ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടർ പട്ടിക സംബന്ധിച്ച കേസിൽ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുൻപ് തങ്ങളുടെ വാദംകൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകാനിരിക്കെയാണ് ലീഗിന്റെ ഹർജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസർക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനെ ചോദ്യംചെയ്ത് യുഡിഎഫ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2015-ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിർദേശം നൽകി. പുതിയ വോട്ടർ പട്ടിക സാമ്പത്തികബാധ്യതയെന്നായിരുന്നു സർക്കാർ വാദം. എന്നാൽ 2015-ലെ വോട്ടർപട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഒരാൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടണമെങ്കിൽ കൃത്യമായ കാരണങ്ങൾ വേണം. അത്തരത്തിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരാൾ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വീണ്ടും പേര് ചേർക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടർമാരോട് ചെയ്യുന്ന നീതിപൂർവമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. Content Highlights:2015 voters list in upcoming local body election
from mathrubhumi.latestnews.rssfeed https://ift.tt/3bID8Pz
via
IFTTT
No comments:
Post a Comment