ന്യൂഡല്‍ഹി: ഇറ്റലിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ കൊറോണ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14 ആയി. കേരളത്തില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത് എട്ടു പേര്‍ക്കാണ്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും ഇവരിൽ 259 പേർ ആശുപത്രിയിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പരിചരണത്തിനായി കുഞ്ഞിന്റെ മാതാവിനെയും വാര്‍ഡിലാക്കിയിട്ടുണ്ട്. ഇന്നലെ ഇറ്റലിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില പക്ഷേ തൃപ്തികരമാണ്.
ഇവര്‍ എത്തിയ ഖത്തര്‍ വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്ന 90 പേര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സ് 530 ല്‍ വന്ന ആള്‍ക്കാരെ കണ്ടെത്തി ഇവരെ ഫോണ്‍ വിളിച്ച് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 99 പേർ എറണാകുളം ജില്ലക്കാരാണ്. ഇവര്‍ വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ലക്ഷണം കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ നിലവിൽ 17 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
പത്തനംതിട്ട രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധയുള്ളവര്‍ പോയ മാപ്പ് പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ആ സമയം ഉണ്ടായിരുന്നവര്‍ വിവരം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. ക്‌ളസ്റ്റര്‍ വണ്‍, ടൂ എന്ന നിലയില്‍ രണ്ടു തരത്തില്‍ രോഗബാധിതരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും പോയ റൂട്ട് മാപ്പും തയ്യാറാക്കി. അതിനിടയില്‍ ഇറ്റലിയില്‍ നിന്നും എത്തിയവര്‍ സന്ദര്‍ശിച്ച പുനലൂരിലുള്ളവര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തി.
കേരളത്തില്‍ ഉടനീളം നിരീക്ഷണത്തിലുള്ള 980 പേരുടെ സാമ്പിളുകള്‍ അയച്ചെങ്കിലും 815 സാമ്പിളുകള്‍ നെഗറ്റീവാണ്. പത്തനംതിട്ട ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ള 24 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. 731 പേരാണ് ജില്ലയില്‍ മൊത്തത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 80 ശതമാനത്തോളം ആള്‍ക്കാരെ കണ്ടെത്താനായിട്ടുണ്ട്.
നിരീക്ഷണത്തില്‍ ഉള്ളവരെ ജിപിഎസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും. രോഗബാധിതരുമായി സമ്പർക്കത്തിലുളളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2Q6jKCX
via IFTTT
No comments:
Post a Comment