മെഡിക്കൽ കോളേജ്: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി പോലീസും മെഡിക്കൽ കോളേജും ക്ളബ്ബ് എഫ്.എമ്മും കൈകോർത്തു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ കഴിയുകയായിരുന്ന കുഞ്ഞിനെയാണ് പോലീസ് സഹായത്തോടെ ഗതാഗതതടസ്സം ഒഴിവാക്കി ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടെന്നും അടിയന്തരശസ്ത്രക്രിയ ആവശ്യമാണെന്നും മെഡിക്കൽ കോളേജ് ശിശുരോഗവിഭാഗം കണ്ടെത്തിയിരുന്നു. ഉടനെ നവജാതശിശുക്കൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ കുഞ്ഞിനെ ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതിപ്രകാരം ശസ്ത്രക്രിയ നടത്തുന്ന തൃശ്ശൂരിൽനിന്ന് ഏറ്റവും അടുത്ത ആശുപത്രി എന്ന നിലയിലാണ് അമൃത ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജിൽനിന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുപോയത്. മെഡിക്കൽ കോളേജ് മുതൽ അമൃത ആശുപത്രി വരെയുള്ള ഗതാഗതതടസ്സം നീക്കി പോലീസ് കുഞ്ഞിന്റെ ജീവനായി പ്രവർത്തിച്ചു. ഇതോടൊപ്പം ഒരുമാസം പ്രായമുള്ള കുഞ്ഞിനെയും ഹൃദയസംബന്ധമായ പരിശോധനയ്ക്കായി അമൃതയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എഫ്.എമ്മിൽനിന്ന് ടോളിലേക്കൊരു കോൾ : ക്ലബ്ബ് എഫ്.എമ്മിന്റെ ഐ.പി.എൽ. പ്രോഗ്രാമിലേക്ക് ഉച്ചയോടെ ഫോൺവിളിയെത്തി. ഒരു ആംബുലൻസ് ഡ്രൈവറുടേതായിരുന്നു വിളി. മെഡിക്കൽ കോളേജിൽനിന്ന് അമൃത ആശുപത്രിയിലേക്ക് കുഞ്ഞുമായി പോവുകയാണ്. വഴിയിൽ തടസ്സങ്ങളുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. അതിനായി, വഴിയുടെ ഗൂഗിൾ മാപ്പ് ഷെയർ ചെയ്തു. ഇക്കാര്യം ക്ലബ്ബ് എഫ്.എം. പ്രക്ഷേപണം ചെയ്ത ഉടൻ കേൾവിക്കാരിൽനിന്ന് വലിയ പ്രതികരണമാണുണ്ടായത്. അതിലൊന്ന് പാലിയേക്കര ടോൾ പ്ളാസയിലെ കുരുക്കിനെക്കുറിച്ചായിരുന്നു. ക്ലബ്ബ് എഫ്.എം. അധികൃതർ ഉടനെ ടോൾ പ്ലാസ അധികൃതരുമായി ബന്ധപ്പെട്ടു. പോലീസിന്റെ സഹായത്തോടെ ആംബുലൻസിനായി ഉടനെ വഴിയൊരുങ്ങി. 0487 2442672 ആണ് ക്ലബ്ബ് എഫ്.എമ്മിന്റെ ട്രാഫിക് ഹോട്ട്ലൈൻ നമ്പർ. കേൾവിക്കാർക്ക് ഗതാഗതതടസ്സങ്ങൾ ഈ നമ്പറിൽ വിളിച്ചറിയിക്കാം. 7510551048 എന്ന വാട്സാപ്പ് നമ്പറിലും വിവരങ്ങൾ കൈമാറാം.
from mathrubhumi.latestnews.rssfeed https://ift.tt/2Rrmef8
via
IFTTT
No comments:
Post a Comment