കൊല്ലം : രാവും പകലും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ കൊറോണക്കാലത്തെ 'വിശ്രമജീവിതം' മടിയന്മാരാക്കി. ഓടെടാ ഓട്ടം ഓടിയിരുന്ന ഇവയിൽ പലതിനും ഇപ്പോൾ അനങ്ങാൻതന്നെ വയ്യ. ആരോഗ്യപ്രവർത്തകരുമായി പോയ ചില ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയിൽ നിന്നുപോയപ്പോഴാണ് അധികൃതർക്ക് കാര്യം പിടികിട്ടിയത്. ഡോക്ടർമാരടങ്ങുന്ന സംഘത്തെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോടിനു പോയ എ.സി. ലോ ഫ്ലോർ ബസ് ഹരിപ്പാട്ടെത്തിയപ്പോൾ കേടായി. അതുകൊണ്ട് ബസുകൾ ആളെ കയറ്റാതെ ചെറിയ ദൂരം ഓടിക്കാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണിപ്പോൾ. അത്യാവശ്യ സർവീസുകൾക്ക് ഉപയോഗിക്കാനായി കരുതിയിരിക്കുന്ന ബസുകൾ ഇടയ്ക്കിടെ നിശ്ചിത ദൂരം ഓടിക്കണമെന്നാണ് നിർദേശം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു ബസുകൾ ഇപ്രകാരം 30 കിലോമീറ്റർ ആളില്ലാതെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അടച്ചിടലിന്റെ ആദ്യ ദിനങ്ങൾ മുതലേ ബസുകൾ സ്റ്റാർട്ടാക്കിയിടാനുള്ള ക്രമീകരണം കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയിരുന്നു. ഇതിനായി അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർമാരുടെ നേതൃത്വത്തിൽ മെക്കാനിക്കുകളെ നിയോഗിക്കുകയും ചെയ്തു. ബസുകളെ ഗ്രൂപ്പുകളാക്കി പ്രത്യേകം ചുമതല നൽകുകയായിരുന്നു. ബാറ്ററി ചാർജ്ജും ടയറുകളുടെ അവസ്ഥയും മാത്രം പരിശോധിക്കുകയായിരുന്നു രീതി. കഴിഞ്ഞദിവസംമുതൽ അവശ്യ സർവീസിന് വിട്ടുകൊടുക്കേണ്ട ബസുകൾ ചെറിയ ദൂരം ഓടിക്കാൻ തുടങ്ങി. മറ്റു ബസുകൾ ഡിപ്പോ പരിസരത്തുതന്നെ ഓടിച്ചുനോക്കുന്നുണ്ട്. അടച്ചിടലിനുമുൻപ് കെ.എസ്.ആർ.ടി.സി. ബസുകൾ ദിവസവും 16 മുതൽ 22 മണിക്കൂർ വരെ ഓടിയിരുന്നു. അന്തസ്സംസ്ഥാന സർവീസ് നടത്തുന്ന ചില ബസുകൾ 24 മണിക്കൂറും ഓടുന്നവയാണ്. വെറുതെയിട്ടിരിക്കുന്നത് ഇവയുടെ 'ആരോഗ്യ'ത്തിന് ഹാനികരമാണെന്നാണ് സാങ്കേതികവിദഗ്ധർ പറയുന്നത്. Content Highlights: lockdown and ksrtc buses
from mathrubhumi.latestnews.rssfeed https://ift.tt/3ecUzck
via
IFTTT
No comments:
Post a Comment