തിരുവനന്തപുരം: അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നടപ്പാകുമ്പോള്‍ മാത്രം രംഗത്തുവരുന്ന ഒരു അപൂര്‍വകഥാപാത്രമാണ് ആരാച്ചാര്‍... കഴുമരച്ചുവട്ടില്‍ നില്‍ക്കുന്നവനു മുന്നിലെ യാഥാര്‍ഥ്യവും വധശിക്ഷാവാര്‍ത്ത കേള്‍ക്കുന്നവന്റെ മനസിലെ ''മിത്തു''മാണ് ആരാച്ചാര്‍. ആരാച്ചാരെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ തൂക്കിക്കൊലയ്ക്കു തലേന്നത്തെ ഭീതിദമായ അന്തരീക്ഷം ഘനീഭവിച്ചുനില്‍ക്കുന്നു. വധശിക്ഷയ്ക്കുശേഷം പ്രതിഫലം മാത്രമല്ല, തൂക്കുകയറും ആരാച്ചാര്‍ക്കു സ്വന്തമാണ്.
ആ കയറിലെ ഓരോ നാരും ആരാച്ചാര്‍ക്കു വരുമാനമാര്‍ഗമാണത്രേ! ഭയമകറ്റാന്‍ സാധാരണക്കാരും ബാധയകറ്റാന്‍ മന്ത്രവാദികളും തൂക്കുകയറിന്റെ തുണ്ടുകളോ നാരോ ഉപയോഗിക്കുന്നുവെന്നാണു കേട്ടുകേള്‍വി. ആനവാല്‍ മോതിരം ധരിച്ചാല്‍ ഭയമകലും എന്നപോലെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ മറ്റൊരു പുരാവൃത്തം.
''മരണംവരെ തൂക്കിലേറ്റുക'' എന്ന വിചിത്രമായ വിധിവാചകവും സാധാരണക്കാര്‍ക്കു ചിരിയുണര്‍ത്തുന്നതാണ്. എന്നാല്‍, ആ പ്രയോഗത്തിനു പിന്നിലും ഒരു സാങ്കേതികകാരണമുണ്ട്. അതിങ്ങനെ: കാസര്‍ഗോഡ് അതിര്‍ത്തിയില്‍ 12 സ്ത്രീകളെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയയാളെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. എന്നാല്‍, തൂക്കിലിട്ടിട്ടും പ്രതി മരിച്ചില്ല! രണ്ടാമതൊരിക്കല്‍ തൂക്കുന്നതു കോടതി വിലക്കുകയും ചെയ്തു. അതിനുശേഷമാണു മരണംവരെ തൂക്കിലിടാനുള്ള വിധിന്യായം ജഡ്ജിമാര്‍ പുറപ്പെടുവിച്ചുതുടങ്ങിയതെന്നു മുന്‍ ഡി.ജി.പിയും ജയില്‍ മേധാവിയുമായിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.
സ്വതന്ത്രകേരളത്തില്‍ മൂന്ന് ആരാച്ചാര്‍മാരാണ് ഉണ്ടായിരുന്നത്. അവരുടെ മരണശേഷം കേരളത്തിനു പുറത്തുനിന്നാണ് ആരാച്ചാര്‍മാരെ കൊണ്ടുവന്നിരുന്നത്. അവസാനത്തെ ആരാച്ചാരുടെ മകന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടായാണു വിരമിച്ചത്. ആരാച്ചാരാകാന്‍ സന്നദ്ധനായി ഒരിക്കല്‍ മധുരയില്‍നിന്ന് ഒരാള്‍ ജയില്‍ ഡി.ജി.പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെ കാണാന്‍ വന്നു. തനിക്കു തൂക്കിക്കൊല്ലാന്‍ മനോെധെര്യമുണ്ടോയെന്ന ചോദ്യത്തിന്, ''സര്‍, ഞാന്‍ ജോലി തേടിവന്നതാണ്. വിധി നടപ്പാക്കേണ്ട ദിവസം അവധിയെടുക്കും'' എന്നായിരുന്നത്രേ മറുപടി!
ഈ ആരാച്ചാര്‍ ഉദ്യോഗാര്‍ഥിയുടെ അതേ മനസായിരുന്നു അലക്‌സാണ്ടര്‍ ജേക്കബിനും. ആലുവ കൊലക്കേസിലെ പ്രതി ആന്റണിയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവില്‍ ഒപ്പിടില്ലെന്ന നിലപാട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അദ്ദേഹം നേരിട്ടറിയിച്ചു. മരണ വാറന്റില്‍ ഒപ്പിടാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട് സുപ്രീം കോടതി വിധിപ്രകാരം ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയെന്നതാണു ട്വിസ്റ്റ്.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടെങ്കിലും രക്ഷപ്പെട്ട ഒരാളുണ്ട് കേരളത്തില്‍- മലബാറിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആര്‍. ഗോപാലന്‍. ബ്രിട്ടീഷ് ഭരണകാലത്താണ് അദ്ദേഹത്തിനു കൊലക്കയര്‍ വിധിച്ചത്. വിധിയില്‍ കുലുങ്ങാത്ത കെ.പി.ആര്‍. ജയിലില്‍ സാധാരണജീവിതം നയിച്ചെന്നുമാത്രമല്ല, തൂക്കം ആറുകിലോ കൂടുകയും ചെയ്തു! ഇക്കാര്യം സൂപ്രണ്ടിനെ ജയിലര്‍ അറിയിച്ചതോടെ തൂക്കിക്കൊല നീട്ടിവച്ചു. എത്രത്തോളം ഭാരം കൂടുമെന്നറിയാനായിരുന്നു ഇത്. പക്ഷേ, മഹാത്മാഗാന്ധി ഇടപെട്ട് ശിക്ഷ റദ്ദാക്കിയതോടെ കെ.പി.ആര്‍. രക്ഷപ്പെട്ടു.
from mangalam.com https://ift.tt/2QxT2Do
via IFTTT
No comments:
Post a Comment