കോലഞ്ചേരി: ലോക്ക്ഡൗണ്‍ മൂലം വിവാഹം മാറ്റിവച്ചതു രണ്ടുതവണ. സ്വന്തം നാട്ടില്‍വച്ചു വിവാഹം ഉടന്‍ നടക്കില്ലെന്നു ബോധ്യമായതോടെ വധുവും സംഘവും വരന്റെ നാട്ടിലേക്കു പോയി. വിവാഹവും യാഥാര്‍ഥ്യമായി. പുത്തന്‍കുരിശ് മാനാന്തടം മുണ്ടയ്ക്കല്‍ കുര്യാച്ചന്റെയും ലില്ലിയുടെയും മകള്‍ എം.കെ. ലിയയും വയനാട് മടക്കുന്ന് മറ്റക്കാട്ട് ആന്റണിയുടെയും ഷാന്റിയുടെയും മകന്‍ ആന്‍വിനും തമ്മിലുള്ള വിവാഹമാണ് ഇന്നലെ മാനന്തവാടി രൂപതയിലെ മടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്നത്.
വധുവിന്റെ നാടായ പുത്തന്‍കുരിശില്‍ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. ജില്ല മാറിയെത്തിയാല്‍ ക്വാറൈന്റനിലേക്കു പോകേണ്ടിവരുമെന്ന ആശങ്കയായിരുന്നു മുമ്പു വിവാഹം മാറ്റിവയ്ക്കാന്‍ കാരണമായത്. ഇതോടെയാണ് വയനാട്ടിലേക്കു പോകാന്‍ തീരുമാനിച്ചത്. പാസിനായി പുത്തന്‍കുരിശ് പോലീസിനെ സമീപിച്ചെങ്കിലും ജില്ലാ കലക്ടറുടെ അടുത്തേക്കുവിട്ടു. കലക്ടറേറ്റിലെ പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാരന്‍ ശ്രീനാഥ് ശ്രീധരന്‍ മുഖേന കുടുംബം എ.ഡി.എം: കെ. ചന്ദ്രശേഖരന്‍ നായരെ സമീപിച്ചു.
പാസ് നല്‍കി വിവാഹ ആശംസകള്‍ അര്‍പ്പിച്ചാണ് എ.ഡി.എം. കലക്ടറേറ്റില്‍നിന്ന് യാത്രയാക്കിയത്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശനിയാഴ്ച പത്തംഗ സംഘം യാത്ര തിരിച്ചു. വിവാഹശേഷം മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒന്‍പതു പേര്‍ ഇന്നലെ തിരിച്ചുപോന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം വധൂവരന്മാര്‍ വധുവിന്റെ വീട്ടിലെത്തും. കാക്കനാട്ട് സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍. മാനേജരാണ് ലിയ. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ആല്‍വിന്‍.
from mangalam.com https://ift.tt/35QZRX5
via IFTTT
No comments:
Post a Comment