കൂടത്തായി കൊലപാതകം-സിനിമാക്കഥയെ വെല്ലുന്ന ആന്റി ക്ലൈമാക്‌സ്; ഉദ്വേഗഭരിതം അന്വേഷണ നാൾവഴികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

കൂടത്തായി കൊലപാതകം-സിനിമാക്കഥയെ വെല്ലുന്ന ആന്റി ക്ലൈമാക്‌സ്; ഉദ്വേഗഭരിതം അന്വേഷണ നാൾവഴികൾ

താമരശ്ശേരി: പൊന്നാമറ്റം തറവാട്ടിലെ മരണങ്ങളെ വിധിവൈപരീത്യം കൊണ്ടുള്ള സ്വാഭാവിക വിയോഗങ്ങളായാണ് നാട്ടുകാർ കണക്കാക്കിയിരുന്നത്. പക്ഷേ ടോംതോമസിന്റെ വീടുംസ്വത്തും കൈക്കലാക്കാൻ ജോളി വ്യാജഒസ്യത്ത് ചമച്ചെന്ന മകൻ റോജോയുടെ പരാതിക്ക് പിറകെപ്പോയി മരണങ്ങൾക്ക് പിന്നിലെ രഹസ്യങ്ങളിലേക്ക് അന്വേഷണസംഘം ചൂഴ്ന്നിറങ്ങി. വ്യാജഒസ്യത്ത് സംബന്ധിച്ച അന്വേഷണം ജോളിയെന്ന വീട്ടമ്മയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും എൻ.ഐ.ടി.പ്രൊഫസർ തസ്തികയുടെയുമെല്ലാം തനിനിറം വെളിപ്പെടുത്തിയതോടെ കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് സംഘം ആവേശത്തോടെ മുന്നോട്ടുപോയി. സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ചിട്ടും ആത്മഹത്യയെന്ന് ലോക്കൽ പോലീസ് സൗകര്യപൂർവം വിധിയെഴുതിയ റോയ് തോമസിന്റെ ദുരൂഹമരണത്തിൽ നടന്ന തുടരന്വേഷണം അപസർപ്പക കഥയെ വെല്ലുന്ന കൊലപാതക പരമ്പരയിലേക്കാണ് വെളിച്ചംവീശിയത്. കൂടത്തായി ലൂർദ് മാതാ പള്ളിയിലെയും കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയിലെയും സെമിത്തേരികളിലെ കല്ലറകൾതുറന്ന് ആറുപരേതരുടെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഒക്ടോബർ നാലിന് പുറത്തെടുക്കുന്നതിനെതിരെപ്പോലും കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും എതിർശബ്ദമുയർന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ജോളി, എം.എസ്.മാത്യു, പ്രജികുമാർ എന്നിവരെ അന്വേഷണസംഘം അറസ്റ്റുചെയ്ത് കൊലപാതക പരമ്പരയുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തിയതോടെ നാട് ഒന്നാകെ തരിച്ചുനിന്നു. പതിനേഴുവർഷംമുമ്പ് 'ഡോഗ് കിൽ' എന്ന വളർത്തുമൃഗങ്ങൾക്കുള്ള വിഷംനൽകി ഭർതൃമാതാവ് അന്നമ്മയെ ഇല്ലാതാക്കിയ ജോളിയമ്മ ജോസഫ് എന്ന ജോളി ഭർതൃപിതാവ് ടോംതോമസ്, ആദ്യഭർത്താവ് റോയ് തോമസ്, ടോംതോമസിന്റെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവിന്റെ ഭാര്യ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെക്കൂടി സയനൈഡ് നൽകി വധിച്ചതാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നതുവരെ കുടുംബത്തിനും നാടിനും അവ സ്വാഭാവിക മരണങ്ങൾ മാത്രമായിരുന്നു. അതീവരഹസ്യമായി രണ്ടുമാസം അന്വേഷണം നടത്തി ഇരുനൂറിലധികം പേരുടെ മൊഴിയെടുത്ത് റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ എസ്.ഐ. ജീവൻ ജോർജിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിരിച്ച വലയിൽ ജോളിയും കൂട്ടുപ്രതികളും കുരുങ്ങുകയായിരുന്നു. വേഷം മാറിയും രാപകൽ തെളിവുകൾ തിരഞ്ഞും നടത്തിയ മികച്ച ടീംവർക്കും ശൂന്യതയിൽ നിന്നെന്ന പോലെ വീണുകിട്ടിയ നിർണായകമായ സാക്ഷിമൊഴികളും തെളിവുകളുമെല്ലാം അന്വേഷണത്തിന്റെ ഗതിവേഗം വർധിപ്പിച്ചു. വ്യാജഒസ്യത്തും, റോയ് തോമസിന്റെ പേരിൽ ജോളിയെടുത്ത പതിനഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ് രേഖകളും വ്യാജ ഐ.ഡി കാർഡുമെല്ലാം വൈകാതെ അന്വേഷണസംഘത്തിന്റെ കൈവശമെത്തി. 2011 സെപ്റ്റംബർ 30- നാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് വീട്ടിലെ ബാത്ത്റൂമിനകത്ത് കുഴഞ്ഞുവീഴുന്നത്. ആത്മഹത്യയെന്ന നിഗമനത്തിൽ കോടഞ്ചേരി പോലീസ് ക്രൈം നമ്പർ 189/11 പ്രകാരം അസ്വാഭാവികമരണത്തിനായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതക പരമ്പരയിലെ മരണങ്ങളിൽ ഈ കേസിൽ മാത്രമായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. എന്നാൽ പുനരന്വേഷണത്തിൽ ഭക്ഷണത്തിനകത്ത് സയനൈഡ് ചേർത്ത് നൽകി ജോളി റോയിയെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ വിഷംചേർത്ത് നൽകിയ ജോളി, ഭർതൃപിതാവായ ടോംതോമസിന് വിറ്റാമിൻ ഗുളികയിലും, ഭർതൃമാതാവിന്റെ സഹോദരൻ മാത്യുവിന് ഭക്ഷണത്തിലും, രണ്ടാംഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിക്ക് ഗുളികയിലും, സിലിയുടെ മകൾ ആൽഫൈനിന് ഇറച്ചിക്കറിയിലും സയനൈഡ് ചേർത്ത് നൽകിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. Content Highlights:Koodathayi Serial Killing,


from mathrubhumi.latestnews.rssfeed https://ift.tt/36gP3Bb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages