പാലക്കാട്: ഫുട്ബോൾ മത്സരത്തിനായി ഒരുക്കിയ ഗാലറി ഞായറാഴ്ച രാത്രി തകർന്നുവീണ് അറുപതോളം പേർക്ക് പരിക്കേറ്റു. നൂറണി ടർഫ് സ്റ്റേഡിയത്തിൽ പ്രമുഖ ഫുട്ബോൾ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐ.എം. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കാനിരുന്ന പ്രദർശനമത്സരം തുടങ്ങുന്നതിന് നിമിഷങ്ങൾക്കുമുമ്പാണ് സ്റ്റേഡിയത്തിന് കിഴക്കുവശത്ത് കാണികൾ തിങ്ങിനിറഞ്ഞ ഗാലറി തകർന്നുവീണത്. രണ്ടാംതവണയാണ് നൂറണിയിൽ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ഗാലറി വീഴുന്നത്. അന്തരിച്ച മുൻ ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായാണ് കെ.എഫ്.എ. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചത്. പരിക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നാലുപേരുടെ കാലിനും കൈക്കും പൊട്ടലുണ്ട്. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഇബ്രാഹിം, ഉമ്മർ എന്നിവർക്കാണ് അസ്ഥിക്ക് പൊട്ടലേറ്റത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് മത്സരം ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോൾ മത്സരം സെലിബ്രിറ്റി താരങ്ങൾ എത്താൻ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു. ചടങ്ങിൽ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠൻ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂർണമായും തകർന്നുവീണത്. ബലപ്പെടുത്താത്ത ഗാലറിയിൽ അറുന്നൂറിലേറെപ്പേർ കമുക് ഉപയോഗിച്ച് നിർമിച്ച ഗാലറിയുടെ നിർമാണം മുക്കാൽഭാഗം മാത്രമാണ് പൂർത്തിയായിരുന്നത്. ഇതിനാൽ കാലുകളിൽ കമുകുപലകകൾ ബലപ്പെടുത്തി കെട്ടിയിരുന്നില്ല. ഒരാഴ്ചമുമ്പാണ് ഗാലറിനിർമാണം തുടങ്ങിയതെന്നും ധൃതിപിടിച്ച് സുരക്ഷ ഉറപ്പാക്കാതെ നടത്തിയ നിർമാണം അവസാനനിമിഷവും പൂർത്തിയാക്കാനാവാത്തതാണ് അപകടത്തിനിടയാക്കിയതെന്നും കാണികൾ പറഞ്ഞു. ഗാലറിയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വൊളന്റിയർമാരെ നിയമിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. അറുന്നൂറിലേറെ ആളുകൾ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പരിചയസമ്പന്നരായ പണിക്കാരെയാണ് ചുമതല ഏൽപ്പിച്ചിരുന്നതെന്ന് കെ.എഫ്.എ. ജില്ലാപ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. Content Highlights:palakkad noorani dhanaraj football; gallery collapsed and 60 injured
from mathrubhumi.latestnews.rssfeed https://ift.tt/2G5OX3R
via
IFTTT
No comments:
Post a Comment