വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മുറവിളിയുയരുകയാണ്. ഇതിലെ പ്രായോഗികതയെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാതൃഭൂമി പ്രതിനിധി മനോജ് മേനോനുമായി സംസാരിക്കുന്നു കോവിഡ്-19 രോഗബാധയെത്തുടർന്ന് ലോകമെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാർ ആശങ്കയിലാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യം ഉയരുന്നു. എന്താണ് പരിഹാരം? പ്രവാസികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫിൽ മാത്രം ഏതാണ്ട്് ഒരു കോടി ഇന്ത്യക്കാരുണ്ട്. നാൽപ്പതുലക്ഷത്തോളം ഇന്ത്യക്കാർ അമേരിക്കയിൽ. അതായത്, നാലഞ്ചുകോടി ഇന്ത്യക്കാർ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. ഇവരിൽ കുറെപ്പേർ അവിടെ സ്ഥിരതാമസക്കാരാണ്. സ്ഥിരതാമസക്കാർ ഒഴികെയുള്ള പലരും ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത്രയും ആളുകൾക്ക് തിരിച്ചുവരാൻ സൗകര്യമൊരുക്കുകയെന്നത് പ്രായോഗിക പ്രശ്നമാണ്. 200-250 പേർക്ക് യാത്രചെയ്യാവുന്ന ഒരു വിമാനം പതിനായിരംപേരെ ഇന്ത്യയിലെത്തിക്കാൻതന്നെ അമ്പതു തവണയെങ്കിലും സർവീസ് നടത്തേണ്ടിവരും. ലക്ഷക്കണക്കിന് ആളുകളെ തിരിച്ചുകൊണ്ടു വരുക പ്രായോഗികമായി എളുപ്പമല്ല. തിരിച്ചുവരുന്ന ഇത്രയുംപേരെ എങ്ങനെ ക്വാറന്റൈൻ ചെയ്യും, എവിടെ അതിനായി താമസിപ്പിക്കും എന്നത് മറ്റൊരു പ്രശ്നം. രോഗം തടയാൻ സാമൂഹികഅകലം പാലിക്കുക മാത്രമാണ് മാർഗം. ഇത്രയും പേരെ ഒരുമിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ ഈ തത്ത്വം പൂർണമായി ബലികഴിക്കേണ്ടി വരും. വരുന്ന ആളുകൾക്കും സുരക്ഷിതത്വമുണ്ടാകില്ല. അവർ കാരണം മറ്റുള്ളവർക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും എവിടെയാണോ ഇപ്പോഴുള്ളത്, അവിടെത്തന്നെ തുടരുക എന്നതാണ് ലോക്ഡൗണിന്റെ അർഥം. എല്ലാവരും അവരവരുടെ വീട്ടിലിരിക്കാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് ലോക്ഡൗൺ സാധാരണ നിലയിലെത്തിക്കഴിഞ്ഞതിനുശേഷം മാത്രമേ തിരിച്ചുവരവ് സാധിക്കൂ. അതിനാൽ എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽത്തന്നെ തുടരുകയും അങ്ങനെ തുടരുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അതു പരിഹരിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിനായി പല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ എംബസികളുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സംഘടനകൾ ആരോപിക്കുന്നുണ്ട്. ? ഇത്തരം പരാതികൾ കിട്ടിയിട്ടുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള പകർച്ചവ്യാധി ഇതുവരെ ലോകം കാണാത്ത ഒരു സ്ഥിതി വിശേഷമാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ലോകത്ത് പല രാജ്യങ്ങൾക്കും ആവശ്യമായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ല. സാമൂഹിക അകലം പാലിക്കണമെന്ന് നമ്മൾ പറഞ്ഞതിന്റെയും പ്രധാനപ്പെട്ട ഉദ്ദേശ്യം ഇതിലൂടെ രോഗം പരിമിതപ്പെടുത്താം എന്നതാണ്. ഈ രണ്ടുമൂന്നാഴ്ചകൾ കൊണ്ട് നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു കരുതിയാണ്. പല വിദേശരാജ്യങ്ങളിലും ഇത്രയും വലിയ ജനസംഖ്യയുടെ പ്രശ്നങ്ങൾ ഒരുമിച്ച് നേരിട്ടിട്ടുള്ള പരിചയമില്ല. അതുകൊണ്ട് പരിമിതികളുണ്ട്. എംബസികളുടെ കാര്യം പരിശോധിക്കാം. ഒരു എംബസിക്കും അവർ പ്രവർത്തിക്കുന്ന രാജ്യത്ത് സൗകര്യങ്ങൾ നേരിട്ട് ഏർപ്പെടുത്താനാകില്ല. അതിന് പരിമിതികളുണ്ട്. ആശുപത്രി സംവിധാനം, ക്വാറന്റൈൻ സംവിധാനങ്ങൾ, അസുഖം ബാധിച്ചുകഴിഞ്ഞവരെ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയവയെല്ലാം ചെയ്യേണ്ടത് അതത് രാജ്യത്തെ ഭരണകൂടങ്ങളാണ്. എല്ലാ ഇന്ത്യൻ എംബസികളും ഇന്ത്യക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലൂടെ ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറയാം. ഈ പ്രശ്നങ്ങൾ അതത് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ എംബസികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ, വിദേശകാര്യവകുപ്പിന്റെ ഹെൽപ്ലൈൻ നമ്പറുണ്ട്. അതിൽ വിളിക്കാം. ഇ-മെയിൽ അയക്കാം. എംബസിയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ വിദേശകാര്യവകുപ്പുതന്നെ നേരിട്ട് വിഷയത്തിൽ ഇടപെടും.ഗൾഫിലെ ആറ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ ക്ഷേമത്തിനായി അവിടത്തെ ഭരണാധികാരികൾ വളരെ അനുകൂലമായ സമീപനമാണ് എടുത്തിട്ടുള്ളത്. അവിടെ ഒരു തരത്തിലുമുള്ള വിവേചനവും ഇന്ത്യക്കാർ നേരിടാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അവർ ഉറപ്പുനൽകിയിട്ടുണ്ട്. ഹെൽപ്ലൈൻ നമ്പറുകളെക്കുറിച്ചും പരാതിയുണ്ട്. പലതുംപ്രവർത്തിക്കുന്നില്ല. ആവശ്യമായ വിവരങ്ങൾ നൽകുന്നില്ല എന്നൊക്കെയാണ് പരാതികൾ. ഇതെന്തു കൊണ്ടാണ്? ഹെൽപ്ലൈൻ നമ്പറുകൾ വിവരം അറിയിക്കാനുള്ള സംവിധാനം മാത്രമാണ്. ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് തനിക്ക് സുഖമില്ല എന്നൊരാൾ അറിയിച്ചാൽ, ആ വിവരം ഉത്തരവാദപ്പെട്ട ആളുകൾക്ക് കൈമാറലാണ് ഹെൽപ്ലൈൻ കൈകാര്യം ചെയ്യുന്നവരുടെ ദൗത്യം. പരിഹാരം നിർദേശിക്കാനുള്ള അവസ്ഥ ഹെൽപ് ലൈൻ കൈകാര്യം ചെയ്യുന്നവർക്കില്ല. ലോകത്ത് എല്ലായിടത്തും ഹെൽപ്ലൈനുകൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെ അറിയിക്കുന്ന കാര്യങ്ങളിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര വേഗത്തിൽ നടപടികളുണ്ടാകുന്നില്ലെങ്കിൽ എംബസിയോടോ വിദേശകാര്യമന്ത്രാലയത്തോടോ നേരിട്ട് പരാതി ബോധ്യപ്പെടുത്തണം. അതാണ് അടുത്തഘട്ടം. വിളിക്കുമ്പോൾ, ഹെൽപ് ലൈനിൽനിന്നുതന്നെ പരിഹാരം ലഭിക്കണം എന്നാണ് പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത്. അവിടെനിന്ന് പരിഹാരം കിട്ടില്ല. വിവരം കൈമാറാനുള്ള സംവിധാനമാണ് ഹെൽപ്ലൈൻ. മറുപടി പിന്നീട് എംബസിയിൽനിന്ന് നടപടിയുടെ രൂപത്തിൽ വരും. വിദേശരാജ്യങ്ങളിൽ സന്ദർശകവിസയിൽ എത്തിപ്പെട്ടവർ കുടുങ്ങിയ അവസ്ഥയിലാണ്. പലരുടെയും വിസാ കാലാവധിയും കഴിയുന്നു. സന്ദർശകവിസയിൽ വിദേശരാജ്യങ്ങളിലെത്തിയവരെക്കുറിച്ച് അതത് ഭരണകൂടങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. അതിനാൽ ഒരാശങ്കയും വേണ്ട. ഇവരുടെ കാര്യങ്ങൾ അനുഭാവപൂർവം എല്ലാ രാജ്യങ്ങളും കൈകാര്യംചെയ്യും. വിസാകാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകൾ നടപടി സ്വീകരിക്കും. വിസ നീട്ടുന്നതിനുള്ള പിഴയടക്കം മിക്ക രാജ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ സർക്കാരും ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രവാസികൾക്ക് മരുന്നെത്തിക്കാൻ സംവിധാനമൊരുക്കുമോ ഇക്കാര്യത്തിൽ ഗൾഫിലുള്ള ആരോഗ്യപരിപാലനമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഏജൻസികൾ, ഇന്ത്യൻ ആശുപത്രികൾ എന്നിവരുടെ സഹകരണത്തോടെ മരുന്നെത്തിക്കാനുള്ള നടപടി ആലോചിക്കുന്നുണ്ട്. ഈ ആശുപത്രികൾവഴി മരുന്ന് ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ആലോചിക്കുന്നത്. മലയാളികൾക്ക് ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ ഈ ഇന്ത്യൻ ആശുപത്രികൾവഴി വാങ്ങാൻ കഴിയും. ഏതെങ്കിലും ചില മരുന്നുകളുടെ കാര്യത്തിൽ ഇറക്കുമതി ആവശ്യമുണ്ടെങ്കിൽ അവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പക്ഷേ, അവിടത്തെ സർക്കാർ അനുവദിച്ചിട്ടുള്ള മരുന്നുകൾമാത്രമേ ഇറക്കുമതി ചെയ്യാൻ കഴിയൂ. എല്ലാ രാജ്യങ്ങളും ആയുർവേദ മരുന്നുകൾ അനുവദിച്ചിട്ടില്ല. സൗദിയിലൊന്നും ആയുർവേദമരുന്നുകൾ ഉപയോഗിക്കാൻ അനുവാദമില്ല. അലോപ്പതി മരുന്നുകളുടെ കാര്യത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ഇന്ത്യക്കാർ നടത്തുന്ന ആരോഗ്യപരിപാലന സ്ഥാപനങ്ങൾ വഴി ഈ മരുന്നുകൾ അവിടെ ലഭ്യമാക്കാനുള്ള ശ്രമം നടത്താനാണ് ഇപ്പോൾ നമ്മൾ ആലോചിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെയും ലേബർ ക്യാമ്പുകളിലുള്ളവരുടെയും സുരക്ഷയ്ക്കായി എന്തുചെയ്യാൻ കഴിയും ഇവർക്കായി ക്വാറന്റൈൻ ക്യാമ്പുകൾ തുറക്കുന്ന കാര്യം ആലോചിക്കാൻ അവിടത്തെ ഭരണകൂടത്തെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നുണ്ട്. ദുബായിയിലെ ചില സ്ഥലങ്ങളിൽ അത്തരത്തിലുള്ള ക്യാമ്പുകൾ നടക്കുന്നുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കെട്ടിടത്തിൽ ആസ്റ്റർ ഗ്രൂപ്പ് കൈകാര്യംചെയ്യുന്ന ഒരെണ്ണവും എൻ.എം.സി.യുടെ രണ്ടെണ്ണവും പ്രവർത്തിക്കുന്നുണ്ട്. കൂട്ടമായി താമസിക്കുമ്പോൾ അതിൽ ഒരാൾക്ക് അസുഖമുണ്ടായാൽ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന വിഷയത്തിന് പരിഹാരം കാണാനാണ് നമ്മൾ ശ്രമിക്കുന്നത്. ഇതിനായി ചില കെട്ടിടങ്ങൾ ദുബായിലെ ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെ എടുത്ത് അവിടത്തെ സർക്കാരിന്റെ അനുവാദത്തോടെ ക്വാറന്റൈൻ ക്യാമ്പുകൾ തുറക്കാനുള്ള ശ്രമങ്ങളാണ് പരിഗണിക്കുന്നത്. അവിടെ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കാനും ഉദ്ദേശ്യമുണ്ട്. ഇതിനായി ദുബായ് ഭരണാധികാരികളെ സമീപിക്കാൻ സർക്കാർ ആലോചിക്കുകയാണ്. ഇന്ത്യക്കാർക്കായി അവിടത്തെ ഭരണകൂടം ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കും. ഇന്ത്യക്കാരുടെ ചികിത്സയ്ക്കായി ആരോഗ്യവിദഗ്ധരെ അയക്കുമോ? ഇവിടെനിന്ന് ആരോഗ്യവിദഗ്ധർ അങ്ങോട്ടുപോകേണ്ട കാര്യമില്ല. അവിടെ ഇന്ത്യക്കാരായ ഡോക്ടർമാരും നഴ്സുമാരും ധാരാളമുണ്ട്. ഇന്ത്യക്കാരുടെ ആരോഗ്യപരിപാലന സംവിധാനങ്ങളുണ്ട്. ഇന്ത്യക്കാരായ ഡോക്ടർമാരും നഴ്സുമാരും ഇപ്പോൾത്തന്നെ സേവനം നൽകുന്നുണ്ട്. ആവശ്യംവരുകയാണെങ്കിൽ, അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് അതത് സർക്കാരുകളുടെ അനുമതിയോടെ സജീവമായ ഇടപെടലിനുള്ള പദ്ധതി കൂടി ഉണ്ടാക്കണമെന്നാണ് ആലോചന. Content Highlights: Embassies are on the alert for medicines- minister muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/2RwFrgm
via
IFTTT
No comments:
Post a Comment