ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധയുടെ പശ്‌ചാത്തലത്തില്‍ രാജ്യത്തു സജ്‌ജീകരിച്ച ക്യാമ്പുകളില്‍ പകുതിയിലേറെയും കേരളത്തിലായിട്ടും ഇതിന് ആനുപാതികമായി സംസ്‌ഥാനത്തിനു ഫണ്ട് അനുവദിക്കുന്നില്ലെന്നു പരാതി. രാജ്യമെമ്പാടുമായി 22,567 ക്യാമ്പുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളിലായി 6,31,119 പേര്‍ക്കാണ് അഭയം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ക്യാമ്പുകളില്‍ 68.8 ശതമാനവും കേരളത്തിലാണെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. 15,541 ക്യാമ്പുകളാണ് കേരളം തുറന്നിട്ടുള്ളത്.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. 302,016 പേര്‍ക്കാണ് സംസ്‌ഥാനം അഭയമൊരുക്കിയിട്ടുള്ളത്. ദേശീയതലത്തില്‍ എടുത്താല്‍ 47.9 ശതമാനം പേര്‍. സര്‍ക്കാര്‍ ഇതര സംഘടന(എന്‍.ജി.ഒ.)കളുടേതായി 3909 ക്യാമ്പുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 4,05,908 പേരുമുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഇത്രയേറെ കരുതല്‍ കാണിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സംസ്‌ഥാനത്തിനു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കോവിഡ് ബാധയുടെ പശ്‌ചാത്തലത്തില്‍ വിവിധ സംസ്‌ഥാനങ്ങളുടെ ദുരിതാശ്വാസ നിധികളിലേക്ക് കഴിഞ്ഞ ദിവസം കേന്ദ്ര വിഹിതം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അര്‍ഹമായ പരിഗണന കേന്ദ്രം നല്‍കിയില്ല.
സംസ്‌ഥാന ദുരന്ത നിവാരണ നിധിയുടെ കീഴില്‍, എല്ലാ സംസ്‌ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ കേരളത്തിന് അനുവദിച്ചത് 157 കോടി രൂപ മാത്രമാണ്. ആകെ അനുവദിച്ച തുകയുടെ വെറും 1.4 ശതമാനം. ദുരിതാശാ്വസ നിധിയുടെ ആദ്യഗഡു അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ കോവിഡ് രോഗബാധയില്‍ കേരളം രണ്ടാമതായിരുന്നു. മഹാരാഷ്‌ട്രയ്‌ക്ക് 1611 കോടി രൂപ ലഭിച്ചു. ഉത്തര്‍ പ്രദേശ് (996 കോടി), മധ്യപ്രദേശ് (910 കോടി) ഒഡീഷ (802 കോടി), രാജസ്‌ഥാന്‍ (740 കോടി), ബിഹാര്‍ (708 കോടി), ഗുജറാത്ത് (662 കോടി) എന്നിങ്ങനെ മറ്റു സംസ്‌ഥാനങ്ങള്‍ക്ക് സഹായം ലഭിച്ചപ്പോഴാണ് കേരളത്തിനു 157 കോടി രൂപ മാത്രം അനുവദിച്ചത്.
ആന്ധ്രാ പ്രദേശ് (555 കോടി), തമിഴ്‌നാട് (510 കോടി), പശ്‌ചിമ ബംഗാള്‍ (505 കോടി), ഉത്തരാഖണ്ഡ് (468 കോടി), അസം (386 കോടി), ഛത്തീസ്‌ഗഡ് (216 കോടി), ഹരിയാന (245 കോടി), ഹിമാചല്‍ പ്രദേശ് (204 കോടി), ഝാര്‍ഖണ്ഡ് (284 കോടി), കര്‍ണാടക (395 കോടി), പഞ്ചാബ് (247 കോടി), തെലങ്കാന (224 കോടി), അരുണാചല്‍ പ്രദേശ് (125 കോടി), മണിപ്പൂര്‍ (21 കോടി), മേഘാലയ (33 കോടി), മിസോറം (23 കോടി), നാഗാലാന്‍ഡ് (20 കോടി), ത്രിപുര (34 കോടി) എന്നിങ്ങനെയാണ് മറ്റു സംസ്‌ഥാനങ്ങള്‍ക്ക് അനുവദിച്ച തുക.
ഒരു ക്യാമ്പ് പോലും ഇല്ലാത്ത പല സംസ്‌ഥാനങ്ങള്‍ക്കും കോടികള്‍ അനുവദിച്ചു. വെറും 333 ക്യാമ്പുകള്‍ മാത്രമുള്ള ആന്ധ്രാപ്രദേശിന് 292 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. 2,220 ക്യാമ്പുകള്‍ മാത്രമുള്ള ഉത്തര്‍പ്രദേശിന് 996 കോടിയും 1,312 ക്യാമ്പുകള്‍ മാത്രമുള്ള മധ്യപ്രദേശിന് 910 കോടി രൂപയും അനുവദിച്ചു.
മുമ്പും കേരളത്തിന് സഹായം അനുവദിക്കുന്നതില്‍ കേന്ദ്രം അവഗണന കാട്ടിയിട്ടുണ്ട്. വായ്‌പാപരിധി 24,915 കോടിയായിരുന്നത് 16,602 കോടിയായി വെട്ടിച്ചുരുക്കി. ഡിസംബര്‍ മാസത്തെ ജി.എസ്.ടി നഷ്‌ടപരിഹാര ഇനത്തിലുള്ള 1,600 കോടി ഇതുവരെ നല്‍കിയില്ല. തൊഴിലുറപ്പ് പദ്ധതിയിലെ കുടിശികയിനത്തില്‍ 1,215കോടിയും നെല്ല് സംഭരണത്തിന്റെ വകയില്‍ 1,035 കോടിയും നല്‍കാനുണ്ട്. പ്രളയദുരന്തത്തില്‍ നഷ്‌ടപരിഹാരമായി കേരളം 2,100 കോടിയുടെ കണക്ക് സമര്‍പ്പിച്ചിട്ടും ഒന്നും നല്‍കിയില്ല.
സംസ്‌ഥാനത്തോടു കേന്ദ്രം തുടരെ കാട്ടുന്ന ഈ അവഗണനയ്‌ക്കെതിരേ വിവിധ കോണുകളില്‍ നിന്നു എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ ധനസഹായം അപര്യാപ്‌തമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.
from mangalam.com https://ift.tt/2JQ7DGK
via IFTTT
No comments:
Post a Comment