ഗൾഫുകാർ എന്തു തെറ്റുചെയ്തു? സങ്കടത്തോടെ പ്രവാസിലോകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 25, 2020

ഗൾഫുകാർ എന്തു തെറ്റുചെയ്തു? സങ്കടത്തോടെ പ്രവാസിലോകം

ദുബായ്: മുമ്പൊക്കെ ഗൾഫിൽനിന്നൊരാൾവന്നാൽ ഉത്സവം പോലെയായിരുന്നു. ഇന്നിപ്പോൾ അവരെകാണുമ്പോൾ അയൽക്കാർപോലും മുഖംതരുന്നില്ല. ഇതിനുമാത്രം ഞങ്ങൾ എന്തുതെറ്റാണ് ചെയ്തത്? കേരളത്തിൽ കൊറോണ കൊണ്ടുവന്നത് ഗൾഫിൽനിന്നുവന്നവരാണോ? ഇവിടെയുള്ള പ്രവാസികൾ സങ്കടത്തോടെ, അതിലേറെ രോഷത്തോടെ ചോദിക്കുന്നു. നാട്ടിലെ അവരുടെ കുടുംബങ്ങളും ഇതേ ചോദ്യം ആവർത്തിക്കുന്നു. കാസർകോട്ടുകാരനായ ഒരാൾ നാട്ടിലാകെ സഞ്ചരിച്ചതിന്റെപേരിലാണ് ഇപ്പോൾ ഗൾഫുകാരെയെല്ലാം സംശയത്തോടെ ആളുകൾ വീക്ഷിക്കുന്നത്. അയാൾ ചെയ്തത് തെറ്റുതന്നെ എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. പക്ഷേ, എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുതന്നെ സ്വയം നിരീക്ഷണത്തിൽനിൽക്കുന്ന ആയിരക്കണക്കിനു പ്രവാസികൾ ഇപ്പോൾ നാട്ടിലുണ്ട്. എന്നാൽ അവരെയും അവരുടെ കുടുംബാംഗങ്ങളെയുമെല്ലാം സംശയത്തോടെയാണ് എല്ലാവരും നോക്കുന്നത്. ഇതാണ് പ്രവാസികുടുംബങ്ങളിൽ സങ്കടവുംരോഷവും അമർഷവുമൊക്കെ ഉണ്ടാക്കുന്നത്. അതിന്റെ സങ്കടങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ശബ്ദസന്ദേശങ്ങളായി പ്രവഹിക്കുന്നത്. സ്വയം നിരീക്ഷണത്തിൽനിൽക്കുന്ന ഫോട്ടോകളും അതിന്റെ വിവരങ്ങളുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ നിരവധി പ്രവാസികൾ പോസ്റ്റ് ചെയ്യുന്നുമുണ്ട്. നാട്ടിലുള്ള മറ്റുള്ളവരെപ്പോലെതന്നെ കുടുംബാംഗങ്ങളുടെയും ചുറ്റുമുള്ളവരുടെയുംകാര്യത്തിൽ ഗൾഫിൽനിന്ന് എത്തിയ പ്രവാസികൾക്കും കരുതലുണ്ട്. പക്ഷേ, ഒരാൾചെയ്ത തെറ്റിന്റെപേരിൽ എന്തിനിങ്ങനെ ആക്ഷേപിക്കുന്നുവെന്നാണ് അവരുടെ ചോദ്യം. പത്തനംതിട്ടയിൽ ഇറ്റലിയിൽനിന്നുവന്ന ഒരു കുടുംബവും ഇത്തരത്തിലുള്ള തെറ്റുചെയ്തു. എന്നാൽ, യൂറോപ്യൻ നാടുകളിൽനിന്നു തിരിച്ചെത്തിയവരെ ഇത്തരത്തിൽ ആരുംപരിഹസിക്കുകയോ തെറ്റുകാരാക്കുകയോചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നാട്ടിലെത്തി സ്വയം സമ്പർക്കവിലക്കിൽ പ്രവേശിച്ച ഗൾഫുകാരുടെ സങ്കടങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ മറ്റൊരു വിഷയം. താൻകൊണ്ടുപോയ നാലായിരം രൂപയിലേറെ വിലവരുന്ന ചോക്ക്ളേറ്റുകൾ ആരുംതൊടാതെ കടുത്തചൂടിൽ മുറിയിലിരുന്ന് നശിക്കുന്നതിന്റെ പ്രയാസം പങ്കുവെയ്ക്കുന്നു ഒരാൾ. “ഗൾഫുകാരൻ കൊണ്ടുവരുന്ന ഒന്നും ആർക്കും വേണ്ടത്രേ. നേരത്തേ എത്തിയിരുന്ന പിരിവുകാരും ഇൻഷുറൻസുകാരുമൊന്നും ആ വഴിയേപോലും പോകുന്നില്ല. ബന്ധുൾക്കും കൂട്ടുകാർക്കുമെല്ലാം ഫോൺചെയ്യാൻപോലും മടി”- പ്രവാസികൾ സങ്കടംപറയുന്നു. ചെറിയ അവധിക്ക് നാട്ടിലേക്കുവന്ന ആയിരക്കണക്കിന് ആളുകൾ 14 ദിവസം നിർബന്ധമായിത്തന്നെ സ്വയംനിരീക്ഷണത്തിൽ നിൽക്കുന്നുണ്ട്. എല്ലാ കൂട്ടരിലും ചില അപവാദങ്ങളുണ്ടായേക്കാം. അത്തരക്കാർ ഗൾഫിൽനിന്ന് വന്നവരിലുമുണ്ടാകാം. എന്നാലും ഇപ്പോഴത്തെ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് നാട്ടിലേക്ക് പോകാനാവാത്ത പ്രവാസികളും നാട്ടിലുള്ളവർക്കൊപ്പം പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2WJaYPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages