സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഉത്രയ്ക്ക് സ്വന്തം ഭര്‍ത്താവില്‍ നിന്നും തന്നെ ഉണ്ടായ കൊടും ക്രൂരത. ഓരോ വീടുകളിലും ഇത്തരത്തില്‍ പല സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് നീതി വേണ്ടത്. മരിച്ചിട്ടല്ല.
ഇനിയത് പാമ്പ് കടിയേറ്റ് മരിച്ചിട്ടായാലും വെന്തുരുകി ജീവിച്ചിട്ടായാലും -അദ്ദേഹം കുറിച്ചു.
ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്റെ കുറിപ്പിങ്ങനെ;
നമ്മുടേത് ഒരു പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും, പുരുഷാധിപത്യത്തെ മോറലൈസ് ചെയ്യുന്ന ഒരു പൊതു മൂല്യബോധം ഇവിടെ നിലനില്‍ക്കുന്നുവെന്നും ഔട്ട്‌സെറ്റില്‍ത്തന്നെ സമ്മതിച്ച് തുടങ്ങുന്നിടത്ത് നിന്ന് മാത്രമേ സമത്വവാദങ്ങളിലുള്ള ഒരു ചര്‍ച്ചയ്ക്ക് സ്‌കോപ്പൊളളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സമൂഹമെന്ന നിലയ്ക്ക് മനുഷ്യര് മൊത്തത്തില്‍ വീണ് കിടക്കുന്ന ഈ ചെളിക്കുണ്ടില്‍ നിന്നും പുറത്തേക്ക് വരണമെന്ന് മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങുന്നിടത്ത് നിന്നാണ്, സ്ത്രീയ്ക്ക് (സ്ത്രീക്ക് മാത്രമല്ല എല്ലാ ലിംഗക്കാര്‍ക്കും) തുല്യമായ അവകാശമുണ്ടെന്ന് ഒരു പൊതുബോധം ഉണ്ടാവുന്നിടത്ത് നിന്നുമാണ്, വിമോചനവാദവും സ്വാതന്ത്ര്യവാദവും തുടങ്ങുന്നത് തന്നെ. ഒരു തരം മോര്‍ബിഡ്‌സോഷ്യല്‍ ഇല്‍നെസ്സാണ്. എല്ലാവരും ഒരുമിച്ച് പെട്ട് പോയ ഒന്ന്. അത് വിജയകരമായി പൂര്‍വ്വാര്‍ജ്ജിതമായ പൈതൃകം പോലെ തലമുറകളിലൂടെ സക്സ്സസ്ഫുളി കൈമാറ്റം ചെയയ്‌പ്പെടുന്നതും ഊട്ടി ഉറപ്പിക്കപ്പെടുന്നതും നിരന്തരമായ ദൃഢീകരികരണങ്ങളിലൂടെയുമാണ്. നമ്മുടെ സാഹിത്യത്തിലും പാട്ടുകളിലും സിനിമകളിലും സംഭാഷണങ്ങളിലും, ഇപ്പോ ട്രോളുകളിലും എഴുത്തുകളിലും എല്ലാം കൂടി.
സംവരണത്തിലെന്നപോലെ ഈ വിമോചന സമത്വ സ്വാതന്ത്ര്യ വാദങ്ങളിലേയും യുക്തി ഒരു യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുമാണ് വരുന്നത്. നമ്മുടെ സമൂഹത്തില്‍ നീതിയെന്നത് സ്വാഭാവികമായി വിതരണം ചെയ്യപ്പെടുന്ന ഒന്നല്ലെന്നും, അത് വ്യക്തിക്ക് അതീതമായി അവരുള്‍പ്പെടുന്ന ഒരു സബ് ഗ്രൂപ്പിനോട് തന്നെ വിവേചനം കാട്ടുന്നൂന്നും, ഈ വിവേചനത്തിന് സോഷ്യല്‍ സാങ്ഷനും വ്യവസ്ഥാപിതമായ കാരണങ്ങളുണ്ടെന്നും സമ്മതിച്ച് കൊണ്ടാണ് അതിനെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങേണ്ടത്. അതിന് ആദ്യ പടിയായിട്ട് മനുഷ്യരൊന്ന് പറഞ്ഞു തുടങ്ങട്ടെ. പറയുന്നത് കേട്ടിട്ട് ഉടന്‍ തന്നെ ആരോപിതനേ തൂക്കിലേറ്റാനൊന്നും പോണില്ല്‌ല്ലോ…ആദ്യം അവരൊന്ന് പറയട്ടെ. നമുക്കതൊന്ന് കേട്ട് തുടങ്ങാം.
ശ്രദ്ധിക്കാം.
==================================
വീട്ടീന്ന് തുടങ്ങാം. എന്റെ അമ്മേടെ കാര്യം തന്നെ പറഞ്ഞ് തുടങ്ങാം. '57ല്‍ SSLC കഴിഞ്ഞ്, 58ല്‍ പ്രിയുണിവ്‌സിറ്റി കഴിഞ്ഞ്, 61ല്‍ തിരുവന്തപുരം വിമെന്‍്‌സ് കോളേജീന്ന് BSc (Zoology main, Botany sub) കഴിഞ്ഞ് 62 ഏപ്രിലില്‍ BEd കഴിഞ്ഞ് ആ വര്‍ഷം കല്യാണം കഴിഞ്ഞു. അച്ഛന്റെ കല്യാണാലോചന വന്ന സമയത്ത് തന്നെ അമ്മയേ ജോലിക്ക് വിടില്ലെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. BEd പരീക്ഷ കഴിഞ്ഞ് രണ്ട് ആഴ്ചക്കുള്ളിലായിരുന്നു കല്യാണം. അമ്മ ജോലിക്ക് പോയില്ല. വിട്ടില്ല എന്ന് തന്നെ പറയണം. അമ്മ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഡാന്‍്‌സും കളിക്കുമായിരുന്നു, പാട്ടും പാടുമായിരുന്നു. നങ്ങ്യാര്‍കുളങ്ങരയിലെ ബഥനി സ്‌കൂളിലെ മത്സരങ്ങളിലൊക്കെ സമ്മാനങ്ങള്‍ വാരി കൂട്ടിയിരുന്ന മിടുമിടുക്കിയായിരുന്ന സരളമ്മ എന്ന പെണ്‍കുട്ടി ജില്ലാതലത്തിലുള്ള മത്സരങ്ങളിലേക്ക് യോഗ്യത നേടി. സ്‌കൂളിലേ അധ്യാപകരൊക്കെ കെഞ്ചി പറഞ്ഞിട്ടും വിട്ടില്ല.
കൊല്ലത്ത് SN വിമെന്‍്‌സ് കോളേജിലേ ഇന്ദിരാവര്‍മ്മ ടീച്ചര്‍ കഴിവ് കണ്ടെത്തി നിര്‍ബന്ധിച്ചാണ് അമ്മ പിന്നീട് സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നതും സമ്മാനം വാങ്ങുന്നതും. പിന്നീട് തിരുവനന്തപുരത്ത് വിമെന്‍്‌സ് കോളേജിലും നെടുങ്ങണ്ടത്ത് BEdന് പഠിക്കുമ്പോഴും അമ്മ പാട്ടിനും ഡാന്‍സിനും സമ്മാനങ്ങള്‍ കിട്ടി.പക്ഷെ കോളേജിനപ്പുറം ഒരു സ്റ്റേജിലേക്കും എത്താതെ അവിടെ തീര്‍ന്നു. അമ്മ BEdന് പോകുന്നതിനും ഒരു കാരണമുണ്ട്. 1961ല്‍ BSc കഴിഞ്ഞ് ആ വര്‍ഷം തന്നെ രാജസ്ഥാനിലെ പിലാനി യുനിവേഴ്‌സിറ്റിയില്‍ MScക്ക് അഡ്മിഷന്‍ കിട്ടി. You are selected, start immediately എന്ന് പറഞ്ഞു വന്ന telegram അത് പോലെ ചുവരില്‍ തൂങ്ങി. അമ്മൂമ്മ വിട്ടില്ല. അങ്ങനെയാണ് നാട്ടിലുള്ള BEd കോഴ്‌സില്‍ അമ്മ ഒതുങ്ങുന്നത്. കോഴ്‌സില്‍ ഒതുങ്ങിയെന്ന് തന്നെ പറയണം. ഒരിക്കല്‍ പോലും ഒരു ക്ലാസ് മുറിയില്‍ ടീച്ചറായി അമ്മ എത്തിയില്ല.
അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് dying in harness വഴി ഒരു ടീച്ചിങ്ങ് കരിയര്‍ അമ്മയ്ക്ക് മുന്നില്‍ വീണ്ടും തുറന്ന് വന്നു. അന്ന് അമ്മയ്ക്ക് 42 വയസ്സാണ്. ഞാന്‍ എട്ടാം ക്ലാസ്സിലും ചേച്ചി BAയ്ക്കും പഠിക്കുന്ന സമയം. അമ്മ പോയില്ല. ഇന്ന് പലയിടത്ത് വച്ചും അമ്മയേ നേരിട്ട് പരിചയമില്ലാത്തവര് പലരും അമ്മയുടെ സംസാരവും മട്ടും ഒക്കെ കണ്ട് ചോദിക്കുന്ന കാര്യമാണ്.. ടീച്ചറ് ഏത് സ്‌കൂളീന്നാണ് റിട്ടയര്‍ ചെയ്തതെന്ന്. അത്രയ്ക്കും 'ടീച്ച്രത്വം' ഉണ്ട് അമ്മയ്ക്ക്. കുറേ കുട്ടികള്‍ക്ക് അമ്മയെന്ന ടീച്ചറില്‍ നിന്നും കിട്ടേണ്ടിയിരുന്ന സ്‌നേഹവും വാത്സല്യവും നഷ്ടപ്പെട്ടു എന്നൊക്കെ ഓര്‍ത്ത് വിഷമിക്കാറുണ്ട്. പക്ഷെ ആ ചിന്തകളേക്കാള്‍ മുന്നിലെത്തുന്നത് എന്റെ അമ്മ എന്ന സ്ത്രീക്ക് ഒരിക്കലും അവരുടെ കഴിവുകള്‍ക്ക് നീതി പുലര്‍ത്തുവാന്‍ കഴിയാതെ പോയത് പാട്രിയാര്‍ക്കി കാരണമാണെന്ന സത്യത്തിലേക്കാണ്.
അമ്മയുടെ കൂടെ പഠിച്ചിരുന്നവരും (തോറ്റിരുന്നവര്‍ പോലും) വല്യ വല്യ ഔദ്യോഗിക പദവികളിലൊക്കെയിരുന്ന് റിട്ടയര്‍ ചെയ്തിട്ടുണ്ട്. ആ സമയത്ത് അമ്മ അടുക്കളയിലും വീട്ടിലുമായി തളയ്ക്കപ്പെട്ട് ജീവിതം ജീവിച്ച് തീര്‍ക്കുന്നു. അമ്മയുടെ അച്ഛനമ്മമാരെ നോക്കി, അച്ഛനേ നോക്കി, എന്നേം ചേച്ചിയും നോക്കി ഞങ്ങളുടെ മക്കളേം…നാല് തലമുറകള്‍ ക്ക് വേണ്ടി അടുക്കളയില്‍ ഉരുകി ഒരു ജീവിതം. അമ്മയെന്ന സ്ത്രീയേ വീട്ട്തടങ്കലിലാക്കി അതിന്റെ എല്ലാ ഫലങ്ങളും അനുഭവിച്ചതാണ് ഞാനുള്‍പ്പടെ എല്ലാവരുടേയും ജീവിതം. ഓരോ അമ്മയൂണും അമ്മപോസ്റ്റും ഇടുമ്പോ അമ്മയെന്ന സ്ത്രീയേ കുടുമ്പമെന്ന വ്യവസ്ഥയിലൂടെ ഒരിടത്തിരുത്തി ഒരിയ്ക്കലും ഫുള്‍ഫില്‍ ചെയ്യാത്ത അമ്മയുടെ പൊട്ടന്‍ഷ്യലിന്മേല്‍ ഞെളിഞ്ഞിരുന്നാണ് ഈ പ്രകടനമത്രയും.
അറിയാം.
==================================
പൊതുവേ മൃതദേഹപരിശോധനകളുടെ ഒരു സ്‌പെഷ്യാല്‍റ്റിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഫോറെന്‍സിക്ക്‌സിലൊരു പ്രധാനപ്പെട്ട മേഖലയാണ് ക്ലിനിക്കല്‍ ഫോറെന്‍സിക്ക് മെഡിസിന്‍. ക്രിമിനല്‍ കുറ്റാന്വേഷണത്തിന്റെ ഭാഗമായി ജീവിച്ചിരിക്കുന്നവരില്‍ നടത്തുന്ന പരിശോധന. അതില്‍ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ലൈംഗിക ആക്രമണങ്ങള്‍ അതിജീവിച്ചരില്‍ നടത്തുന്ന പരിശോധനകള്‍. കേസുകള്‍ തുടങ്ങുന്നത് ഒരു സ്ത്രീ sexually assaulted ആയി എന്ന ഒരു ആരോപണത്തോടെയാണ്. ദ്രുതഗതിയിലൊരു നിരീക്ഷണം നടത്തുകയാണെങ്കില്‍ (cursory glance) ആര്‍ക്കും പെട്ടെന്ന് തോന്നാവുന്ന ഒരു കാര്യമാണ് ഇതില്‍ മിക്കവാറും കേസുകള്‍ വെറും സാങ്കെതികം മാത്രമാണെന്ന്. ഒരു പാട് കേസ്സുകളില്‍ നിയമം ദുരുപയോഗം ചെയതോണ്ട് നടത്തുന്ന പകപോക്കലുകളും കെട്ടിച്ചമച്ച കേസുകളാണ് അധികമെന്നും തോന്നും. ഇതില്‍ നിന്നും നമുക്ക് എത്തി ചേരാവുന്ന ചില തീര്‍പ്പുകള്‍ രണ്ട് തരത്തിലാണ്.
ഒന്ന്, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് എതിരേ നിയമലംഘനങ്ങളൊന്നും നടക്കുന്നില്ല. എല്ലാം വെറും കെട്ട് കഥകളാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും ഊതി പെരുപ്പിച്ച് സ്ത്രീകള്‍ വെറുതേ കള്ള കേസുകളുണ്ടാക്കുന്നു.
രണ്ട്, അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അവ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല, അവ നിയമസംവിധാനങ്ങളില്‍ എത്തിപ്പെടുന്നില്ല. പല കാരണങങളുണ്ടാവാം. പാട്രിയാര്‍ക്കിയുടെ പാകപ്പെടുത്തലുകളില്‍ തുടങ്ങി, ആക്രമണങ്ങളുടെ ഒരു നമ്പിങ്ങ് ഇഫക്ട്, അല്ലെങ്കില്‍ നീതി നിര്‍വ്വഹകണ സംവിധാനങ്ങളിലേക്കുള്ള അപ്രാപ്യത, പരാതി കൊടുത്താലും നീതി കിട്ടില്ല, അല്ലെങ്കില്‍ ആ പ്രോസസ്സിലൂടെ കിട്ടുന്നത് നിലവാരമില്ലാത്ത നീതിയായിരിക്കുമെന്ന ഉറച്ച വിശ്വാസം.
രണ്ടാമത്തേതാണ് റിയാലിറ്റി. അത് കൊണ്ട് തന്നെ അത് വരെ കണ്ടതും പരിചയിച്ചതും കൈകാര്യം ചെയ്തതുമായ കേസ്സുകളില്‍ ഭൂരിപക്ഷവും അതിന്റെ ആരോപണത്തിന്റെ 'മെരിറ്റില്‍' മോശമെന്ന് തോന്നിയാലും, ഓരോ പുതിയ കേസ്സും സ്ത്രീപക്ഷത്ത് നിന്ന് തന്നെ തുടങ്ങേണ്ടതിലുള്ള ആവശ്യകതയിരിക്കുന്നത്. ഒരു rape survivorനെ പരിശോധിച്ചിട്ട് ശരീരത്തില്‍ കുറ്റകൃത്യം നടന്നതിന്റെ തെളിവുകള്‍ ഒന്നും കിട്ടിയില്ലെങ്കിലും (genital അല്ലെങ്കില്‍ bodily injuries ന്റെ അഭാവത്തിലും) വൈദ്യ പരിശോധനയുടെ അവസാനം പറയേണ്ട അഭിപ്രായം 'there is no evidence of rape' എന്നല്ല. മറിച്ച്, 'the examination findings are NOT INCONSISTENT with the allegation of rape' എന്നാണ്.
വൈദ്യപരിശോധനയിലൂടെ എത്താവുന്ന ഒരു മെഡിക്കല്‍ ഡയഗ്‌നോസിസ് അല്ല Rape നടന്നോ ഇല്ലയോ എന്നത്. അത് കോടതികളില്‍ സാഹചര്യ തെളിവുകളുടെയും മറ്റനേകം ഘടകങ്ങളെയും അപഗ്രഥിച്ച് എത്തേണ്ടുന്ന ഒരു ലീഗല്‍ കണ്‍ക്ലൂഷനാണ്. അങ്ങനെ ഒരു തീര്‍പ്പിലെത്തണമെങ്കില്‍ സ്ത്രീ പറയുന്നത് മുഖവിലയ്ക്ക് എടുത്ത് ഗൗരവമായ ഒരു അന്വേഷണത്തിലേക്കാണ് എത്തി ചേരേണ്ടത്. ഈ positioning ഒരു ഔദാര്യമൊന്നുമല്ല. പുരുഷ മേല്‍കോയ്മയും പുരുഷാധികാരവും ഏറ്റവും ശക്തമായും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് എടുക്കാവുന്ന ശരിയായ ഒരു non negotiable position ആണത്. അതാണ് ശരിവാദം. അത് കൊണ്ട് സ്ത്രീകള്‍ സംസാരിക്കട്ടെ. എല്ലാത്തരം വിവേചനങ്ങളേപ്പറ്റിയും പറയട്ടേ. ഒരു ആധുനിക പരിഷ്‌കൃത സമൂഹമാകാനുള്ള ആദ്യ ചുവട് വയ്‌പ്പെന്ന നിലയ്ക്ക് ആ സംസാരങ്ങള്‍ നിലയ്ക്കാതെ വരട്ടേ. സമൂഹം ക്ഷമയോടെയും ചെറുതല്ലാത്ത കുറ്റബോധത്തോടെയും അത് കേട്ട് തുടങ്ങാനുള്ള സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. പറഞ്ഞത് തുടങ്ങുന്നതിന് മുന്നേ തന്നെ ന്യായീകരണങ്ങളും എതിര്‍വാദങ്ങളും കോണ്ട് ബാലന്‍സിങ്ങ് തുടങ്ങിയാല്‍ സമത്വം എന്ന സങ്കല്പത്തേക്കുറിച്ച് സംസാരിച്ച് തുടങ്ങാനുള്ള വേവ് നിങ്ങള്‍ക്ക് ആയിട്ടില്ല എന്നേ തോന്നൂ. സ്ത്രീസ്വാതന്ത്ര്യവാദവും സ്ത്രീപക്ഷവാദവും സ്ത്രീകളോടുള്ള Bias അല്ല. പക്ഷം ചേരലുമല്ല അതാണ് ന്യൂട്ട്രല്‍.
=================================
പണ്ടൊരിക്കല്‍ എന്റെ ഗുരുനാഥ പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. വീട്ടിലേ മണ്ണെണ്ണ സ്റ്റൗവീന്ന് പടരുന്ന തീയ്ക്ക് സ്ത്രീകളോടാണ് കൂടുതല്‍ മമത. അതും വീട്ടിലേക്ക് വിവാഹം ചെയ്ത് വന്ന മരുമകളൊടാണ് ഇച്ചിരി കൂടുതലിഷ്ടം…. ജീവിച്ചിരിക്കുമ്പോഴാണ് നീതി വേണ്ടത്. മരിച്ചിട്ടല്ല. ഇനിയത് പാമ്പ് കടിയേറ്റ് മരിച്ചിട്ടായാലും വെന്തുരുകി ജീവിച്ചിട്ടായാലും… ശരിയല്ലേ?
from mangalam.com https://ift.tt/3ejKMAo
via IFTTT
No comments:
Post a Comment