തിരുവാങ്കുളം: 'ബൈബിളിലെ 7-ാമത്തെ കല്പന ഞാൻ ലംഘിച്ചു, ബട്ട് എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും' കള്ളൻ കയറിയെന്നറിഞ്ഞ നാട്ടുകാരും പോലീസും ചിരിക്കുകയാണ് ഈ വരികൾ വായിച്ച്. തിരുവാങ്കുളത്ത് മുൻ പട്ടാളക്കാരന്റെ വീട്ടിൽ ചൊവ്വാഴ്ച മോഷണത്തിന് എത്തിയ കള്ളനാണ് മിലിറ്ററി കുപ്പി എടുത്ത് പൊട്ടിച്ച് രണ്ട് പെഗ്ഗടിച്ച് ഭിത്തിയിൽ കുറിപ്പെഴുതിയത്. തിരുവാങ്കുളം പാലത്തിങ്കൽ വീട്ടിൽ ഐസക് മാണിയുടെ അടച്ചിട്ടിരുന്ന വീട്ടിൽ ചൊവ്വാഴ്ച രാത്രി മോഷണത്തിനെത്തിയ കള്ളൻ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് പട്ടാളക്കാരന്റെ തൊപ്പി കണ്ടത്. രാജ്യസ്നേഹം തോന്നിയിട്ടാകാം കാര്യമായൊന്നും എടുത്തില്ല. ഖേദം ഭിത്തിയിൽ എഴുതുകയും ചെയ്തു. ഒപ്പം എടുത്തവയുടെ വിവരങ്ങളും: 'സർ, ഒരു ജോടി ഡ്രസ്സ്, കുറച്ച് മദ്യം, 150 രൂപ ഞാൻ എടുത്തു, ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു, അവസാന നിമിഷമാണ് മനസ്സിലായത്; തൊപ്പി കണ്ടപ്പോൾ, ഓഫീസർ ക്ഷമിക്കണം' - സ്വീകരണ മുറിയുടെ ഭിത്തിയിൽ കുറിച്ചു. 'എൻ.ബി: ഒരു ബാഗും കുറച്ചു രേഖകളും ടയർ കടയിലേതാണ്, കൊടുക്കണം' തുടങ്ങിയ കുറിപ്പുകളും എഴുതിെവച്ചു. ഈ വീട്ടിൽ കയറും മുമ്പ് മോഷണം നടത്തിയ സമീപത്തെ ടയർ കടയിലെ ബാഗും രേഖകളുമാണ് തിരികെ ഏൽപ്പിക്കണമെന്ന് എഴുതിെവച്ചത്. ബാഗിലെ പതിനായിരത്തോളം രൂപ എടുത്തതായി ടയർ കട ഉടമ ബാബു ജോസഫ് പറഞ്ഞു. മറ്റ് നാലു കടകളിലും ഇയാൾ മോഷണം നടത്തിയിരുന്നു. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാരകൾ, പിക്കാസ് തുടങ്ങിയവ സന്ദർശക മുറിയുടെ സെറ്റിയിൽ ഉപേക്ഷിച്ചിരുന്നു. ഒരു കമ്പിപ്പാരയും ഉപയോഗിച്ചത് എന്നു കരുതുന്ന ടർക്കിയും ഗേറ്റിനടുത്തും കളഞ്ഞിട്ടുണ്ട്. ഐസക് മാണി വിദേശത്താണ്. സി.സി.ടി.വി. കേന്ദ്രീകരിച്ച് കള്ളൻമാർക്കായി ഹിൽ പാലസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്.ഐ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്ക്വാഡും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും മോഷണസ്ഥലങ്ങളിൽ പരിശോധന നടത്തി. Content Highlights:Patriotic thief filled with regret after finding the house he broke into belongs to a soldier,Thiruvankulam
from mathrubhumi.latestnews.rssfeed https://ift.tt/2P6WtjM
via
IFTTT
No comments:
Post a Comment