തിരുവനന്തപുരം/ആലപ്പുഴ/കോട്ടയം: സിറ്റിങ് സീറ്റില്‍ എന്‍.സി.പി. തന്നെയെന്നുറപ്പിച്ച് ഇടതുമുന്നണി കുട്ടനാട് ഉപതെരഞ്ഞെടുപ്പിലേക്ക്. മറുവശത്ത്, യു.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഓട്ടം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസിനെ കേരളാ കോണ്‍ഗ്രസ് (എം) ചേരിപ്പോരാണ് അലട്ടുന്നത്.
ആ കട്ടില്‍ കണ്ട് പനിക്കേണ്ട എന്നു പി.ജെ. ജോസഫിനോടെന്ന മട്ടില്‍ ജോസ് കെ. മാണി പറഞ്ഞത് കുട്ടനാട് ഏറ്റെടുക്കാന്‍ ആലോചിക്കുന്ന കോണ്‍ഗ്രസിനുള്ള താക്കീതായി. തോമസ് ചാണ്ടിയുടെ മരണം സൃഷ്ടിച്ച ഒഴിവിലാണു തെരഞ്ഞെടുപ്പ്. സീറ്റ് ഏറ്റെടുക്കുന്നതിനെപ്പറ്റി സി.പി.എം. ആലോചിച്ചെങ്കിലും വേണ്ടെന്നാണു തീരുമാനം. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിന്റെ സ്ഥാനാര്‍ഥിത്വം അജന്‍ഡയാക്കി എന്‍.സി.പി. 24-നു യോഗം ചേരും. പ്രഖ്യാപനം െവെകില്ലെന്നാണു സൂചന.
കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ചു തോറ്റ കുട്ടനാട്ടില്‍ ഇക്കുറി വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ജോസ് കെ. മാണി-പി.ജെ. ജോസഫ് പോരു തന്നെയാണു പ്രധാന വെല്ലുവിളി. കുട്ടനാട് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാവര്‍ത്തിച്ച് ഇരുകൂട്ടരും ശക്തി സംഭരിക്കുകയാണ്. സീറ്റ് വിട്ടുകൊടുക്കില്ലെന്നു ജോസ് ആവര്‍ത്തിക്കുന്നതിനിടെ, ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂരിനെ ഒപ്പം ചേര്‍ത്ത് പി.ജെ. ജോസഫ് അവകാശവാദത്തിനു കരുത്തുകൂട്ടി.
കോണ്‍ഗ്രസ് മത്സരിക്കണമെന്നു കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യമുയര്‍ന്നതോടെ യു.ഡി.എഫ്. പൊട്ടിത്തെറിയുടെ വക്കിലാണ്. 25-നു ചേരുന്ന യു.ഡി.എഫ്. യോഗം കലങ്ങാനുള്ള ചേരുവകള്‍ ഒരുങ്ങിക്കഴിഞ്ഞു. വിജയസാധ്യതയ്ക്കാണ് ആദ്യ പരിഗണനയെന്നും സീറ്റ് ആര്‍ക്കെന്ന് മുന്നണി യോഗം തീരുമാനിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സമവായമുണ്ടാക്കി കോണ്‍ഗ്രസ് മത്സരിക്കട്ടെ എന്ന നിര്‍ദേശമാണു മുസ്ലിം ലീഗിന്റേത്.
കേരളാ കോണ്‍ഗ്രസിലെ ഏതു വിഭാഗത്തിനു സ്ഥാനാര്‍ഥിത്വം നല്‍കിയാലും മറുപക്ഷം കാലുവാരുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് മത്സരിക്കുകയെന്ന ആശയത്തിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോള്‍ കുട്ടനാട്, അല്ലെങ്കില്‍ മറ്റൊരു സീറ്റ് തരാമെന്നു വാക്കുനല്‍കി കേരളാ കോണ്‍ഗ്രസിനെ തല്‍ക്കാലം തണുപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടപെടുമെന്നാണു സൂചന. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരേ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് ഏബ്രഹാമാണു മത്സരിച്ചത്. അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ച പി.ജെ. ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമാണ്.
from mangalam.com https://ift.tt/2v9fFqe
via IFTTT
No comments:
Post a Comment