കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ കാണാതായത് രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴുവിദ്യാര്‍ഥികളെ. പെണ്‍കുട്ടികളെ രണ്ടരമണിക്കൂറിനുശേഷം കണ്ടെത്തി. കുറവിലങ്ങാടുനിന്നു കാണാതായ മൂന്ന് ആണ്‍കുട്ടികളെയും ഏറ്റുമാനൂരില്‍നിന്നു കാണാതായ വിദ്യാര്‍ഥിയെയും രാത്രി പത്തരയോടെ ചേര്‍ത്തല അറവുകാടുനിന്നു കണ്ടെത്തി. ഇവര്‍ നാലുപേരും ഒന്നിച്ച് എത്തിയതായാണ് വിവരം.
അറവുകാട് ക്ഷേത്രത്തിനു സമീപം സംശയാസ്‌പദമായ രീതിയില്‍ വിദ്യാര്‍ഥികളെക്കണ്ട നാട്ടുകാര്‍ അര്‍ത്തുങ്കല്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥികളെ സ്‌റ്റേഷനില്‍ എത്തിച്ചു. രക്ഷിതാക്കളെ വിവരമറിയിച്ചതായും അവര്‍ എത്തിയശേഷം വിദ്യാര്‍ഥികളെ അവരോടൊപ്പം വിട്ടയയ്‌ക്കുമെന്നും പോലീസ് അറിയിച്ചു. കാണാതായ നാലു കുട്ടികള്‍ കോട്ടയം ജില്ലയിലും ഒരാള്‍ ആലപ്പുഴ ജില്ലയിലുമുള്ളവരാണ്. ഇതില്‍ ആലപ്പുഴയിലെ വിദ്യാര്‍ഥിക്കായി അന്വേഷണം തുടരുകയാണ്. മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാനും ശ്രമമുണ്ടായി.
കാണക്കാരി ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസിലെ സഹപാഠികളായ മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ മലയാളം പരീക്ഷയ്‌ക്കുശേഷം 11 മണിയോടെയാണ് മൂവരും സ്‌കൂളില്‍നിന്നു പുറത്തുപോയത്. ഉച്ചയോടെ പട്ടിത്താനം സ്വദേശിയായ വിദ്യാര്‍ഥി സഹപാഠിക്കൊപ്പം വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ഉച്ചകഴിഞ്ഞു ക്ലാസുണ്ടെന്നു പറഞ്ഞു പുറത്തുപോവുകയും ചെയ്‌തു. സ്‌കൂള്‍സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടികളെ കാണാതെ വന്നതോടെ പട്ടിത്താനം സ്വദേശിയായ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ തിരക്കിയെത്തിയപ്പോഴാണ് ഉച്ചകഴിഞ്ഞു ക്ലാസില്ലായിരുന്നുവെന്നും കുട്ടികള്‍ രാവിലെ തന്നെ പരീക്ഷ കഴിഞ്ഞു പോയെന്നും അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പട്ടിത്താനം സ്വദേശിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2500 രൂപ നഷ്‌ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്‌ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലേക്കും സന്ദേശം അയച്ച് അന്വേഷണം നടത്തിയിരുന്നു. ഏറ്റുമാനൂര്‍ ഗവ. ബോയിസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഏറ്റുമാനൂര്‍ സ്വദേശിയെയും കാണാതായിരുന്നു. ഈ വിദ്യാര്‍ഥിയെയാണ് കാണക്കാരിയില്‍നിന്നു കാണാതായ വിദ്യാര്‍ഥികള്‍ക്കൊപ്പം കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ പരീക്ഷയക്കായി വീട്ടില്‍നിന്നു പോയ വിദ്യാര്‍ഥി വൈകുന്നേരമായിട്ടും മടങ്ങിയെത്തിയില്ല. കാണക്കാരിയില്‍നിന്നും മൂന്നുവിദ്യാര്‍ഥികള്‍ കാണാതായ സംഭവവുമായി ഇതിനു ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു.
ചേര്‍ത്തലയില്‍ രണ്ടു വിദ്യാര്‍ഥിനികളെ കാണാതായത് പരിഭ്രാന്തി സൃഷ്‌ടിച്ചെങ്കിലും രണ്ടരമണിക്കൂര്‍ നീണ്ട തെരച്ചിലിനുശേഷം ഇവരെ കണ്ടെത്തി. ചേര്‍ത്തല നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളെയാണു കാണാതായത്. ഒരാള്‍ സൈക്കിളിലും മറ്റൊരാള്‍ ഓട്ടോറിക്ഷയിലുമാണ് സ്‌കൂളിലെത്തുന്നത്. സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയതോടെയാണ് അധികൃതര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. കുട്ടികളെ കാണാനില്ലെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതോടെ നാട് ഭയാശങ്കയിലായി.
കൂട്ടുകാരിയോട് വഴക്കിട്ട് പിണങ്ങി കുട്ടികള്‍ കുറുപ്പംകുളങ്ങരയില്‍ ബസിറങ്ങിപ്പോയതാണ്. സന്ധ്യാസമയത്ത് സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നുപോകുന്നതു കണ്ട് സംശയം തോന്നിയ വീട്ടമ്മ ഇവരെ തിരിച്ചറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വിവരം കൈമാറി. പിന്നീട് കുട്ടികളെ സ്‌കൂളില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
ആലപ്പുഴയില്‍ പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്റെ മനോവിഷമത്തിലായിരുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെയാണു കാണാതായത്. മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കുട്ടിയുടെ രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ അച്‌ഛനും അമ്മയും ജോലിക്ക് പോയശേഷം കുട്ടിയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മ ബാങ്കില്‍പോയി മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. വൈകുന്നേരമായിട്ടും മടങ്ങിവരാതായതോടെ ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി.
മൂവാറ്റുപുഴയില്‍ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണു പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പായിപ്ര പഞ്ചായത്ത് പ്രദേശത്തുള്ള വിദ്യാര്‍ഥിനി രണ്ടര കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് നടന്നാണ് പോയത്. തട്ടുപറമ്പിന് സമീപം പറപ്പിള്ളിത്താഴത്ത് വച്ച് കാറില്‍ എത്തിയ സംഘം വിദ്യാര്‍ഥിനിയോട് പേരും മറ്റുവിവരങ്ങളും ചോദിച്ചെങ്കിലും വിദ്യാര്‍ഥിനി പ്രതികരിച്ചില്ല. കാറില്‍നിന്ന് ഇറങ്ങിയ രണ്ടുപേര്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കുതറിയോടി. ഈ സമയം പിന്നില്‍നിന്നു മറ്റൊരു വാഹനം വരുകയും സമീപത്തുള്ള വീട്ടിലെ സ്‌ത്രീ വാതില്‍തുറക്കുകയും ചെയ്‌തതോടെ അക്രമിസംഘം കടന്നുകളഞ്ഞു. പേടിച്ചോടിയ വിദ്യാര്‍ഥി സ്‌കൂളിലെത്തി അധ്യാപകരെ വിവരം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി പോലീസിനെ അറിയിച്ചു. പോലീസ് വിദ്യാര്‍ഥിനിയില്‍ നിന്നും മൊഴിയെടുത്തശേഷം സംഭവസ്‌ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from mangalam.com https://ift.tt/32IoLXD
via IFTTT
No comments:
Post a Comment