ചെങ്ങന്നൂർ: മരിച്ച പ്രിയപ്പെട്ടവനെ കാണാൻ ഉള്ളുനീറി ഭാര്യയും രണ്ട് മക്കളും കാത്തിരുന്നത് 39 ദിവസം. കടൽകടന്ന് ദുരിതങ്ങളേറെ താണ്ടി എത്തിയിട്ടും 28 ദിവസം എകാന്തവാസമെന്ന കടമ്പ മുന്നിലുണ്ടായിരുന്നു. അതും തരണംചെയ്ത് അവസാനമായിക്കണ്ട് അന്ത്യചുബനം നൽകി യാത്രയാക്കിയപ്പോഴും മകനെത്താനായില്ലല്ലോ എന്ന വിഷമം ബാക്കി.നാട്ടിൽ മരിച്ച അമേരിക്കൻ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടർന്നുള്ള തടസ്സങ്ങൾ കാരണം വൈകിയത്.ഹോട്ടൽ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിൻ, നേഹ, നവീന എന്നിവർ 25 വർഷത്തിലേറെയായി ഫ്‌ളോറിഡയിൽ സ്ഥിരതാമസമാണ്. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജൻ നാട്ടിലെത്തിയത്. മാർച്ച് 14-ന് ചിങ്ങവനത്ത് മരിച്ചു. വിവരമറിഞ്ഞെങ്കിലും കുടുംബത്തിന് നാട്ടിലെത്തുക ഒട്ടും എളുപ്പമായിരുന്നില്ല. കൊറോണ വ്യാപനം തീവ്രമായ അമേരിക്കയിൽ വിദേശയാത്ര വിലക്കിയതാണ് കാരണം.സാജന്റെ മരണസർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ഇന്ത്യൻ എംബസി വഴി ഹാജരാക്കേണ്ടിവന്നു യാത്രാ അനുമതിക്കായി. ഒടുവിൽ അഞ്ചുദിവസം കഴിഞ്ഞ് 19-ന് ഇവർക്ക് വിസയും യാത്രാനുമതിയും ലഭിച്ചു. പക്ഷേ, അമേരിക്കൻ സൈന്യത്തിൽ ക്യാപ്റ്റനായ മൂത്ത മകൻ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല. സുബയ്ക്കും രണ്ട് പെൺമക്കൾക്കും കടമ്പകൾ ഏറെ കടന്നതിനുശേഷമാണ് 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ വീട്ടിലെത്തിയത്.ആരോഗ്യ വകുപ്പ് നിർദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്. രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അൽപ്പനേരം പൊതുദർശനത്തിന് വെച്ചു. ആളുകൾ കൂട്ടംകൂടാതെ നോക്കാൻ പ്രത്യേക ഏർപ്പാടുകൾ ചെയ്തിരുന്നു. സാനിറ്റൈസറും ഹാൻഡ്‌വാഷും വീടിനോട് ചേർന്ന് ഒരുക്കി.നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തിയിരുന്നു. പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ചടങ്ങിനെത്താൻ സാധിക്കാത്ത മകനുവേണ്ടി പ്രത്യേക പ്രാർഥനയും നടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3atMPzJ
via
IFTTT
No comments:
Post a Comment