ന്യൂഡൽഹി:നിർഭയകേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി. പുലർച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിൽ മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികൾ സൃഷ്ടിച്ചത്. 2012 ഡിസംബർ 16-ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി പെൺകുട്ടിയെ ഓടുന്ന ബസിൽ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു. തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിർഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവർഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നടപ്പിലാകുന്നത്. Read More:കേസിൻറെ നാൾവഴികളിലൂടെ- സ്പെഷൽ പേജ് ശിക്ഷ നടപ്പിലാക്കുന്നത് തടയാൻ അർധരാത്രിയിൽ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകർ സമീപിച്ചിരുന്നു. എന്നാൽ ഇവർ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു. നാലുമണിയോടെ പ്രതികളെ ഉണർത്തി സുപ്രീം കോടതി ഹർജി തള്ളയ വിവരം അറിയിച്ചു. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരിക്കൽ കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാർ അധികൃതർ തള്ളിക്കളഞ്ഞിരുന്നു.തുടർന്ന് ഇവരുടെ ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കി. ഇതോടെ പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റി. വിധി നടപ്പാക്കുമ്പോൾ സുപ്രീം കോടതിയുടെ സമീപത്ത് നിർഭയയുടെ അമ്മ ആശാ ദേവിയും ഭർത്താവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ പ്രതികൾക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാൻ അഭിഭാഷകർ വിചാരണ കോടതിയെ സമീപിച്ചു. എന്നാൽ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടർന്ന് ഒമ്പതുമണിയോടെ ഡൽഹി ഹൈക്കോടതിയിൽ ഹർജിയെത്തി. എന്നാൽ ഹർജി കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകർ സമീപിച്ചു. അർധരാത്രി കോടതിമുറി തുറന്ന് പ്രതികൾക്ക് വേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തിഹാർ ജയിലിന് പുറത്ത് കൂട്ടംകൂടിയിരിക്കുന്നത്. ഇവരിൽ പലരും നിർഭയയ്ക്ക് നീതി തേടി 2012ൽ നടന്ന സമരത്തിൽ പങ്കെടുത്തവരാണ്. Content Highlights:Nirbhaya case verdict
from mathrubhumi.latestnews.rssfeed https://ift.tt/2U2ABJl
via
IFTTT
No comments:
Post a Comment