തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ച് ബസ് ഓടിക്കണമെന്നുള്ള നിര്‍ദേശം വന്‍കിട സാമ്പത്തീക പ്രതിസന്ധിക്ക് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവു വരുത്തുകയും വേണമെന്നും ഗതാഗത വകുപ്പിന്റെ ശുപാര്‍ശയില്‍ പറയുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉടന്‍ തുടങ്ങേണ്ടി വരും. ലോക്ഡൗണ്‍ ഇളവുകള്‍ വരുമ്പോള്‍ ജില്ലകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങളോടെ സര്‍വീസ് ആകാമെന്ന നിര്‍ദേശം നേരത്തേ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ബസ് ഓടിക്കാന്‍ നിന്നാല്‍ വലിയ സാമ്പത്തീക പ്രതിസന്ധി നേരിടുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും സര്‍ക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചാര്‍ജ്ജ് വര്‍ദ്ധനയും റോഡ് ടാക്‌സില്‍ ഒരു മാസത്തെ ഇളവുകളും കരാര്‍ വാഹനങ്ങള്‍ക്ക് 20 ദിവസത്തെ ഇളവുകളും നല്‍കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ബസ് ഓടിച്ചാല്‍ സാമൂഹ്യ അകലം പാലിക്കുന്നതിനായി ഒരു മീറ്റര്‍ അകന്ന് യാത്രക്കാര്‍ യാത്ര ചെയ്യണം എന്നും രണ്ടു പേരുടെ സീറ്റില്‍ ഒരാള്‍, മൂന്ന് സീറ്റില്‍ രണ്ടുപേര്‍, നിന്നു യാത്രക്കാര്‍ പാടില്ല തുടങ്ങിയ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ രീതിയില്‍ ഓടിയാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞിരുന്നു. കോവിഡ് കാലം കഴിഞ്ഞ് ഓടിയാലും നഷ്ടം വരുമെന്ന കണക്കുകൂട്ടലില്‍ ഏഴായിരത്തിലധികം ബസുകള്‍ ഒരു വര്‍ഷത്തേക്കു നിര്‍ത്തിയിടുന്നതിനുള്ള അനുമതിക്കായുള്ള ജി ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 12,600 സ്വകാര്യബസുകളാണുള്ളത്. ജി ഫോം നല്‍കി മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ കയറ്റിയിടാം. എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. മൂന്നുമാസത്തേക്കു നികുതി ഇനത്തില്‍ 2017 വരെയുള്ള വണ്ടികള്‍ക്ക് 29,910 രൂപയും അതിനുശേഷമുള്ളവയ്ക്ക് 35,000 രൂപയുമാണ് അടയ്‌ക്കേണ്ടത്. നിലവിലെ പെര്‍മിറ്റ് അനുസരിച്ച് ബസില്‍ 46 പേര്‍ ഇരുന്നും 11 പേര്‍ നിന്നും യാത്ര ചെയ്യാം. എന്നാല്‍ നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം നോക്കാറില്ല. കോവിഡ് പശ്ചാത്തലത്തില്‍ സീറ്റില്‍ ഒരാള്‍ എന്ന നിബന്ധന വന്നാല്‍ 20 പേര്‍ക്കേ യാത്ര ചെയ്യാന്‍ കഴിയു.
ഭീതിമൂലം യാത്രക്കാരും കുറയും. ഈ ഘട്ടത്തില്‍ ഡീസല്‍ ചെലവും ജീവനക്കാരുടെ ശമ്പളവും പോലും കളക്ഷനായി ലഭിക്കില്ല. ക്ഷേമനിധിയിലേക്ക് ഉടമ-തൊഴിലാളി വിഹിതമായി 600 രൂപ വീതം കുറഞ്ഞത് മൂന്നുപേര്‍ക്ക് 1800 രൂപ മാസം അടയ്ക്കണം. ഇന്‍ഷുറന്‍സ് ഇനത്തില്‍ വര്‍ഷത്തേക്ക് 80,000 മുതല്‍ ഒരുലക്ഷംവരെയാണ് ചെലവ്. 400 രൂപ ഫീസ് അടച്ച് ജി. ഫോം നല്‍കിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന നികുതി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി തുടങ്ങിയവയില്‍ ഇളവ് ലഭിക്കും.
from mangalam.com https://ift.tt/3eIl3me
via IFTTT
No comments:
Post a Comment