ലോകത്തില്‍ എവിടെ ജനിച്ചാലും കുട്ടികള്‍ക്ക് വേണ്ടത് വീട്ടിലെ സുരക്ഷയും ആവശ്യത്തിന് വിദ്യാഭ്യാസവും അന്തസുള്ള ഒരു ജോലിയും ആണ്. ഈ കൊറോണ കാലത്തും താന്‍ സ്വപ്‌നം കാണുന്നത് ഇതാണെവന്ന് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. രാജ്യത്തെ മാലിന്യ നിര്‍മാര്‍ജനവും ആയി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
ജന്മം എന്ന ലോട്ടറി..
ഷെര്‍ലോക്ക് ഹോംസിന്റെ കഥകള്‍ എനിക്ക് എല്ലാക്കാലത്തും പ്രിയപ്പെട്ടതാണെണെന്ന് പറഞ്ഞല്ലോ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴില്‍ ലണ്ടനില്‍ എത്തിയ ഞാന്‍ കെട്ടും ഭാണ്ടവുമൊക്കെ ഹോട്ടലില്‍ വച്ചിട്ട് പിന്നെ നേരെ ഓടിയത് 221 B ബേക്കര്‍ സ്ട്രീറ്റ് കാണാനാണ്. അതിനെ പറ്റി പിന്നീടൊരിക്കല്‍ പറയാം. അദ്ദേഹത്തിന്റെ ഒരു കഥയില്‍ നിന്നാണ് ഇന്നത്തെ തുടക്കം.
'A Man with Twisted Lips' എന്ന കഥയില്‍ ഭിക്ഷക്കാരനായി വേഷം കെട്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ കഥയാണ് പറയുന്നത്. ഒരിക്കല്‍ ഭിക്ഷക്കാരെ പറ്റിയുള്ള ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം അവരുടെ വേഷം കെട്ടി കുറച്ചു നാള്‍ തെരുവിലിരുന്നു. ഭിക്ഷക്കാര്‍ക്ക് കിട്ടുന്ന വരുമാനം കണ്ട് പുള്ളിയുടെ കണ്ണ് തള്ളി. പില്‍ക്കാലത്ത് വിവാഹം ഒക്കെ കഴിച്ചു സുഖമായി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഒരു സാമ്പത്തിക ബുദ്ധിമുട്ടു വരുന്നു. അദ്ദേഹം ഭാര്യ അറിയാതെ വീണ്ടും ഭിക്ഷക്കാരന്റെ വേഷം കെട്ടുന്നു. രാവിലെ കോട്ടും സൂട്ടും ഇട്ട് പത്രപ്രവര്‍ത്തകനായി ഇറങ്ങുന്ന ആള്‍ നഗരത്തിലെ ഒരു ക്ലബ്ബില്‍ പോയി വേഷം മാറി ഭിക്ഷാടനത്തിനിറങ്ങുന്നു. വൈകീട്ട് തിരിച്ച് കോട്ടും സൂട്ടുമിട്ട് വീട്ടില്‍ എത്തുന്നു. അങ്ങനെ പോകുന്നു കഥ.
ബോംബെയില്‍ മാലിന്യം പെറുക്കി ജീവിക്കുന്നവരെ പറ്റി പഠിക്കാന്‍ പോയി ഞാന്‍ ഒരിക്കല്‍ ഇങ്ങനെ അതിശയപ്പെട്ടിട്ടുണ്ട്. ബോംബയില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു വലിയ ലാന്‍ഡ്ഫില്‍ ഉണ്ട്. ചെമ്പൂരില്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ദിവസവും അയ്യായിരം ടണ്‍ മാലിന്യമാണ് അവിടെ എത്തുന്നത്. അവിടെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും പ്ലാസ്റ്റിക്കും ലോഹവും ഗ്ലാസും ഒക്കെ പെറുക്കി ജീവിക്കുന്ന ആയിരങ്ങള്‍ ഉണ്ട്. അവരെ പറ്റിയാണ് ഗവേഷണത്തിനിറങ്ങിയത്. രണ്ടു തട്ടിലായിട്ടാണ് ഈ ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തട്ടില്‍ ഓരോ ട്രക്കും വരുമ്പോള്‍ അതില്‍ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ശേഖരിക്കുന്നവരാണ്. ഇവര്‍ക്ക് സ്‌പെഷ്യലൈസേഷനും ഷിഫ്റ്റും ഒക്കെയുണ്ട്. ലോഹം പെറുക്കിയെടുക്കുന്നവര്‍ ഗ്ലാസ് എടുക്കില്ല, ഗ്ലാസ് എടുക്കുന്നവര്‍ പ്ലാസ്റ്റിക്ക് എടുക്കില്ല അങ്ങനെ. അതിന്റെ മുകളില്‍ ഈ വസ്തുക്കള്‍ പെറുക്കുന്നവരില്‍ നിന്നും അവ വിലക്ക് വാങ്ങുന്നവര്‍ ഉണ്ട്. ഇവര്‍ രാവിലെ തൊട്ടു വൈകിട്ട് വരെ അവിടെ ഉണ്ട്. ഇവരുടെ തലത്തിലും സ്‌പെഷ്യലൈസേഷന്‍ ഉണ്ട്. അന്നന്ന് കിട്ടുന്ന വസ്തുക്കള്‍ അവര്‍ മൊത്തവ്യാപാരികള്‍ക്ക് പുറത്തു കൊണ്ടുപോയി വില്‍ക്കും. ഇതാണ് അവിടുത്തെ രീതി.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും കിട്ടുന്ന പണം എത്ര എന്ന് ആണ് ഞങ്ങള്‍ ഗവേഷണം ചെയ്ത ഒരു വിഷയം. സാധാരണ സാധനം പെറുക്കുന്നവര്‍ക്ക് (പൊതുവെ സ്ത്രീകളും കുട്ടികളുമാണ് ഈ ജോലി ചെയ്യുന്നത്) മൂവായിരം മുതല്‍ അയ്യായിരം വരെ രൂപ മാസം കിട്ടും (തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിലെ കഥയാണ്). അതില്‍ ഒരു വീതം ഗുണ്ടാ പിരിവ് കൊടുക്കണം, പിന്നെ കുറച്ച് ഈ മാലിന്യ സംഭരണിയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കണം (അല്ലെങ്കില്‍ അകത്തേക്ക് കയറ്റില്ല), കുറച്ചു പണം പോലീസിനും കൊടുക്കണം. മൊത്തം അഞ്ഞൂറ് രൂപ അങ്ങനെ പോകും ബാക്കിയുള്ളതാണ് അവര്‍ക്ക് കിട്ടുന്നത്. അതിന്റെ മുകളില്‍ ഉള്ള ആള്‍ക്ക് (സാധനം ഇവരില്‍ നിന്നും സംഭരിക്കുന്നവര്‍ക്ക്) ഇതേ കൈക്കൂലി ചിലവുകള്‍ ഒക്കെയുണ്ട്, കുറച്ചു കൂടുതലുമാണ്. എന്നാലും അതൊക്കെ കഴിച്ച് അവര്‍ക്ക് മാസം പതിനയ്യായിരം രൂപ കിട്ടും.
അന്ന് ഞാന്‍ റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ്‌റ് റിസേര്‍ച്ചിലെ ഫാക്കല്‍റ്റി മെമ്പര്‍ ആണ്. മാസം ഏഴായിരത്തി അഞ്ഞൂറ് രൂപ ആണ് ശമ്പളം. ഗവേഷണം ഒക്കെ നിര്‍ത്തി ആക്രി കച്ചവടത്തിന് പോയാലോ എന്ന് ഞാന്‍ ഒരു ദിവസം ആലോചിച്ചു !
കേരളത്തിലെ വേസ്റ്റ് മാനേജമെന്റ് വിഷയത്തില്‍ ഞാന്‍ അഭിപ്രായം ഒന്നും പൊതുവെ പറയാറില്ല (ഇവിടെ എല്ലാവരും അഭിപ്രായം പറഞ്ഞു കുളമാക്കിയിട്ടിരിക്കയാണ്), പക്ഷെ വേസ്റ്റുമായിട്ടുള്ള എന്റെ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഐ ഐ ടിയില്‍ എന്റെ ഇരട്ടപ്പേര് വെസ്റ്റ് എന്നായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോകത്തെ അനവധി രാജ്യങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തെ പറ്റി പഠിക്കാനും ഉപദേശം നല്‍കാനും ഒക്കെ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അവിടെയൊക്കെ ചെല്ലുമ്പോള്‍ ഞാന്‍ ബോംബയിലെ ആക്രിക്കച്ചവടക്കാരനെ ഓര്‍ക്കും.
പക്ഷെ മാലിന്യക്കൂമ്പാരങ്ങളില്‍ പണിയെടുക്കുന്ന ആളുകളുടെ ജീവിതം പണമുണ്ടെങ്കില്‍ പോലും ഒട്ടും സുരക്ഷിതമല്ല. ഇത്തരം മാലിന്യക്കൂമ്പാരമുള്ള രാജ്യങ്ങളില്‍ ഒക്കെ തന്നെ ഗുണ്ടാപ്പിരിവും അഴിമതിക്കാരായ പോലീസും ഒക്കെ ഉണ്ട്. അവര്‍ പണം കൂടാതെ ഈ പണിയെടുക്കുന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് അപൂര്‍വ്വമല്ല.യാതൊരു വ്യക്തി സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. പല നഗരങ്ങളിലും ആശുപത്രിയിലെ മാലിന്യവും അറവുശാലയില്‍ മാലിന്യവും ഹോട്ടലിലെ മാലിന്യവും സൂപ്പര്‍മാര്‍ക്കറ്റിലേതും ഒക്കെ ഒരുമിച്ചാണ് വരിക. അവിടെ പണിയെടുക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രോഗങ്ങള്‍ ഉണ്ടാകാം, മരണം സംഭവിക്കാം. ഇപ്പോഴത്തെ കൊറോണ വിഷയത്തിലൊക്കെ എന്റെ ഉറക്കം കെടുത്തുന്നത് ഇത്തരം സാഹചര്യങ്ങളാണ്.
രണ്ടായിരത്തി പത്തില്‍ ഹൈറ്റിയിലെ ഭൂകമ്പത്തിന് ശേഷം ഞാന്‍ അവിടെ പോയിരുന്നു. ജോലിയുടെ ഭാഗമായി തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സിലെ ഏറ്റവും വലിയ മാലിന്യകൂമ്പാരത്തില്‍ പോയി (ട്രൂട്ടിയെ എന്നാണ് പേര്). നൂറുകണക്കിന് ആളുകള്‍, സ്ത്രീകള്‍, കുട്ടികള്‍ ഒക്കെയാണ് അവിടെ മാലിന്യത്തില്‍ നിന്നും എന്തെങ്കിലും ഒക്കെ പരാതിയെടുക്കാന്‍ പോകുന്നത്. ഓരോ വാഹനവും മാലിന്യക്കൂമ്പാരത്തിലേക്ക് വരുമ്പോള്‍ തന്നെ ഇവര്‍ അതിന്റെ പുറകില്‍ ഓടും, വാഹനം നിര്‍ത്തിയാല്‍ അതില്‍ ചാടിക്കയറും, വാഹനത്തില്‍നിന്നും മാലിന്യം പുറത്തേക്ക് തട്ടുമ്പോള്‍ അതിന്റെ കൂടെ എടുത്തു ചാടും. ബോംബയിലെപ്പോലെ സ്‌പെഷ്യലൈസേഷനോ സഹകരണമോ ഇല്ല. അടിയും തെറിയും ഒക്കെയുണ്ട്. വാഹനങ്ങള്‍ പുറകോട്ടെടുക്കുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകാറുണ്ട്. ഭൂകമ്പം കഴിഞ്ഞ സമയത്ത് വരുന്ന ഓരോ വാഹനത്തിലും മാലിന്യങ്ങള്‍ കൂടാതെ മൃതശരീരങ്ങള്‍ കൂടിയുണ്ട്. അതിന്റെ മുകളിലാണ് പിടിയും വലിയും.
ലോകത്ത് ഏതൊരു ജോലി ചെയ്യുനണവരെയും ഞാന്‍ നിസ്സാരരായി കാണാറില്ല. ഒരു മൃതദേഹം തള്ളിമറിച്ചിട്ട് അതിന്റെ താഴെ ഒരു അലുമിനിയം കാന്‍ തിരയുന്ന ഒരു കുട്ടിയും ലോകത്തെ മറ്റേതൊരു കുട്ടിയേക്കാളും ഏതെങ്കിലും തരത്തില്‍ മോശമായ മനസ്സുള്ള ആളായി ഞാന്‍ വിചാരിക്കാറില്ല. ഓരോരുത്തരും ജനിച്ചു വീഴുന്ന സാഹചര്യം, അതാണ് അവര്‍ എന്ത് ചെയ്യുന്നു, എവിടെ എത്തുന്നു എന്നൊക്കെ തീരുമാനിക്കുന്നത്.
ജന്മം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലോട്ടറിയാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയാവുന്ന അച്ഛന്റെയും അമ്മയുടെയും മകനായി തുമ്മാരുകുടിയില്‍ ജയിക്കുന്നതില്‍ എനിക്ക് യാതൊരു പങ്കുമില്ല. ബോംബയിലെ തെരുവിലോ ഹൈറ്റിയിലെ മാലിന്യക്കൂമ്പാരത്തിലോ എനിക്ക് തെമ്മാടികളോട് മല്ലിട്ട് ജീവിക്കേണ്ടി വരാതിരുന്നത് ജന്മം എന്ന ലോട്ടറി എനിക്ക് വിജയം സമ്മാനിച്ചതിനാല്‍ മാത്രമാണ്. ലോട്ടറിയല്ലാത്ത ലോകത്തില്‍ എവിടെ ജനിക്കുന്ന കുട്ടികള്‍ക്കും വീട്ടില്‍ സുരക്ഷയും ആവശ്യത്തിന് വിദ്യാഭ്യാസവും അന്തസുള്ള തൊഴിലും ഉള്ളൊരു ലോകമാണ് ഈ കൊറോണക്കാലത്തും ഞാന്‍ സ്വപ്നം കാണുന്നത്.
#യാത്രചെയ്തിരുന്നകാലം
മുരളി തുമ്മാരുകുടി
from mangalam.com https://ift.tt/2UP5Erm
via IFTTT
No comments:
Post a Comment