കോവിഡ് 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് ഏവരും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. പ്രായമാകുന്നവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ഇളവുമില്ല. ഇവരൊക്കെ വീട്ടില്‍ തന്നെ ഇരിക്കണം. കൊറോണ കാലത്ത് വയസ്സായവരുടെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്നു എന്ന് പറയുകയാണ് യുഎന്‍ ദുരന്ദലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഏറ്റവും അതിശയകരമായ വേഗത്തില്‍ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങള്‍ ആണ്. തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും (age is just a number) എന്നൊക്കെ പറഞ്ഞാണ് നമ്മള്‍ ശീലിച്ചത്. പക്ഷെ രോഗികളുടെ എണ്ണം വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളില്‍ കയറുന്ന സാഹചര്യം വന്നപ്പോള്‍ ചിലരുടെ ജീവന്‍ മറ്റുള്ളവരേതിനേക്കാള്‍ വിലകുറഞ്ഞതായി. പൊതുസമൂഹം ആദ്യം നോക്കിയത് പ്രായമായവരുടെ നേരെയാണ്.- മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
വയസ്സാകുന്ന മനുഷ്യാവകാശങ്ങള്‍
ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ അങ്ങുമിങ്ങും ഈ ചൂടുകാലത്ത് നടക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം ഏറെ വിഷമിപ്പിച്ചു. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്നൊക്കെ ഒന്നാം ക്‌ളാസ് മുതല്‍ പറഞ്ഞു പഠിപ്പിച്ചിട്ട് എന്റെ സഹോദരങ്ങള്‍ അങ്ങനെ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നതൊരു വലിയ സങ്കടം ആണ്. അതുകൊണ്ടാണ് ഒരാഴ്ചയായി ഒന്നും എഴുതാതിരുന്നത്.
ഇന്ന് കുറച്ചു ഫിലോസോഫിക്കല്‍ ആണ്, അതുകൊണ്ട് വയസ്സായവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നതിനെ പറ്റി പറയാം.
നമ്മള്‍ ഇന്നലെ വരെ ജീവ വായുപോലെ നമ്മുടെ അവകാശമായിക്കണ്ടിരുന്ന പലതും ഇനിയുള്ള കാലത്ത് അങ്ങനെയല്ലാതായി മാറും എന്നും കുറച്ചു നാള്‍ കഴിയുമ്പോള്‍ സമൂഹത്തിലും ഭരണത്തിലും എല്ലാവര്‍ക്കും ഒരേ പങ്കാളിത്തം വിഭാവനം ചെയ്തിരുന്ന ജനാധിപത്യം പോലും നിലനിന്നേക്കില്ല എന്നുമൊക്കെ ഹരാരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയപ്പോള്‍ അല്പം കടന്ന കയ്യായിട്ടാണ് തോന്നിയത്. ഇന്നിപ്പോള്‍ കൊറോണക്കാലം വെറും മൂന്നു മാസം പിന്നിടുമ്പോള്‍ അക്കാലം ഒന്നും അത്ര ദൂരത്തില്‍ അല്ല എന്ന് തോന്നുന്നു.
ഏറ്റവും അതിശയകരമായ വേഗത്തില്‍ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങള്‍ ആണ്. തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും (age is just a number) എന്നൊക്കെ പറഞ്ഞാണ് നമ്മള്‍ ശീലിച്ചത്. പക്ഷെ രോഗികളുടെ എണ്ണം വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളില്‍ കയറുന്ന സാഹചര്യം വന്നപ്പോള്‍ ചിലരുടെ ജീവന്‍ മറ്റുള്ളവരേതിനേക്കാള്‍ വിലകുറഞ്ഞതായി. പൊതുസമൂഹം ആദ്യം നോക്കിയത് പ്രായമായവരുടെ നേരെയാണ്.
'ഇവരൊക്കെ ജീവിതം ജീവിച്ചതല്ലേ, അപ്പോള്‍ ഉള്ള ഐ സി യു വും വെന്റിലേറ്ററുമൊക്കെ അത്രയും കാലം ജീവിക്കാത്തവര്‍ക്ക് കൊടുക്കാം'
എന്ന് ചിന്തിക്കുന്ന കാലം പലയിടത്തും എത്തി. രോഗികളുടെ ആധിക്യവും വെന്റിലേറ്ററുകളുടെ എണ്ണക്കുറവും വച്ച് വിലയില്ലാത്ത ജീവിതങ്ങളുടെ അക്കം എണ്‍പത്തി അഞ്ചോ എണ്‍പതോ എഴുപത്തി അഞ്ചോ ഒക്കെയായി. കാര്യങ്ങള്‍ കൂടുതല്‍ വഷളായിരുന്നെങ്കില്‍ അത് വീണ്ടും താഴേക്ക് വന്ന് എഴുപതും അറുപതുമൊക്കെ ആയേനെ!. ഈ കൊറോണയെ നമ്മള്‍ കീഴടക്കുന്നതിന് മുന്‍പ്, ഈ ചോദ്യങ്ങളും തെരഞ്ഞെടുപ്പുകളും നമ്മുടെ കേരളത്തില്‍ പോലും ഉണ്ടായേക്കാം.
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നത് പ്രായമായവരുടെ മാത്രം മരണമല്ല, നമ്മള്‍ തലമുറകളായി ആര്‍ജ്ജിച്ച സംസ്‌കാരത്തിന്റെ മരണം കൂടിയാണ്.
രോഗികളെയും വയസ്സായവരേയും ഒക്കെ സംരക്ഷിക്കുക എന്നത് മറ്റു മൃഗങ്ങള്‍ സാധാരണ ചെയ്യുന്ന ഒന്നല്ല. വയസ്സായി ഓടാന്‍ ബുദ്ധിമുട്ടുള്ള ഒരു മാന്‍ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അതിനെക്കൂടി സംരക്ഷിച്ച് കൊണ്ട് കട്ടില്‍ ജീവിക്കാം എന്ന് ഒരു മാന്‍ കൂട്ടം തീരുമാനിച്ചാല്‍ അതിലെ ആരോഗ്യമുള്ളവരുടെ കാര്യം കൂടി കുഴപ്പത്തിലാകും. അതുകൊണ്ടു തന്നെ അവര്‍ ആരോഗ്യമുള്ളവരുടെ കാര്യമാണ് നോക്കുന്നത്. മനുഷ്യന്‍ മൃഗവുമായി എത്ര അടുത്താണെന്നുള്ളതിന്റെ ഒരു പ്രിവ്യൂ ഒക്കെയാണ് കൊറോണ നമുക്ക് തന്നത്.
( ആനകളും തിമിംഗലങ്ങളും ഉള്‍പ്പടെ അപൂര്‍വ്വം ജീവികളാണ് വയസ്സായവരെ സംരക്ഷിക്കുന്ന സ്വഭാവം ഉള്ളത്. വയസ്സായ ആനകള്‍ക്ക് കൂടി പോകാന്‍ പറ്റുന്ന വേഗത്തിലേ ആനക്കൂട്ടങ്ങള്‍ നടക്കുകയുള്ളൂ. ചെറുപ്പകാലത്ത് സിംഹമായി ജീവിച്ചിട്ട് വയസ്സാകുമ്പോള്‍ ആനയാകുന്നതാണ് ബുദ്ധി)
ഈ കൊറോണക്കാലത്തില്‍ വയസ്സായവര്‍ക്കും വയസ്സാവാന്‍ പോകുന്നവര്‍ക്കും ചിലതൊക്കെ പഠിക്കാനുണ്ട്. മക്കള്‍ക്ക് വേണ്ടി ഒക്കെയുള്ള ജീവിതം ഒക്കെ ഔട്ട് ഓഫ് ഫാഷന്‍ ആണ്. അവരുടെ തടി കേടാവുന്ന കാലം വന്നാല്‍ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് സമ്പൂര്‍ണ്ണമായി ജീവിക്കുക, മനുഷ്യാവകാശങ്ങള്‍ക്കൊക്കെ പ്രായമാവുകയാണ്. അതുകൊണ്ട് സ്വന്തം കാര്യം നോക്കാന്‍ പഠിക്കുക. ജനാധിപത്യം നിലനില്‍ക്കുന്ന കാലത്തോളമെങ്കിലും വയസ്സന്മാര്‍ സംഘടിച്ച് ഒരു വോട്ടിങ്ങ് ബ്ലോക്ക് ആവുക. വയസ്സായവരുടെ അവകാശങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുക. ഇനിയൊരു മഹാമാരിയോ ഭക്ഷ്യക്ഷാമമോ ഒക്കെ ഉണ്ടായാല്‍ 'വയസ്സായവരൊക്കെ ക്യൂവില്‍ നിന്നും മാറി നില്‍ക്കട്ടെ' എന്ന് പറയാന്‍ അവസരമുണ്ടാക്കാതിരിക്കുക.
പ്രായമായവരുടെ അവകാശങ്ങള്‍ മാത്രമല്ല ഈ കൊറോണക്കാലം കൊണ്ടുപോയത്. എല്ലാ മനുഷ്യരുടെയും എന്തെങ്കിലും ഒക്കെ അവകാശങ്ങള്‍ ഇല്ലാതായിട്ടുണ്ട്.തൊഴിലാളികളുടേത് ഉള്‍പ്പടെ ഏറെ അവകാശങ്ങള്‍ അതിവേഗത്തില്‍ ഇല്ലാതാവാന്‍ പോവുകയാണ്. ഇതൊക്കെ പൊതുസമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണെന്നുള്ള ചിന്തയില്‍ അധികം ചിന്തിക്കാതെ ഒട്ടും എതിര്‍ക്കാതെ നമ്മള്‍ അതെല്ലാം വിട്ടുകൊടുത്തിട്ടും ഉണ്ട്. ഈ കൊറോണക്കാലം കഴിയുന്നതിന് മുന്‍പ് ഇനി എന്തൊക്കെ അവകാശങ്ങള്‍ ആണ് നമുക്ക് നഷ്ടപ്പെടാന്‍ പോകുന്നത് ?, ഈ കൊറോണ കഴിയുന്ന ഒരു കാലം ഉണ്ടായാല്‍ അതൊക്കെ നമുക്ക് തിരിച്ചു കിട്ടുമോ ?. കൊറോണ കുറച്ചു കാലം നീണ്ടു നിന്നാല്‍ പണ്ട് നമുക്ക് ഇത്തരം അവകാശങ്ങള്‍ ഉണ്ടായിരുന്നു എന്ന് നാം ഓര്‍ക്കുമോ ?
#ചിന്തയുടെകാലം
മുരളി തുമ്മാരുകുടി .
from mangalam.com https://ift.tt/2yqtZMK
via IFTTT
No comments:
Post a Comment