തൊടുപുഴ: ഇടുക്കിയില്‍ ഇന്നലെ കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ചതു സംസ്ഥാനമൊട്ടാകെ. നിയമസഭാ മന്ദിരമടക്കം സന്ദര്‍ശിച്ചു. ഒരു മന്ത്രിയും മുന്‍മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍.
ഇടുക്കി സ്വദേശിയായ നേതാവ് കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തു വിവിധ പൊതുപരിപാടികളിലും സമൂഹപ്രാര്‍ഥനയിലും പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സഞ്ചാരപഥം രാത്രി െവെകിയും തയാറാക്കിവരുന്നു.
എവിടെനിന്നാണ് ഇദ്ദേഹത്തിനു രോഗം ബാധിച്ചതെന്നു കണ്ടെത്താനായില്ല. അടുത്തിടപഴകിയവരോടു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. 23 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന നേതാവിനെ ഇന്നലെ രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
കഴിഞ്ഞ 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയിരുന്നു. എന്നാല്‍, വിദേശത്തുനിന്നു വന്നവരുമായോ രോഗബാധിതരുമായോ സംശയിക്കപ്പെടുന്നവരുമായോ ബന്ധമില്ലാത്തതിനാല്‍ മരുന്ന് നല്‍കിവിട്ടു. പനി മാറാതിരുന്നതിനേത്തുടര്‍ന്ന്, 23-നു ജില്ലാ ആശുപത്രിയില്‍ വീണ്ടുമെത്തി. ഇതോടെ വീട്ടുനിരീക്ഷണത്തിലാക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞ 10-നുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
പാലക്കാട്, ഷോളയാര്‍, മറയൂര്‍, മൂന്നാര്‍, ആലുവ, പെരുമ്പാവൂര്‍, മാവേലിക്കര, തിരുവനന്തപുരം, നിയമസഭാമന്ദിരം എന്നിവിടങ്ങളില്‍ പോയതായി ഔദ്യോഗികസ്ഥിരീകരണമുണ്ട്. കഴിഞ്ഞ 13, 20 തീയതികളില്‍ ചെറുതോണി മുസ്ലിം പള്ളിയില്‍ പോയി. പോഷകസംഘടനായോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 14-നു തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫീസിലുമെത്തി.
ഏകാധ്യാപക വിദ്യാലയ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ ഇദ്ദേഹം അടിമാലി മേഖലയിലുള്ള രണ്ടുപേര്‍ക്കൊപ്പമാണു നിയമസഭാമന്ദിരത്തിലെത്തി എം.എല്‍.എമാരെ കാണുകയും മുതിര്‍ന്ന രാഷ്ട്രീയനേതാവിനൊപ്പം മന്ത്രിയെക്കണ്ട് നിവേദനം നല്‍കുകയും ചെയ്തത്.
നിര്‍മാണമേഖലയിലെ ഒരു സംഘടനയുടെ സംസ്ഥാനഭാരവാഹിയുമായ ഇദ്ദേഹം സമരത്തിന്റെ ഭാഗമായി കാസര്‍ഗോഡ് പോയിരുന്നതായും സൂചനയുണ്ട്. ഇടുക്കി ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പല പൊതുപരിപാടികളിലും പങ്കെടുത്തു. ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിതനായി ചികിത്സയിലുള്ള രണ്ടാമത്തെയാളാണ് ഇദ്ദേഹം. ദുബായില്‍നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്കു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
from mangalam.com https://ift.tt/2UDbRXb
via IFTTT
No comments:
Post a Comment