കൊൽക്കത്ത: പശ്ചിമബംഗാളിൽനിന്നും കോൺഗ്രസ് പിന്തുണയോടെ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ ശ്രമത്തിന് പൊളിറ്റ് ബ്യൂറോ വീണ്ടും തടയിട്ടു. ചട്ടലംഘനവും ജനറൽ സെക്രട്ടറിയുടെ സംഘടനാ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാണിച്ചാണ് പി.ബി. യെച്ചൂരിയുടെ പേര് തള്ളിയത്. രണ്ടാം തവണയാണ് യെച്ചൂരിയെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പി.ബി. തീരുമാനിക്കുന്നത്. പാർലമെന്റിന്റെ രണ്ടു സഭകളിലും പ്രാതിനിധ്യമില്ലാത്ത ബംഗാൾ ഘടകം, യെച്ചൂരിയിലൂടെ താത്കാലിക ആശ്വാസം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. രാജ്യസഭയിൽ പ്രതിപക്ഷശബ്ദത്തിന് കരുത്തുകൂട്ടാൻ യെച്ചൂരിയുടെ സാന്നിധ്യം ഉപകരിക്കുമെന്നതിനാൽ കോൺഗ്രസ് നേതൃത്വവും ഈ നീക്കത്തെ സർവാത്മനാ പിന്തുണച്ചു. എന്നാൽ, പി.ബി. അയയാഞ്ഞത് ബംഗാൾ ഘടകത്തിന് നിരാശയായി. 17 അംഗ പൊളിറ്റ് ബ്യൂറോയിലെ ഒൻപത് പേർ പങ്കെടുത്ത അവയ്ലബിൾ പി.ബി.യാണ് യെച്ചൂരി വേണ്ടെന്ന തീരുമാനമെടുത്തത്. രണ്ടിൽക്കൂടുതൽതവണ രാജ്യസഭയിലേക്ക് ഒരംഗത്തെ നാമനിർദേശം ചെയ്യരുതെന്ന പാർട്ടി ചട്ടമുണ്ട്. ഇതോടൊപ്പം പാർലമെൻറ് നടപടികളിൽ സജീവമാകാനും ജനറൽ സെക്രട്ടറിയുടെ സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഒരേസമയം കഴിയില്ലെന്ന ന്യായവും പി.ബി. നിരത്തി. തീരുമാനമെടുക്കുന്നതിനുമുൻപ് ബംഗാളിൽനിന്നുള്ള പി.ബി. അംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. യെച്ചൂരിയുടെ പേര് ഒഴിവായതോടെ ബംഗാൾ ഘടകത്തിന്റെ മുന്നിലുള്ള മറ്റൊരു പേര് പി.ബി. അംഗംകൂടിയായ മുഹമ്മദ് സലീമിന്റേതാണ്. എന്നാൽ, യെച്ചൂരിക്ക് കൊടുക്കാമെന്നേറ്റ പിന്തുണ അദ്ദേഹത്തിന് നൽകാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അത്ര താത്പര്യമില്ല. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് ഇതുസംബന്ധിച്ച് പി.സി.സി. അധ്യക്ഷൻ സോമേൻ മിത്രയുമായി ചർച്ചനടത്തി. എന്നാൽ, അന്തിമതീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളട്ടെ എന്നാണ് പി.സി.സി.യുടെ നിലപാട്. പശ്ചിമബംഗാളിൽനിന്നുള്ള അഞ്ച് രാജ്യസഭാംഗങ്ങളെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് മാർച്ച് 26-ന് നടക്കും. നിലവിലെ നിയമസഭാ അംഗസംഖ്യവെച്ച് നാലുസീറ്റുകളിൽ തൃണമൂൽ ഉറപ്പായും ജയിക്കും. ഒറ്റയ്ക്ക് സ്ഥാനാർഥിയെ ജയിപ്പിക്കാൻ സി.പി.എമ്മിന് സാധിക്കില്ല. എന്നാൽ, കോൺഗ്രസ് പിന്തുണയുണ്ടെങ്കിൽ അഞ്ചാം സീറ്റിൽ ജയിക്കാനാകും.
from mathrubhumi.latestnews.rssfeed https://ift.tt/2v6TiBS
via
IFTTT
No comments:
Post a Comment