ദുബായ് : മണിക്കൂറുകൾകൊണ്ട് ഐസൊലേഷൻ ക്യാമ്പുകൾ ഒരുക്കുന്നവർ, ഒറ്റപ്പെട്ടുപോയവർക്ക് നിത്യവും മൂന്നുനേരം ഭക്ഷണം എത്തിക്കുന്നവർ, പ്രായമായവർക്ക് അത്യാവശ്യം മരുന്നുകളും മാസ്‌കുകളും സാനിറ്റൈസറുകളും എത്തിക്കുന്നവർ, ഫോണിലൂടെ ആശ്വാസം പകരുന്നവർ, ഇവർക്കെല്ലാം സഹായവുമായി പിന്നിൽനിൽക്കുന്ന പ്രവാസി മലയാളി വ്യവസായികൾ- പ്രവാസത്തിന്റെ ചരിത്രത്തിൽ കോവിഡ് കാലത്ത് നിസ്വാർഥ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പുതിയ ഏടുകൾ എഴുതിച്ചേർക്കുകയാണ് ഗൾഫ് നാടുകളിലെ മലയാളികളായ സന്നദ്ധപ്രവർത്തകർ. പ്രളയനാളുകളിൽ കേരളം കണ്ടതുപോലെ അതിശയകരമാണ് ഈ പ്രവർത്തനം.ദുബായിലെ ദേര, നായിഫ് മേഖലകളിലെ ബാച്ചിലർ മുറികളിൽ കോവിഡ് പോസിറ്റീവ് ആയി കൂടുതൽപേരെ കണ്ടെത്തിയപ്പോഴാണ് ഐസൊലേഷൻ ക്യാമ്പുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ആലോചന വന്നത്. കെ.എം.സി.സി., ഇൻകാസ്, അക്കാഫ്, എം.എസ്.എസ്., പ്രവാസി ഇന്ത്യ, മർക്കസ്, സാന്ത്വനം, മാസ് ഷാർജ, വിഖായ, എം.ഇ.എസ്., ജനതാ കൾച്ചറൽ സെന്റർ, ഇന്ത്യൻ പീപ്പിൾസ് ഫോറം, ഇന്ത്യൻ ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി. തുടങ്ങിയ ഒട്ടേറെ സംഘടനകളിലെ പ്രവർത്തകർ അതിനുമുമ്പുതന്നെ ഒറ്റപ്പെട്ടവർക്ക് ആഹാരവും ഭക്ഷ്യവസ്തുക്കളുമെല്ലാം എത്തിച്ചുതുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ ഓരോ സംഘടനയും പ്രത്യേകം പ്രത്യേകമായി നടത്തിവന്ന ഇത്തരം പ്രവർത്തനങ്ങളെല്ലാം ഇപ്പോൾ കുറേക്കൂടി കേന്ദ്രീകരിച്ചിരിക്കുന്നു. നോർക്ക ഹെൽപ് ലൈനും സഹായത്തിനുണ്ട്. പ്രാദേശികമായ ഒട്ടേറെ മലയാളി കൂട്ടായ്മകളും ഇതിൽ അണിചേർന്നിരിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/34GegF8
via
IFTTT
No comments:
Post a Comment