനം തുടരും. * സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക കൂട്ടായ്മകളും കൂട്ടം ചേരലുകളും സമ്മേളനങ്ങളും പാടില്ല. * ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും അടച്ചിടൽ തുടരും. മതസമ്മേളനങ്ങൾക്ക് പൂർണ നിരോധനം. * 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പത്ത് വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, രോഗസാധ്യതയുള്ളവർ എന്നിവർ വീട്ടിനുള്ളിൽതന്നെ കഴിയണം. അടിയന്തര ആരോഗ്യപരിപാലന കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. * സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും പ്രാദേശിക സാഹചര്യം പരിശോധിച്ച ശേഷം, വിവിധ മേഖലകളിൽ ചില നടപടികൾകൂടി നിരോധിക്കാവുന്നതാണ്. സാഹചര്യം അനിവാര്യമാണെങ്കിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. * പ്രത്യേകിച്ച് നിരോധനമില്ലാത്ത എല്ലാ നടപടികളും രോഗബാധയില്ലാത്ത മേഖലകളിൽ അനുവദിക്കും. എന്നാൽ രോഗബാധയുള്ള മേഖലകളിൽ അടിയന്തര സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുന്നത്. *രോഗബാധയുള്ള കേന്ദ്രങ്ങളിൽ രോഗികളെ നിരീക്ഷിക്കൽ, പിന്തുടരൽ, മെഡിക്കൽ ഇടപെടലുകൾ എന്നിവ തുടരണം. *ആരോഗ്യ സേതു ആപ് ഉപയോഗിക്കണം. *ആരോഗ്യപ്രവർത്തകർക്ക് അന്തർ സംസ്ഥാന യാത്രകളും സംസ്ഥാനത്തിനകത്തുള്ള യാത്രകളും അനുവദിക്കണം. *ചരക്ക് കടത്തിന് വാഹനങ്ങളെ അനുവദിക്കണം. ഒഴിഞ്ഞ ലോറികൾ കടന്നു പോകുന്നതിനും അനുമതി നൽകണം. *2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച് നൽകിയ ഈ മാർഗനിർദേശങ്ങളിൽ ഇളവ് നൽകരുത്. *അടച്ചിടൽ ചട്ടം ലംഘിക്കുന്നവർക്കെതിരേ 2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കും. Content Highlight: Lockdown 4.0 Guidelines
from mathrubhumi.latestnews.rssfeed https://ift.tt/3fYfAZ4
via
IFTTT
No comments:
Post a Comment