കോഴിക്കോട്: ഞായറാഴ്ച രാത്രി ജെ.എൻ.യു. കാമ്പസിൽനടന്ന ആക്രമണം കൃത്യമായി ആസൂത്രണംചെയ്തതാണെന്ന് സംഭവത്തിൽ പരിക്കേറ്റ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഈസ്തെറ്റിക്സിലെ അസി. പ്രൊഫസറും മലയാളിയുമായ അമീത് പരമേശ്വരൻ. മുൻമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കൊച്ചുമകനായ ഈ 37-കാരന്റെ കൈക്കും പുറത്തും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റിരുന്നു. 2012-ൽ വിസിറ്റിങ് ഫാക്കൽറ്റിയായി ജെ.എൻ.യു.വിലെത്തിയ അങ്കമാലി സ്വദേശിയായ അമീത് അഞ്ചുകൊല്ലമായി സ്ഥിരം അധ്യാപകനാണ്. ഇ.എം.എസിന്റെ മകനും കേരളത്തിലെ ആസൂത്രണബോർഡ് അംഗവുമായിരുന്ന പരേതനായ ഇ.എം. ശ്രീധരന്റെയും എം.പി. യമുനയുടെയും മകനാണ്. ഫീസ് വർധനയിൽ സമാധാനപരമായി പ്രതിഷേധം നടത്തിവരുന്ന വിദ്യാർഥികൾക്കുനേരെ കഴിഞ്ഞ ഏതാനുംദിവസങ്ങളായി കാമ്പസിൽ കൈയേറ്റം നടന്നുവരുകയാണെന്നും അധ്യാപക അസോസിയേഷന്റെ മുൻ ജനറൽസെക്രട്ടറികൂടിയായ അമീത് പറഞ്ഞു. ഇതിനെതിരേയാണ് അധ്യാപകസംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ച 'പീസ് മാർച്ച്' സംഘടിപ്പിച്ചത്. “പെരിയാർ ഹോസ്റ്റലിന്റെ ഭാഗത്ത് അക്രമികൾ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ജാഥ അവസാനിച്ചശേഷവും ഞങ്ങൾ സാബർമതി ഹോസ്റ്റലിനു സമീപത്തെ ടി. പോയന്റിൽ കൂട്ടമായിനിന്നു. പെരിയാർ ഹോസ്റ്റലിന്റെ സമീപത്തേക്ക് സൈക്കിളിൽപോയ ഒരധ്യാപകനെ അക്രമികൾ അടിച്ചു. അല്പനേരത്തിനുശേഷം കല്ലെറിഞ്ഞുകൊണ്ട് അവർ ഞങ്ങൾക്കുനേരെ എത്തുകയായിരുന്നു. തലയ്ക്കുഗുരുതരമായി പരിക്കേറ്റ പ്രൊഫ. സുചാരിത സെന്നിനെ ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ, ഒരു പെൺകുട്ടിയെ അക്രമികൾ ഓടിച്ചിട്ട് മർദിക്കുന്നതും കണ്ടു. ജെ.എൻ.യു. അധികൃതരുടെ ഒത്താശയോടെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ ആക്രമണം നടത്തിയത്” -അമിത് ആരോപിച്ചു. പീസ് മാർച്ച് നടക്കുന്ന സമയത്ത് കാമ്പസിൽ പോലീസിന്റെ ട്രക്ക് എത്തിച്ചേർന്നിരുന്നെന്നും എന്നാൽ, ആക്രമണമുണ്ടായ സമയത്ത് പോലീസുകാരോ സുരക്ഷാ ജീവനക്കാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആക്രമണം നേരിട്ട ഗവേഷകവിദ്യാർഥി അമൽ പറഞ്ഞു. കശ്മീരി വിദ്യാർഥികളുടെ മുറികളിലേക്കും വനിതാഹോസ്റ്റലിലേക്കും ആണുങ്ങൾ ഉൾപ്പെടെയുള്ള സംഘം അതിക്രമിച്ചുകയറി. ആക്രമണം നടന്ന സമയത്ത് പരിസരത്തെ തെരുവുവിളക്കുകൾ കത്തിയിരുന്നില്ലെന്നും ആശുപത്രിയിലേക്കു പോകാനിറങ്ങിയപ്പോൾ കാമ്പസിന്റെ പ്രധാന കവാടങ്ങളുടെ പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ മലയാളിവിദ്യാർഥികൾ ന്യൂഡൽഹി: എറണാകുളം സ്വദേശിയും ജെ.എൻ.യു. വിദ്യാർഥിസംഘടനാ മുൻ വൈസ് ചെയർമാനുമായ അമൽ പി.പി.(പിഎച്ച്.ഡി. വിദ്യാർഥി, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്), കോട്ടയം സ്വദേശി നിഖിൽ മാത്യു (രണ്ടാംവർഷ എം.എ. വിദ്യാർഥി, സെന്റർ ഫോർ ലേബർ സ്റ്റഡീസ്), കോഴിക്കോട് സ്വദേശി ഷിൻജിത് (ബി.എ. ഫ്രഞ്ച്, രണ്ടാം വർഷം), കോഴിക്കോട് സ്വദേശി സൂരി കൃഷ്ണൻ (എം.എ. ലിംഗ്വിസ്റ്റിക്സ് രണ്ടാം വർഷം), ഐശ്വര്യ പ്രതാപ്.
from mathrubhumi.latestnews.rssfeed https://ift.tt/2QsQuH6
via
IFTTT
No comments:
Post a Comment