കൊച്ചി: കൊറോണ വൈറസിനെത്തുടർന്ന് രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയതോടെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് അനിശ്ചിതത്വത്തിൽ. ഏപ്രിൽ 14മുതൽ 27വരെ മിസോറമിലാണ് ടൂർണമെന്റ്. എന്നാൽ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് നടക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് ഫുട്ബോൾ അസോസിയേഷൻ നൽകുന്ന സൂചന. മാർച്ച് 12-ന് തൃശ്ശൂരിൽ തുടങ്ങാനിരുന്ന കേരള ടീമിന്റെ ക്യാമ്പും മാറ്റിവെക്കാനാണ് സാധ്യത. ശനിയാഴ്ച കോഴിക്കോടുചേരുന്ന കേരള ഫുട്ബോൾ അസോസിയേഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഒരുമാസത്തെ ക്യാമ്പ് പ്രായോഗികമാകില്ലെന്നാണ് കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന ഭയത്തിൽ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണമെന്നാണ് സർക്കാർ നൽകുന്ന നിർദേശം. ഈ സാഹചര്യത്തിൽ ക്യാമ്പ് നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എഫ്.എ. ദേശീയ ഫുട്ബോൾ ഫെഡറേഷന് കത്തയക്കാനിരിക്കുകയാണ്. സന്തോഷ് ട്രോഫി ടൂർണമെന്റ് ഇനിയും മാറ്റിവെക്കുകയാണെങ്കിൽ കേരള ടീമിനെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് കെ.എഫ്.എ. പറയുന്നത്. സ്പോൺസറിൽനിന്ന് തുക കിട്ടിയില്ലെങ്കിൽ ടീമിന്റെ യാത്ര ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. മിസോറമിലായതുകൊണ്ട് ടീമിനെ വിമാനത്തിൽ അയക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെ.എഫ്.എ. സ്പോൺസർഷിപ്പ് ഏറ്റെടുത്തശേഷം സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മാത്രമാണ് പൂർത്തിയായത്. ഇതിൽ രണ്ടുകളി മാത്രമാണ് കേരളത്തിന് കളിക്കാനുണ്ടായത്. ജനുവരിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫൈനൽ റൗണ്ട് ഫെബ്രുവരിയിലേക്ക് മാറ്റിയതോടെതന്നെ സ്പോൺസർ നിരാശയിലായിരുന്നു. അതിനുപിന്നാലെ ഏപ്രിലിലേക്ക് മാറ്റിയ ടൂർണമെന്റ് ഇനിയും നടന്നില്ലെങ്കിൽ സ്പോൺസറുടെ തുകയെ അതു സാരമായി ബാധിക്കുമെന്നാണ് കെ.എഫ്.എ. നൽകുന്ന സൂചന. മിസോറമിലെ ഐസ്വാളിൽ ഏപ്രിൽ 14-ന് തുടങ്ങാനിരുന്ന ടൂർണമെന്റിൽ 15-ന് ഡൽഹിക്കെതിരേയാണ് കേരളത്തിന്റെ ആദ്യ കളി. ജാർഖണ്ഡ്, മേഘാലയ, സർവീസസ് എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിന്റെ മറ്റു എതിരാളികൾ. കഴിഞ്ഞതവണ ദക്ഷിണമേഖലാ റൗണ്ടിൽ ഒരുകളിപോലും ജയിക്കാതെ പുറത്തായ കേരളം ഇക്കുറി തകർപ്പൻ ഫോമിലാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. Content Highlights: Santosh Trophy Football Corona Outbreak
from mathrubhumi.latestnews.rssfeed https://ift.tt/3cFvHJl
via
IFTTT
No comments:
Post a Comment