കോട്ടയം: ''എങ്ങും ഭീതിയുടെ മുഖങ്ങൾ. നിരത്തുകൾ കാലി. അപൂർവമായിമാത്രം പുറത്തിറങ്ങുന്നവർ സുരക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്നു. ചൈനീസ് പുതുവത്സരാഘോഷം അരങ്ങുതകർക്കേണ്ട സമയത്ത് മരണത്തിന്റെ മൂകത മാത്രമാണ് തെരുവുകളിൽ'' -പ്രശസ്ത സ്ട്രീറ്റ് ഫോട്ടോഗ്രാഫറും യോഗാചാര്യനുമായ തൃശ്ശൂർ നാട്ടിക സ്വദേശി സുധീർ ഉൗരാളത്തിൽ കൊറോണ വൈറസ് ബാധയിൽ വലയുന്ന ചൈനയിലെ സ്ഥിതി വിവരിക്കുകയാണ്. ചൈനയിൽ അഞ്ചുവർഷമായി യോഗ പഠിപ്പിക്കുന്ന അദ്ദേഹം നിങ്ബോ നഗരത്തിൽനിന്ന് ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നാലുവർഷം താൻകണ്ട ചൈനയല്ല കുറച്ചുദിവസങ്ങളായി കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു. പുതുവത്സരം ഇവിടെ ആകെ ആഘോഷമാണ്. സൂപ്പർസ്റ്റാറുകളുെട സിനിമാ റിലീസ്, മാളുകളിലെ തിരക്കും ബഹളവും, തെരുവുകളിലെ ആഘോഷം.... അങ്ങനെ ആകെയൊരു തൃശ്ശൂർപ്പൂരം. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ സങ്കടകരമാണ്. ഭക്ഷണശാലകൾപോലും അടച്ചിരിക്കുന്നു. തിയേറ്ററുകൾ മാത്രമല്ല, മിക്ക റെയിൽവേസ്റ്റേഷനുകളും വിമാനത്താവളങ്ങളും അടച്ചു. ക്ഷേത്രങ്ങളിൽ സമൂഹാരാധന വിലക്കി. കടകളിൽ മുഖംമൂടികൾ കിട്ടാനില്ല. ഉള്ളിടത്തുതന്നെ റേഷനാണ്. ഒന്നിലധികം തരില്ല. വുഹാനിലാണ് സ്ഥിതി ഏറെ മോശം. മുമ്പ് സാർസ് ചികിത്സിച്ച ഒരു ഡോക്ടറെ അവിടേക്ക് സർക്കാർ എത്തിച്ചു. 83 വയസ്സുള്ള അദ്ദേഹത്തിനാണ് പ്രതിരോധത്തിനും മേൽനോട്ടം. 886 പേർക്കാണ് വൈറസ് ബാധയെന്ന് ഒൗദ്യോഗിക ഏജൻസികൾ തരുന്ന വിവരം. 26 പേർ മരിച്ചെന്നും 35 പേർ സുഖംപ്രാപിച്ചെന്നും കേൾക്കുന്നു. ഡിസംബർ മധ്യത്തിൽ വുഹാനിലാണ് ആദ്യ രോഗബാധ റിപ്പോർട്ടുചെയ്തതെന്ന് അവിടെയുള്ള സുഹൃത്തായ ഒരു പത്രാധിപർ പറഞ്ഞു. അവിടത്തെ ഭരണകൂടം ഇത് മറച്ചുവെച്ചുവെന്ന് ആക്ഷേപമുണ്ട്. അതാണ് രോഗം പകരാൻ കാരണമാക്കിയത്. വുഹാൻ സർവകലാശാലയുടെ ഹോസ്റ്റലിൽ 20 മലയാളിക്കുട്ടികൾ ഉണ്ട്. യാത്രാമാർഗം അടഞ്ഞതിനാൽ ഇവർ അവിടെ കുടുങ്ങിയെന്നുപറയാം. കുറച്ചുകുട്ടികൾ നേരത്തേ നാട്ടിലേക്ക് പോയി. നിങ്ബോ നഗരത്തിൽ 300 മലയാളിവിദ്യാർഥികളുണ്ട്. മലപ്പുറം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഏറെയും. മലയാളികൾക്ക് ആർക്കും വൈറസ് ബാധയുള്ളതായി വിവരമില്ല. ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും മലയാളികൾക്ക് പ്രശ്നമില്ലന്നാണ് അറിഞ്ഞത്. ഇന്ത്യൻ കോൺസുലേറ്റ് ഹോട്ട്നന്പർ ഇന്ത്യക്കാർക്ക് നൽകിയിട്ടുണ്ട്. നാട്ടിലേക്ക് പോരാൻ ആഗ്രഹിച്ചാലും ടിക്കറ്റുനിരക്ക് പ്രശ്നമാണ്. സാധാരണ 20,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇപ്പോഴത് 70,000 വരെയായി. മലേഷ്യവഴി നാട്ടിലേക്കുവരാനാണ് താൻ പരിപാടിയിട്ടിരിക്കുന്നതെന്നും സുധീർ പറഞ്ഞു. Content Highlight: Coronavirus: Fear of death all over China
from mathrubhumi.latestnews.rssfeed https://ift.tt/30RWOLN
via
IFTTT
No comments:
Post a Comment