മുംബൈ: അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ വിമാനഇന്ധനത്തിന്റെ വിലയിൽ 23.2 ശതമാനം കുറവുവരുത്തി എണ്ണക്കന്പനികൾ. കിലോലിറ്ററിന് 6,812.62 രൂപയാണ് (23.2 ശതമാനം) കുറച്ചത്. ഇതോടെ കിലോലിറ്ററിന് 22,544.75 രൂപയിൽ(ലിറ്ററിന് 22.54 രൂപ) എത്തി. രാജ്യത്തെ പെട്രോൾ, ഡീസൽ വിലയുടെ മൂന്നിലൊന്നിൽ താഴെയാണിത്. പെട്രോളിന് ഡൽഹിയിൽ 69.59 രൂപയും കൊച്ചിയിൽ 7.41 രൂപയുമാണ് വില. ഡീസലിനിത് യഥാക്രമം 62.29 രൂപയും 65.70 രൂപയും. കോവിഡ് പ്രതിസന്ധിയിൽ അന്താരാഷ്ട്രതലത്തിൽ ലോക്ഡൗൺ വന്നതോടെ അസംസ്കൃതഎണ്ണയുടെ ഉപയോഗം കുത്തനെ കുറഞ്ഞു. വിലയിലും ഇതിനനുസരിച്ച് കുറവുണ്ടായി. ഒരവസരത്തിൽ ബാരലിന് 25 ഡോളറിന് (ഏകദേശം 1900രൂപ) അടുത്തുവരെയെത്തിയിരുന്നു. വില ഇത്ര കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽവില കുറയ്ക്കാൻ സർക്കാരും എണ്ണക്കന്പനികളും തയ്യാറായിട്ടില്ല. മാർച്ച് 16-നാണ് അവസാനമായി ഇവയുടെ വില പരിഷ്കരിച്ചത്. അതുവരെ അന്താരാഷ്ട്രവിപണിയിലെ വിലയ്ക്ക് ആനുപാതികമായി ദിവസവും വില പുതുക്കിനിശ്ചയിച്ചിരുന്നതാണ്. മാർച്ച് പകുതിയിൽ പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ മൂന്നുരൂപയ്ക്കടുത്ത് വർധിപ്പിക്കുകയുംചെയ്തിരുന്നു. രാജ്യത്ത് ലോക്ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ ഉപഭോഗം നാമമാത്രമാണ്. അതുകൊണ്ടുതന്നെ സർക്കാരിന് ഭീമമായ നികുതിനഷ്ടവും ഇതുവഴിയുണ്ടാകുന്നുണ്ട്. ഏപ്രിലിൽമാത്രം 40,000 കോടി രൂപയ്ക്കടുത്ത് കേന്ദ്രസർക്കാരിന് ഇത്തരത്തിൽ നഷ്ടമായെന്നാണ് വിലയിരുത്തൽ. ഇതാണ് ഇവയുടെ വിലകുറയ്ക്കുന്നത് മരവിപ്പിക്കാൻ കാരണമെന്നു കരുതുന്നു. വിപണിവിലപ്രകാരമുള്ള സബ്സിഡിയില്ലാത്ത മണ്ണെണ്ണയ്ക്കും വിലകുറച്ചിട്ടുണ്ട്. 13.3 ശതമാനമാണ് കുറവ്. ഇതോടെ കിലോലിറ്ററിന് 39,678.47 രൂപയായി. അതായത് ലിറ്ററിന് 39.67 രൂപമാത്രം. ഫെബ്രുവരിക്കുശേഷം തുടർച്ചായി ആറാംതവണയാണ് വിമാന ഇന്ധനത്തിന് വിലകുറയ്ക്കുന്നത്. അന്നത്തെ നിരക്കിനെക്കാൾ മൂന്നിലൊന്നായി വില കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരിയിൽ കിലോലിറ്ററിന് 64,323.76 രൂപയായിരുന്ന സ്ഥാനത്തിപ്പോൾ 22,544.75 രൂപമാത്രമാണുള്ളത്. ലോക്ഡൗണിൽ വിമാനസർവീസുകൾ പൂർണമായി നിർത്തിയിട്ടുണ്ട്. അത്യാവശ്യ ചരക്കുനീക്കത്തിന് ചുരുക്കം ചില സർവീസുകൾമാത്രമാണ് നടത്തുന്നത്. Content Highlight: Aviation fuel price cut 23 per cent, costs one-third of petrol price
from mathrubhumi.latestnews.rssfeed https://ift.tt/2z2GaPU
via
IFTTT
No comments:
Post a Comment