പത്തനംതിട്ട: സഹകരണ ബാങ്കിലെ ജോലിക്കായി കോഴ നല്‍കാന്‍ കിടപ്പാടം പണയപ്പെടുത്തിയ യുവാവ് ജപ്തി ഭീഷണിയെത്തുടര്‍ന്നു ജീവനൊടുക്കി. ജില്ലാ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പാര്‍ട്ട്‌െടെം സ്വീപ്പറായിരുന്ന ചാത്തന്നൂര്‍ പാരിപ്പള്ളി എഴിപ്പുറം കല്ലിടാഞ്ചിയില്‍ വിനീഷാ(37) ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്.
വിനീഷിന്റെ മരണം ഏറ്റെടുത്ത് പ്രക്ഷോഭത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ജീവനക്കാരുടെ സംഘടനകള്‍. വീടും വസ്തുവും പണയപ്പെടുത്തി നേതാക്കള്‍ക്ക് ഏഴു ലക്ഷം രൂപ കോഴ നല്‍കിയാണ് വിനീഷ് ജോലി നേടിയതെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ജില്ലാ സഹകരണ ബാങ്കില്‍ യു.ഡി.എഫ്. ഡയറക്ടര്‍ ബോര്‍ഡ് അധികാരത്തിലുള്ളപ്പോഴാണു സംഭവം. പുതിയ തസ്തിക സൃഷ്ടിക്കാന്‍ വേണ്ടി അന്ന് നിലവിലുണ്ടായിരുന്ന പാര്‍ട്ട്‌െടെം സ്വീപ്പര്‍മാര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റംനല്‍കുകയാണു ഡയറക്ടര്‍ ബോര്‍ഡ് ചെയ്തത്. ഇതിനു ശേഷം പുതുതായി 57 പേരെ പാര്‍ട്ട്‌െടെം സ്വീപ്പര്‍ തസ്തികയിലേക്കു നിയമിച്ചതാണ് കോഴയ്ക്ക് കളമൊരുക്കിയത്. അഞ്ചു മുതല്‍ 15 ലക്ഷം വരെയാണ് കോഴയായി വാങ്ങിയതത്രേ. നാലു കെ.എസ്.യു. നേതാക്കളെ പണമൊന്നും വാങ്ങാതെ നിയമിക്കുകയും ചെയ്തു. ഇത്രയും പേരുടെ നിയമനം നടന്നതിന് പിന്നാലെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി ലഭിച്ചു.
ഇവരുടെ നിയമനം തടഞ്ഞു കൊണ്ട് രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ജോലി ലഭിച്ചവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ ഇവര്‍ക്ക് സ്ഥിരം നിയമനമോ വ്യക്തമായ ശമ്പള സ്‌കെയിലോ ഉണ്ടായിരുന്നില്ല. പതിനായിരം രൂപയോളമാണ് പ്രതിമാസം ലഭിച്ചിരുന്നത്. ഈ തുക കൊണ്ട് കുടുംബംപുലര്‍ത്താന്‍ വിനീഷ് ബുദ്ധിമുട്ടുകയായിരുന്നു. മാതാപിതാക്കള്‍ നേരത്തേ മരിച്ച വിനീഷിനൊപ്പം ഭാര്യ നിത്യയും മകന്‍ വസുദേവുമാണു താമസിച്ചിരുന്നത്. ജില്ലാ സഹകരണ ബാങ്കിന്റെ ഏനാത്ത് ശാഖയിലാണ് വിനീഷിന് ആദ്യം നിയമനം ലഭിച്ചത്. ശമ്പളംകൊണ്ടു മാത്രം മുന്നോട്ടുപോകാനാകാതെ വന്നതോടെ പരിചയക്കാരില്‍നിന്നു കടം വാങ്ങിത്തുടങ്ങി.
കടം നല്‍കിയവര്‍ ബാങ്കിലെത്തി പണം തിരികെ ചോദിക്കാന്‍ തുടങ്ങിയത് നാണക്കേടുമായി. ഇതിനിടെയാണ് വീട് പണയംവച്ചതിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിയിലെത്തിയത്. ഇതിനിടെ വിനീഷിനെ പത്തനംതിട്ടയിലെ ആസ്ഥാന ഓഫീസിലേക്കു മാറ്റി. ഇതോടെ കിട്ടുന്ന ശമ്പളത്തിലേറെയും ബസ് കൂലിക്കായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയായി. ജീവിതകാലം മുഴുവന്‍ തുച്ഛശമ്പളത്തില്‍ ജോലിചെയ്യേണ്ടിവരുമെന്ന ആശങ്ക വിനീഷിനുണ്ടായിരുന്നു. ഇതിനൊപ്പം ജപ്തി ഭീഷണികൂടി വന്നതാണ് വിനീഷ് ജീവനൊടുക്കാന്‍ കാരണമെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു.
from mangalam.com https://ift.tt/2HfB2Zw
via IFTTT
No comments:
Post a Comment