വടക്കാഞ്ചേരി: കുറാഞ്ചേരി കുന്നിൽ കത്തിക്കരിഞ്ഞ ജഡം ആരുടേതെന്ന് അറിയാനുള്ള അന്വേഷണത്തിൽ പോലീസിന് തുന്പായത് താലി. താലിയുമായി നടത്തിയ അന്വേഷണമാണ് ഒറ്റപ്പാലത്തെത്തിച്ചത്.ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ വഴി കുഞ്ഞിലക്ഷ്മിയുടെ മേൽവിലാസം പെട്ടെന്ന് ലഭ്യമായി. മൃതദേഹവും മറ്റ് തൊണ്ടികളും ഭർത്താവും മക്കളും തിരിച്ചറിഞ്ഞതോടെ ആദ്യ കടമ്പ കടന്ന ആശ്വാസത്തിലാണ് പോലീസ്. ഇതിനിടയിൽ വയോധികയുടെ തലയ്ക്ക് അടിച്ച കേസിലെ യുവതിയാണ് മരിച്ചതെന്ന പ്രചാരണവും വ്യാപകമായി. ഇത് പോലീസ് നേരത്തെ തള്ളി. യുവതി ധരിച്ചിരുന്നത് ചുരിദാറാണെന്ന് വയോധിക പോലീസിന് മൊഴി നൽകിയിരുന്നു. ജഡം തിരിച്ചറിയാത്തതിനാൽ പോസ്റ്റ്‌മോർട്ടം വ്യാഴാഴ്ച നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതും പ്രയോജനപ്പെട്ടു. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിൽ ഫോറൻസിക് സർജൻമാരുടെ വിദഗ്‌ധ അഭിപ്രായത്തിൽ ശ്വാസകോശത്തിൽ പുക കണ്ടത് കൊന്നതിനുശേഷം കത്തിച്ചതാണെന്ന സംശയവും ദുരീകരിക്കപ്പെട്ടു. കുഞ്ഞിലക്ഷ്മിയുടെ മരണകാരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുറാഞ്ചേരി കുന്നിന്റെ ചെരുവിൽ ഇവർ തനിച്ചെത്തി ആത്മഹത്യ ചെയ്യാനുള്ള മനക്കരുത്താണ് സംശയത്തിന് ഇടനൽകുന്നത്. അവർ തനിച്ച് യാത്ര പതിവില്ലെന്നാണ് മക്കൾ പോലീസിനോട് പറഞ്ഞത്. ജഡം കണ്ട സ്ഥലം സാമൂഹികവിരുദ്ധരുടെ താവളവുമാണ്. മദ്യപാനവും മറ്റും ഇവിടെ പതിവാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. ജഡത്തിനു സമീപം ഒഴിഞ്ഞ കന്നാസും,നിറയെ കൊള്ളികള്ളുള്ള തീപ്പെട്ടിയും കിടന്നിരുന്നു. കൂടുതൽ അന്വേഷണത്തിലേയ്ക്ക് വഴിവെക്കുന്നതാണ് സാഹചര്യ തെളിവുകൾ. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജ്, സർക്കിൾ ഇൻസ്പെക്ടർ കെ. മാധവൻകുട്ടി,സബ് ഇൻസ്‌പെക്ടർ പി.ബി. ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
from mathrubhumi.latestnews.rssfeed https://ift.tt/3bJJ0bB
via
IFTTT
No comments:
Post a Comment