തിരുവനന്തപുരം: പുതിയ കോവിഡ് കേസുകളില്‍, രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വിവിധ ജില്ലാഭരണകൂടങ്ങള്‍ ആശങ്കയില്‍. ഗ്രീന്‍ സോണ്‍ പ്രഖ്യാപനത്തിന്റെ ആശ്വാസം അല്‍പ്പായുസായ കോട്ടയം ജില്ലയില്‍ ഇപ്പോള്‍ പരക്കുന്നതു സമൂഹവ്യാപന ആശങ്ക. ഒരു സമ്പർക്കവും ഇല്ലാതെ രോഗം പകരുന്നതാണ് സമൂഹവ്യാപനമായി കണക്കാക്കുന്നത്.
ആദ്യം കൃത്യമായ ഉറവിടത്തോടെ കണ്ടെത്തിയ മൂന്ന് കേസുകള്‍ക്കുശേഷം ആഴ്ചകളോളം ഒരു കേസ് പോലും കോട്ടയത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, രണ്ടാംഘട്ടമായപ്പോള്‍ നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതു 17 കേസുകള്‍. ഇവരില്‍ അഞ്ചുപേര്‍ക്ക് എവിടെനിന്നു രോഗം പകര്‍ന്നെന്നു കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല.
ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേർക്ക് രോഗബാധിതരുമായി സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇതുവരെയുള്ള രോഗബാധിതരിൽ ആരോഗ്യപ്രവർത്തകരടക്കം 25 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം ആര്‍.സി.സിയില്‍ നഴ്‌സായ പുന്നത്തുറ സ്വദേശിനി, തിരുവനന്തപുരത്തു തന്നെയുള്ള സ്വകാര്യാശുപത്രിയിലെ നഴ്‌സായ പനച്ചിക്കാട് സ്വദേശി, ചാന്നാനിക്കാട്ടെ ബിരുദവിദ്യാര്‍ഥി, വടയാറിലെ വ്യാപാരി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി എന്നിവരുടെ രോഗസ്രോതസാണു കണ്ടെത്താന്‍ കഴിയാത്തത്.
രോഗംബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമായ കുട്ടി, തിരുവനന്തപുരം പോത്തൻകോട്ടെ പോലീസുകാരൻ, കണ്ണൂരിൽ ചികിത്സതേടിയ മാഹി സ്വദേശി എന്നിവരുടെ കാര്യത്തിലും ഉറവിടം അജ്ഞാതമാണ്. ചികിത്സയിലുള്ള രോഗികളിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. കോട്ടയത്ത് ചുമട്ടുതൊഴിലാളിക്കു രോഗം ബാധിച്ചതു തമിഴ്‌നാട്ടില്‍നിന്നു വന്ന ലോറി ഡ്രൈവറില്‍ നിന്നാണെന്നു സംശയിച്ചിരുന്നെങ്കിലും അയാളുടെ ഫലം നെഗറ്റീവായിരുന്നു.
ഇതോടെ, കോട്ടയം മാര്‍ക്കറ്റിലെ മുഴുവന്‍ തൊഴിലാളികളും വ്യാപാരികളും ആശങ്കയിലായി. സംക്രാന്തി സ്വദേശിയായ വീട്ടമ്മയുടെ രോഗകാരണത്തിലും വ്യക്തതയില്ല. ഷാര്‍ജയില്‍നിന്നു വന്ന്, 45 ദിവസത്തിനുശേഷമാണു രോഗം സ്ഥിരീകരിച്ചത്. പനച്ചിക്കാട് പഞ്ചായത്തില്‍ നാല് ദിവസത്തിനുള്ളില്‍ നാല് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. വിജയപുരം, മണര്‍കാട് പഞ്ചായത്തുകളില്‍ രണ്ടുവീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിജയപുരം പഞ്ചായത്തിലെ പാറമ്പുഴ മേഖലയില്‍ സ്ഥിതി സങ്കീര്‍ണമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
പാലക്കാട്ട് ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍, വിളയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കു െവെറസ് ബാധയേറ്റത് എവിടെനിന്നെന്നു വ്യക്തമല്ല. വിദ്യാര്‍ഥിയുടെ അമ്മ ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവേ മരിച്ചിരുന്നു. എന്നാല്‍, അവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. മറ്റ് അഞ്ചുപേരില്‍ ഒരാള്‍ സേലത്തുനിന്നു സാധനങ്ങളെത്തിക്കുന്ന ലോറി ഡ്രൈവറാണ്. രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. കഞ്ചിക്കോട് വ്യവസായമേഖലയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഫെബ്രുവരി 21-നാണ് നാട്ടില്‍നിന്ന് എത്തിയത്. ഇയാളുടെ ഒപ്പം താമസിക്കുന്ന എട്ടുപേര്‍ക്ക് രോഗബാധയില്ല.
കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ആശാ വര്‍ക്കര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കു യാതൊരു രോഗലക്ഷണങ്ങളും ഇല്ലായിരുന്നു. ചാത്തന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സംഘാംഗമായ ഇവര്‍ ഒ.പി. ടിക്കറ്റും വിതരണം ചെയ്തിരുന്നു. കഴിഞ്ഞദിവസം പോളിയോ വാക്‌സിനേഷന് ഇവിടെ വന്‍തിരക്കുണ്ടായിരുന്നതും ആശങ്കയുളവാക്കുന്നു. ആശാ വര്‍ക്കറെ സാമൂഹികപ്രവര്‍ത്തകര്‍ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ജോലിയുടെ ഭാഗമായി ഇവര്‍ സന്ദര്‍ശിച്ച് നിരീക്ഷണത്തിലാക്കിയ പ്രവാസികളിലാരോ രോഗ ബാധിതനാകാമെന്നും സംശയിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് പിടിപെട്ടത് എവിടെനിന്നെന്നു കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ സ്രവപരിശോധനാഫലം നെഗറ്റീവാണ്. ഇടുക്കി, വണ്ടന്‍മേട്ടില്‍ കോവിഡ് സ്ഥിരീകരിച്ച 24 വയസുകാരന്റെ കേസിലും ഉറവിടം അവ്യക്തം. മലപ്പുറത്തെ ധനകാര്യസ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. മലപ്പുറത്തു നിന്നു െബെക്കിലാണു മാര്‍ച്ച് 23-നു വീട്ടിലെത്തിയത്. ക്വാറന്റീന്‍ കാലയളവില്‍ കാര്യമായ രോഗ ലക്ഷണങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ ആളുകളുമായി ഇടപഴകിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു. ഇതിനിടെ കാല്‍ ഉളുക്കിയതിനേത്തുടര്‍ന്ന് തിരുമ്മുകേന്ദ്രവും സന്ദര്‍ശിച്ചു.
ലക്ഷണം പ്രകടിപ്പിക്കാത്തവരും ചിലപ്പോൾ വൈറസ് വാഹകരാകുമെന്നതിനാൽ അത്തരക്കാരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തേണ്ടത്. കൊല്ലത്തും കോട്ടയത്തും ഇങ്ങനെ നടത്. കൊല്ലത്തും കോട്ടയത്തും ഇങ്ങനെ നടത്തിയ പരിശോധനയിൽ ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ നടത്തുന്ന പി.സി.ആർ. പരിശോധന വ്യാപിപ്പിക്കുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. 4500 രൂപവരെയാണ് ഇതിന്റെ പരിശോധനച്ചെലവ്. നിലവിൽ സംസ്ഥാനത്ത് 14 സർക്കാർ ലാബുകളിൽ രോഗനിർണയം നടത്തുന്നുണ്ട്.
from mangalam.com https://ift.tt/2W4ODKb
via IFTTT
No comments:
Post a Comment